കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ സഖ്യമുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനും മുസ്ലിം സമൂഹത്തിനുമിടയില്‍ ഒരു വിടവ് സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ മുസ്ലിം സമുദായം ജമാ അത്തെ ഇസ്ലാമിയുടെ ആ കെണിയില്‍ വീണിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ മുസ്ലിങ്ങളിലെ പ്രബല വിഭാഗം സുന്നികളാണ്. അവര്‍ ജനാധിപത്യ പ്രക്രിയയെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ ജമാ അത്തെ ഇസ്ലാമിയെ അംഗീകരിച്ചിട്ടില്ല. എപ്പോഴൊക്കെ യുഡിഎഫ് ദുര്‍ബലമാകുന്നു അല്ലെങ്കില്‍ കുഴപ്പത്തില്‍ ചാടുന്നു അപ്പോഴൊക്കെ സഹായവുമായി ജമാ അത്തെ ഇസ്ലാമി വരുന്നു. മുമ്പ് ഈ പിന്തുണ രഹസ്യമായിട്ടായിരുന്നെങ്കില്‍, ഇപ്പോള്‍ ഇത് പരസ്യമായിട്ടാണ്. മുന്‍കാലത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയുമായി സഹകരിച്ചുപോരുകയാണ്. മുമ്പ് രഹസ്യമായിട്ടായിരുന്നെങ്കില്‍, ഇപ്പോള്‍ പരസ്യമായിട്ടാണെന്ന് മാത്രം. തെറ്റായതും വ്യാജവുമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ കഴിവുള്ള ശക്തരായ ബുദ്ധിജീവികളും സംഘടനാ സംവിധാനവും ജമാ അത്തെ ഇസ്ലാമിക്കുണ്ട്. എന്നാല്‍ ഇന്നത്തെ സമൂഹത്തിന് ഇതൊക്കെ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസുമായി സഹകരിക്കുന്നു എന്നു കുറ്റപ്പെടുത്തുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം, ആര്‍എസ്എസുമായുള്ള സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായവരില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മുകാരാണ്. അത് ഇപ്പോഴും തുടരുകയാണ്. ആര്‍എസ്എസിനും ജമാ അത്തെ ഇസ്ലാമിക്കും ഒന്നാം നമ്പര്‍ ശത്രു പിണറായി വിജയന്‍ ആണല്ലോയെന്ന ചോദ്യത്തിന്, അതിനുള്ള ഉത്തരം വളരെ ലളിതമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞങ്ങളാണ് യഥാര്‍ത്ഥ മതനിരപേക്ഷവാദികള്‍. നമ്മള്‍ മതേതരത്വത്തിന്റെ വക്താക്കളാകുമ്പോള്‍, എല്ലാ വര്‍ഗീയ ശക്തികളും നമ്മളെ എതിര്‍ക്കും. മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ആര്‍എസ്എസ് ഗൗരവമായ ശ്രമമാണ് നടത്തുന്നത്. ഒരു പ്രത്യേക സംഘടന തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായുള്ള പ്രചാരണത്തിനായി നല്ല പിന്തുണയും ഫണ്ടും ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് 2016ല്‍ അധികാരത്തിലെത്തി ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ രാഷ്ട്രീയ അഴിമതി തുടച്ചുനീക്കുന്നതില്‍ റെക്കോഡ് നേട്ടമെന്നാണ് പിണറായി അവകാശപ്പെടുന്നത്. ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരുകളിലെ മന്ത്രിമാര്‍ക്കെതിരെ കഴമ്പുള്ള ഒരു അഴിമതിയാരോപണംപോലും തെളിയിക്കാന്‍ പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ കഴിഞ്ഞില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആരോപണങ്ങള്‍ കോടതികള്‍തന്നെ കുട്ടയിലിട്ടു. മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് കൊണ്ടുവന്ന സ്വര്‍ണക്കടത്തുകേസ് വഴിതിരിച്ച് ബിരിയാണിച്ചെമ്പിലും ഖുറാനിലും ഈന്തപ്പഴത്തിലുമായി കഥകള്‍ മെനഞ്ഞെങ്കിലും പിന്നെ മിണ്ടാട്ടമില്ലാതായി. സിഎംആഎല്‍ കേസിലും ഒന്നും കണ്ടെത്താനായില്ലെന്ന് ദേശാഭിമാനിയും വിശദീകരിക്കുന്നത്.

