തൃശൂര്‍ : മുരിങ്ങൂരും പോട്ടയും ചാലക്കുടിയും കടന്ന് തൃശൂരിലെത്തുക വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം വലിയ ഗതാഗത കുരുക്കാണ് ഇവിടെ ഉണ്ടായത്. മണിക്കൂറുകള്‍ ആളുകള്‍ വണ്ടിയില്‍ കുടുങ്ങി. ഈ സാഹചര്യത്തില്‍ തല്‍കാലം മുഖ്യമന്ത്രി തൃശൂരിലേക്ക് ഇല്ല. കൃഷിവകുപ്പിന്റെ കര്‍ഷകദിനാഘോഷമടക്കം വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിന് ഇന്നു ജില്ലയിലേക്കു മുഖ്യമന്ത്രി നടത്താനിരുന്ന യാത്ര റദ്ദാക്കി. ഉദ്ഘാടനങ്ങള്‍ ഓണ്‍ലൈനായി നിര്‍വഹിക്കാനാണു തീരുമാനം.

മോശം കാലാവസ്ഥ, റോഡുകളുടെ ദുരവസ്ഥ തുടങ്ങി യാത്ര റദ്ദാക്കലിനു പല കാരണങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്ടര്‍ ഉണ്ട്. എന്നാല്‍ ഇതും തല്‍കാലം ഉപയോഗിക്കില്ല. തൃശൂരിലെ എല്ലാ റോഡുകളും തകര്‍ന്നു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹെലികോപ്ടറില്‍ എത്തിയാലും കുണ്ടും കുഴിയുമുള്ള റോഡിലൂടെ യാത്ര ചെയ്യേണ്ടി വരും. മോശം കാലാവസ്ഥ കാരണം ഹെലികോപ്ടര്‍ യാത്രയ്ക്ക് മറ്റ് ചില പ്രശ്‌നങ്ങളുമുണ്ട്. കനത്ത മഴയുണ്ടായാല്‍ ആകാശത്തിലൂടേയും യാത്ര സാധ്യമാകില്ല. കൊച്ചിയില്‍ നിന്നും തൃശൂരിലേക്കുള്ള ദേശീയ പാതയില്‍ പലയിടത്തും പണിയാണ്. ഇതിന് വേണ്ട ഏകോപനവുമില്ല. ഇതു കാരണമാണ് യാത്ര ദുരിതത്തിലാകുന്നത്.

ദേശീയപാത നിര്‍മ്മാണം നടത്തുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ഇതില്‍ വ്യക്തമായ ഏകോപനം നടത്താറുണ്ടെന്ന് മുമ്പ് പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എന്നാല്‍ ഒരു ഏകോപനവുമില്ലാത്തതിന് തെളിവാണ് റോഡിലെ ട്രാഫിക് കുരുക്ക്. മുഖ്യമന്ത്രിക്ക് പോലും കടന്നു പോകാന്‍ കഴിയാത്ത വണ്ണം ഗതാഗത കുരുക്ക് ഈ റോഡിലുണ്ട്. മാസങ്ങളായി തൃശൂരിലെ പല റോഡിലും സമാന സ്ഥിതിയുണ്ട്. കുണ്ടിലും കുഴിയിലും വീണ് ആളുകള്‍ മരിക്കുകയും ചെയ്യുന്നു. അങ്ങനെ കേരളത്തിലെ റോഡ് യാത്ര മഴക്കാലമായതോടെ കൂടുതല്‍ ദുരിതമായി മാറി. പൊതുമരാമത്ത് വകുപ്പിന്റെ അതിവേഗ ഇടപെടല്‍ ഇക്കാര്യങ്ങളില്‍ അനിവാര്യതയായി മാറുകയാണ്.

തേക്കിന്‍കാട് മൈതാനത്തു കര്‍ഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, സാഹിത്യ അക്കാദമിയില്‍ രാജ്യാന്തര സാഹിത്യോത്സവ ഉദ്ഘാടനം, ഹോട്ടല്‍ ദാസ് കോണ്ടിനെന്റലില്‍ കുവൈത്ത് കലാ ട്രസ്റ്റ് പുരസ്‌കാര സമര്‍പ്പണം എന്നിവയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടികള്‍. ഇന്നലെ രാത്രി എട്ടരയോടെ തൃശൂരില്‍ എത്തുമെന്നായിരുന്നു പൊലീസിനടക്കം ലഭിച്ച അറിയിപ്പ്. ഇതു പ്രകാരം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍, രാത്രിയാത്ര റദ്ദാക്കിയതായി വൈകിട്ടോടെ പൊലീസിനു വിവരം ലഭിച്ചു.

ഇന്നു രാവിലെ എത്താനുള്ള സാധ്യത സംഘാടകര്‍ പ്രതീക്ഷിച്ചെങ്കിലും ഓണ്‍ലൈനായി മാത്രമേ പങ്കെടുക്കൂ എന്ന വിവരം പിന്നീടു കൈമാറി. ഇതോടെ ചിങ്ങപുലരയില്‍ തൃശൂരില്‍ പിണറായി ഉണ്ടാകില്ലെന്നും ഉറപ്പായി. കാര്‍ഷകദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11-ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കും. 8.30-ന് തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ പരിപാടികള്‍ക്കു തുടക്കംകുറിക്കും. തുടര്‍ന്ന് 'കേരപദ്ധതി' എന്ന വിഷയത്തില്‍ കര്‍ഷക സെമിനാര്‍ നടക്കും.

11ന് കര്‍ഷകദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു, മേയര്‍ എം.കെ. വര്‍ഗീസ്, എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കര്‍ഷകര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.