കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തില്‍ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസാധാരണമായ പ്രതിഷേധ നാടകങ്ങള്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പാര്‍ട്ടി മുഖപത്രങ്ങള്‍ക്കും ചാനലുകള്‍ക്കും മാത്രം മുന്‍ഗണന നല്‍കുന്നു എന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. 'ഇത് മോശമാണ് സിഎമ്മേ... കൈരളിയുടേയും ദേശാഭിമാനിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായി വിളിച്ചുപറഞ്ഞതോടെ വാര്‍ത്താസമ്മേളനം സംഘര്‍ഷഭരിതമായി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കാനും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സി.പി.എം അനുഭാവമുള്ള മാധ്യമങ്ങള്‍ക്ക് മാത്രം ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്നുവെന്നും മറ്റുള്ളവരെ അവഗണിക്കുന്നുവെന്നും പ്രതിഷേധിച്ചവര്‍ ആരോപിച്ചു. മുഖ്യമന്ത്രി മറുപടി നല്‍കാതെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദേശാഭിമാനിയില്‍ നിന്നും കൈരളിയില്‍ നിന്നും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് ഏഴു പേരുണ്ടായിരുന്നു. ഇവരുടെ ചോദ്യങ്ങള്‍ ആദ്യം വരും. പിന്നീട് സമയമായെന്ന് പറഞ്ഞ് പിണറായി പോകും. എസ് ഡി പി ഐയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് ഇയാള്‍ക്ക് എന്തോ സൂക്കേടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് പ്രസക്തി ഏറെയായിരുന്നു.

കൊല്ലത്തെ വാര്‍ത്താസമ്മേളനത്തിലും നാടീകയ സംഭവങ്ങള്‍ ഉണ്ടായി. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങിയ മുഖ്യമന്ത്രി വീണ്ടും തിരിച്ചെത്തി മൈക്കിന് മുന്നിലിരുന്നു. മൂന്ന് ചോദ്യങ്ങള്‍ക്കുശേഷം മുഖ്യമന്ത്രി എഴുന്നേറ്റ് പോകാന്‍ ഒരുങ്ങിയതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരിച്ച് വന്നിരുന്ന് മറുപടി നല്‍കുകയായിരുന്നു. ചോദ്യം മനസിലുണ്ടായല്‍ പോരെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ-സിപിഐ ഡീല്‍ ആരോപണമടക്കമുള്ള ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാന്‍ ശ്രമിച്ചത്.

മുഖ്യമന്ത്രി പത്ര സമ്മേളനം നിര്‍ത്തി പോയതോടെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംവാദം വേണമെന്നു പറയുന്ന മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പത്ത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിട്ട മുഖ്യമന്ത്രി, അതിലെ പാളിച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളെ ഭയപ്പെടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേമത്തെ സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയും മുഖ്യമന്ത്രിയും ഒരേപോലെ സംവാദ വെല്ലുവിളി നടത്തുമ്പോഴും, മാധ്യമങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ഇരട്ടത്താപ്പാണെന്ന് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. വികസന ചര്‍ച്ചകള്‍ക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള സമീപനവും ഇപ്പോള്‍ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. എല്ലാ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. നാളെയും എത്തും. ഈ സാഹചര്യത്തില്‍ നാളെ മുഖ്യമന്ത്രി എന്തു പറയുമെന്നത് നിര്‍ണ്ണായകമാണ്.