ഡോക്ടര്‍മാരുള്‍പ്പെടെ കോവിഡ് പോരാളികളെ സംരക്ഷിക്കാന്‍ അടിയന്തര സാഹചര്യത്തില്‍ ഉയര്‍ന്ന തുക നല്‍കി പിപിഇ കിറ്റ് വാങ്ങി. ലോകയുക്തയില്‍ സര്‍ക്കാര്‍ മറുപടി നല്‍കി. അഴിമതി കണ്ടെത്താനായില്ല. റോഡ് അപകടംകുറയ്ക്കാനും കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനും സ്ഥാപിച്ച എഐ ക്യാമറ ഇടപാടില്‍ വി ഡി സതീശനും രമേശ് ചെന്നിത്തലയും അഴിമതിയാരോപിച്ചു. ക്യാമറ സ്ഥാപിച്ച കെല്‍ട്രോണിന് തുക കൊടുക്കരുതെന്ന് പറഞ്ഞ് ഇരുവരും നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും തുക നല്‍കാമെന്നും- ഹൈക്കോടതി പറഞ്ഞു.-ഇതാണ് സിപിഎം അവകാശ വാദം. കിഫ്ബി മുഴുവന്‍ അഴിമതിയാണെന്നും മസാല ബോണ്ട് നിയമവിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അഴിമതിയാരോപണങ്ങള്‍ക്ക് തെളിവില്ലായിരുന്നു. മസാല ബോണ്ട് നിയമപരമാണെന്നും ആര്‍ബിഐ യുടെ അംഗീകാരത്തോടെയുള്ളതാണെന്നും കോടതി വ്യക്തമാക്കി. പാലക്കാട് എഥനോള്‍ നിര്‍മാണ പ്ലാന്റിന് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ആരോപണമുയര്‍ത്തി. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള സ്പിരിറ്റ് ലോബിക്കായാണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതെന്ന് തെളിഞ്ഞു. ഇതോടെ ആരോപണങ്ങളില്‍നിന്ന് പിന്മാറിയെന്നും സിപിഎം ഫറയുന്നു.

അനില്‍ അംബാനിയുടെ റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് അനുകൂലമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അനധികൃതമായി നിക്ഷേപം നടത്തിയെന്ന് ആരോപണവും സിപിഎം തള്ളുന്നു. ഫിനാന്‍ഷ്യല്‍ കോര്‍പറേഷന് ചട്ടം അനുസരിച്ച് നിക്ഷേപം നടത്താനുള്ള അനുവാദമുണ്ട്. എ എ' റേറ്റിങ്ങുള്ള സ്ഥാപനങ്ങളില്‍നിന്ന് പലിശ സംബന്ധിച്ച് ക്വട്ടേഷന്‍ വിളിച്ചുവേണം നിക്ഷേപം നടത്താനെന്ന നിബന്ധന കെഎഫ്സി പാലിച്ചിട്ടുണ്ട്. ഇത് തെളിഞ്ഞതോടെ ആരോപണം ഉപേക്ഷിച്ചു. കെ ഫോണ്‍ പദ്ധതിക്കായി ടെണ്ടര്‍ വിളിച്ചതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ടെണ്ടര്‍ തടയണമെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജി ആവശ്യമില്ലാത്തതെന്നും ടെണ്ടറുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയെന്നും സിപിഎം വിശദീകരിക്കുന്നു.