ന്യൂഡല്‍ഹി: ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി നടത്താനിരുന്ന അത്താഴ വിരുന്നില്‍ നിന്ന് പിന്മാറി കേരള-ബംഗാള്‍-ഗോവ ഗവര്‍ണര്‍മാര്‍. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കെ ഡിന്നര്‍ വിവാദമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം. രാജ്ഭവനില്‍ കുടുംബ സമേതം ആഴ്ചകള്‍ക്ക് മുമ്പ് എത്തിയായിരുന്നു മുഖ്യമന്ത്രി രാജേന്ദ്ര ആര്‍ലേക്കറെ ഡിന്നറിന് ക്ഷണിച്ചിരുന്നത്.

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെയും ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെയും മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് ക്ഷണിച്ചത്. ആദ്യം അത്താഴത്തിന് വരാന്‍ ഗവര്‍ണര്‍മാര്‍ ഒരുക്കമായിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പച്ചക്കൊടി നല്‍കിയില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കേന്ദ്ര ഏജന്‍സിയായ എസ് എഫ് ഐ ഒ അന്വേഷിച്ച കേസില്‍ കുറ്റപത്ര പ്രകാരം പ്രതിയാണ്. വീണയ്‌ക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നു. സിബിഐയും എത്താന്‍ സാധ്യതയുണ്ട്. കേസില്‍ പ്രതിയായ വ്യക്തിയ്‌ക്കൊപ്പം ഗവര്‍ണ്ണര്‍മാര്‍ വിരുന്നില്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന.

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആണ് ആദ്യം മുഖ്യമന്ത്രിയോട് 'നോ' പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കിടെ ഡിന്നര്‍ തെറ്റായ വ്യഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് ഗവര്‍ണര്‍മാര്‍ വിലയിരുത്തി എന്നാണ് സൂചന. ഡല്‍ഹിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും പങ്കെടുത്ത ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് ഒത്ത് തീര്‍പ്പിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മലയാളികളായ ഗവര്‍ണര്‍മാര്‍ക്കെല്ലാം കൂടി ഡിന്നര്‍ നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം എത്തിയത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഈയിടെയാണ് കഴിഞ്ഞത്.

അതില്‍ മലയാളിയായ എംഎ ബേബി ജനറല്‍ സെക്രട്ടറിയായി. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം സിപിഎമ്മിന്റെ പരമോന്നത പദവിയില്‍ എത്തുന്ന നേതാവാണ് ബേബി. കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് ഭരണമുള്ളത്. എന്നിട്ടും ബേബിയെ മുഖ്യമന്ത്രി ക്ഷണിച്ച് വേണ്ട രീതിയില്‍ ആദരിച്ചില്ലെന്ന പരാതി സിപിഎമ്മില്‍ സജീവമാണ്. ബേബിയെ ഡിന്നറിനും പിണറായി ഇതുവരെ ക്ഷണിച്ചില്ല. ഇതിനിടെയാണ് 27ന് ഗവര്‍ണര്‍മാര്‍ക്ക് വേണ്ടി ഡിന്നര്‍ ഒരുക്കാന്‍ തീരുമാനിച്ചത്. ഇതൊന്നും സിപിഎം മുഖ്യമന്ത്രിമാര്‍ ചെയ്യുന്ന പതിവുള്ള കാര്യങ്ങളല്ല. നിലവിലെ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ഗവര്‍ണ്ണര്‍മാര്‍ക്കെതിരെ കടുത്ത നിലപാടിലാണ് സിപിഎം. അതിനിടെ ബിജെപിക്കാരായ ഗവര്‍ണ്ണര്‍മാരെ ഡിന്നറിന് മുഖ്യമന്ത്രി ക്ഷണിച്ചത് സിപിഎമ്മിന് നാണക്കേടായി മാറുമായിരുന്നു. എന്നാല്‍ വീണാ വിജയനൊപ്പം ആഹാരം കഴിക്കേണ്ടി വരുമെന്ന ഭയത്തില്‍ ഗവര്‍ണ്ണര്‍മാര്‍ പിന്മാറുന്നു. ഇതോടെ ആ തലവേദന സിപിഎമ്മിന് ഒഴിയുകയാണ്.

ന്മ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു ക്ലിഫ് ഹൗസില്‍ നടത്താനിരുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വിരുന്ന് തെറ്റായ സന്ദേശം നല്‍കുമെന്ന് വിലയിരുത്തിയാണ് രാജ്ഭവന്റെ നടപടി. മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തിയാണ് ഗവര്‍ണറെ വിരുന്നിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഗവര്‍ണര്‍ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ രാജ്ഭവന്‍ അറിയിക്കുകയായിരുന്നു. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ആനന്ദബോസ് ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ അത്താഴ വിരുന്നൊരുക്കിയതിന്റെ സാങ്കിതകത സിപിഎം കേന്ദ്ര നേതൃത്വത്തിനും പിടികിട്ടിയിട്ടില്ല.