- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും ശിപാര്‍ശ ചെയ്യാം; വന്യജീവികളെ 'ക്ഷുദ്രജീവി'യാക്കുന്ന അധികാരം ഏറ്റെടുക്കും; മലയോരത്തെ അടുപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍; ബില്‍ അംഗീകരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: മലയോരത്തെ ചേര്‍ത്ത് നിര്‍ത്താന്‍ പുതിയ നിയമ നിര്‍മ്മാണത്തിന് പിണറായി സര്‍ക്കാര്‍. അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും ശിപാര്‍ശ ചെയ്യാമെന്ന തരത്തില്‍ നിയമ മാറ്റം കൊണ്ടു വരും. മലയോരത്ത് നിലനില്‍ക്കുന്ന വന്യജീവി പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനാണ് ഇത്. മലയോരത്തെ ക്രൈസ്തവ വിഭാഗങ്ങളെ സര്‍ക്കാരുമായി ചേര്‍ത്ത് നിര്‍ത്താനാണ് ശ്രമം. അടുത്ത മാസം നടക്കുന്ന ന്യൂനപക്ഷ സെമിനാറിന് മുമ്പ് ഈ നിയമം നിലവില്‍ വരും. ഇതു സംബന്ധിച്ച കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന സംസ്ഥാനത്തിന്റെ കരട് ബില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു എത്തും. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് മനുഷ്യജീവന് സുരക്ഷ നല്കാന്‍ കഴിയുന്ന വിധത്തില്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം. വന്യമൃഗങ്ങളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന നയം കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിരുന്നു. കാട്ടുപന്നിയെ സ്‌ഫോടകവസ്തുവോ വൈദ്യുതിയോ ഉപയോഗിക്കാതെ ഏതുവിധേനയും കൊല്ലാനുള്ള അനുവാദം കര്‍ഷകര്‍ക്ക് നല്‍കണം, കൃഷിനാശം നേരിട്ടവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം വേഗത്തിലാക്കണമെന്നും മലയോര കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചിരുന്നു. കുറച്ചുവര്‍ഷങ്ങളായി മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടിവരുന്നു.
നാല് വര്‍ഷത്തിനിടയില്‍ രാജ്യത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മാത്രം 2100 ലേറെ പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഇതിന്റെ എത്രയോ ഇരട്ടിയാണ്. ആന, കടുവ, പുലി, പന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളാണ് കൂടുതല്‍ ആക്രമണകാരികളായത്. കൂടുതല്‍ വനമേഖലയും വനത്തോടനുബന്ധിച്ച ജനസാന്ദ്രതയേറിയ പ്രദേശങ്ങളുമുള്ളതിനാല്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് അധികം ഇരയാകുന്ന സംസ്ഥാനമാണ് കേരളം. വര്‍ഷം ശരാശരി 40 ലേറെ പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാര്‍ നിയമ ഭേദഗതിയ്ക്ക് തീരുമാനിക്കുന്നത്.
കാട്ടുപന്നി, കുരങ്ങ് തുടങ്ങി വന്‍തോതില്‍ പെറ്റുപെരുകുന്ന വന്യജീവികളെ 'ക്ഷുദ്രജീവി'യായി പ്രഖ്യാപിക്കാനുള്ള അധികാരം ഏറ്റെടുക്കുന്നതായും പുതിയ നിയമം എന്നും സൂചനയുണ്ട്. ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തിലാണിത്. നിയമസഭ പ്രമേയം പാസാക്കി 'ക്ഷുദ്രജീവി' പ്രഖ്യാപനം നടത്തുന്നതടക്കം കേന്ദ്ര വന്യജീവിസംരക്ഷണ നിയമത്തില്‍ സംസ്ഥാനം ഉദ്ദേശിക്കുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരടുബിലാണ് മന്ത്രിസഭ പരിഗണിക്കുക. ജനങ്ങള്‍ കൂടുന്ന പൊതുഇടങ്ങളില്‍ വന്യജീവികള്‍ കടക്കുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്താല്‍ അവയെ കൊല്ലാനോ മയക്കുവെടിവച്ചു പിടിക്കാനോ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ അധികാരപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
പാര്‍ലമെന്റ് നിയമം പാസാക്കിയ 1972ല്‍ വനവും വന്യജീവിയും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍ ആയിരുന്നു. എന്നാല്‍, 1977 മുതല്‍ വനങ്ങളും വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണവും എന്ന വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ ആയതിനാല്‍ ഭേദഗതിക്കുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടോ എന്ന കാര്യല്‍ നിയമോപദേശം അടക്കം തേടിയിരുന്നു. അതിന് ശേഷമാണ് ബില്ലുമായി മുമ്പോട്ട് പോകുന്നത്. 'മനുഷ്യജീവന് അപകടകാരിയായ വന്യജീവി' എന്നുള്ള കേന്ദ്രനിയമത്തിലെ പ്രയോഗത്തിനു വ്യക്തതയില്ലാത്തതിനാല്‍ വനത്തിനും സംരക്ഷിതമേഖലകള്‍ക്കും പുറത്തുവന്നു മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന വ്യവസ്ഥ കൊണ്ടുവരുന്ന തരത്തിലാകും ഭേദഗതി. അതീവ പ്രാധാന്യമുള്ളതും രണ്ടാം പട്ടികയില്‍പെട്ടതുമായ വന്യജീവികളുടെ എണ്ണം ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാനുള്ള നടപടിക്ക് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ അധികാരപ്പെടുത്തുമെന്നും സൂചനകളുണ്ട്.
വനമേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അവരുടെ സ്വത്തും വിളയും നശിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നു. വര്‍ധിച്ചുവരുന്ന വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നത് തടയാന്‍ പരിമിതിക്കുള്ളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സോളാര്‍ വൈദ്യുതിവേലി, കിടങ്ങ് നിര്‍മാണം, അതിര്‍ത്തിമതിലുകള്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഇതുകൊണ്ടുമാത്രം തടയാനാകുന്നില്ല. മനുഷ്യനിര്‍മിതമായ ആവാസ വ്യവസ്ഥയുടെ സമ്മര്‍ദങ്ങളും ഭൂപ്രകൃതിയിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ പ്രധാനകാരണം.
ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയാണ് സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിന് 10 മിഷനുകള്‍ക്ക് വനംവകുപ്പ് രൂപം നല്‍കിയത്. അതും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതി.