കണ്ണൂര്‍: സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ നിരന്തരം ആരോപണം അഴിച്ചു വിടുന്ന പി.വി അന്‍വറിന് പിന്നില്‍ അവിശുദ്ധ ഐക്യമുന്നണിയാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ആരോപണത്തിനെതിരെ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എയും രംഗത്തുവന്നു.


'ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം. ലീഗും കോണ്‍ഗ്രസും ചേര്‍ന്ന അവിശുദ്ധ മുന്നണിയാണ് അന്‍വറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ സഖ്യം ഇടതുസര്‍ക്കാരിനും പാര്‍ട്ടിക്കു മെതിരെ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്നലെ കോഴിക്കോട് നടന്ന അന്‍വറിന്റെ പൊതുയോഗത്തില്‍ മുന്നൂറ് പേരാണ് ഉണ്ടായിരുന്നത്. ഈ കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ കണക്കുണ്ട്. ഇതില്‍ ഒരാള്‍ മൂന്ന് വര്‍ഷം മുന്‍പെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഏരിയാ കമ്മിറ്റി അംഗമാണ്. മറ്റൊരാള്‍ സംഘടനയില്‍ നിന്നും പുറത്താക്കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും അല്ലാതെ മറ്റാരും അന്‍വറിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കോഴിക്കോട് പൊതുസമ്മേളനം നടത്തിയ ശേഷം തൊണ്ടവേദനയായതിനാല്‍ ഇനി പൊതുസമ്മേളനങ്ങള്‍ ഇപ്പോഴില്ലെന്നാണ് അന്‍വര്‍ പറയുന്നത്. അന്‍വറെക്കാള്‍ വലിയ കരുത്തുള്ളവര്‍ വെല്ലുവിളിച്ചിട്ടും ഒരു കുലുക്കവും സംഭവിക്കാത്ത പാര്‍ട്ടിയാണിതെന്ന് ഓര്‍ക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങള്‍ സാമാന്യജനങ്ങളെ അണിനിരത്തി നേരിടും. ഈ കാര്യത്തില്‍ കോടിയേരി കാണിച്ച മാതൃക പാര്‍ട്ടിയൊറ്റക്കെട്ടായി പിന്‍തുടരുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. അനുസ്മരണ സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ അദ്ധ്യക്ഷനായി എം.വി ജയരാജന്‍ സ്വാഗതം. പറഞ്ഞു. പുഷ്പാര്‍ച്ചനയ്ക്ക് പി.ബി അംഗംവൃന്ദാ കാരാട്ട്, പി.കെ.ശ്രീമതി, കെ.കെ ശൈലജ , പി.ജയരാജന്‍, പി.ശശി, എം.വി ജയരാജന്‍,കോടിയേരിയുടെ സഹധര്‍മ്മിണി വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഈ ചടങ്ങിന് ശേഷമാണ് അന്‍വര്‍ പ്രതികരണവുമായി എത്തിയത്.

ഈ സംഘടനകള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോ?. പൊതുയോഗത്തില്‍ പങ്കെടുത്തത് വര്‍ഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരില്‍ കാണും. സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയില്‍ നേരത്തെ കാണാന്‍ കഴിയാതിരുന്നത് തന്റെ ഭാഗത്തെ വീഴ്ച്ചയാണെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണ്. പരിശുദ്ധനാണ്. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ ഹിന്ദു പത്രത്തിലെ ലേഖനത്തിനെതിരേയും അന്‍വര്‍ പ്രതികരിച്ചു. മാറുന്ന പിണറായിയുടെ മുഖമാണ് കണ്ടത്. എന്തുകൊണ്ട് മലയാള പത്രങ്ങള്‍ക്ക് നല്‍കാതെ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കി ?മലപ്പുറം ക്രിമിനലുകളുടെ നാടെന്ന സന്ദേശം ദില്ലിയിലെത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുസ്ലിം വിരോധം പരസ്യമായി പറയുകയായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണ്. താന്‍ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് എം സ്വരാജ് പറയണം. എം സ്വരാജ് അതിരുവിട്ടു പോയാല്‍ താന്‍ അതിരും അതിരും വിട്ടു പറയും. അത് താങ്ങാന്‍ സ്വരാജിനും മറ്റു നേതാക്കളും കഴിയില്ല. പ്രതിനിധികളെ ഇറക്കുന്ന ക്യാപ്റ്റന്‍ ഇതൊക്കെ ആലോചിക്കണം. സംവിധാനങ്ങളാകെ വഷളാക്കരുത്. സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കാത്തത്. സിപിഎമ്മിന് ആര്‍എസ്എസ് ബന്ധത്തിലേക്ക് പോകണം. ഇതിനൊരു കാരണമുണ്ടാക്കുകയാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളാണ് തെരെഞ്ഞെടുപ്പില്‍ വലിയ തോല്‍വിയുണ്ടാക്കിയതെന്നും അന്‍വര്‍ പറഞ്ഞു.

ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം പി വി അന്‍വര്‍ വക്രീകരിച്ചു: എ കെ ബാലന്‍

മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖം പി വി അന്‍വര്‍ വക്രീകരിച്ചു എന്ന് എ കെ ബാലന്‍ പ്രതികരിച്ചു. അന്‍വര്‍ ഏത് വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കാനുള്ള പ്രവണതയുള്ള വ്യക്തിയാണ്. പാര്‍ട്ടി ഒന്നും ചെയ്തില്ലെന്ന് കള്ള പ്രചരണം അന്നവര്‍ നടത്തി. ഇത് കേരളം ജനത അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളൊട് പ്രതികരിച്ചു. 'അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയില്ല. ശക്തമായ നടപടി ഉണ്ടാകും. സഹരിക്കുകയാണ് വേണ്ടത്, അത് ഇല്ലെന്ന് പറയുകയാണ് അദ്ദേഹം. ആര്‍എസ്എസുകാര്‍ തലയ്ക്ക് വിലയിട്ട പിണറായിയെയാണ് ആര്‍എസ്എസ്- സംഘപരിവാറിന്റെ ആളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ ഹൃദയത്തില്‍ വലിയ സ്ഥാനം പിണറായിക്കുണ്ട്. ഇതില്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. അതിന്റെ അവസാനത്തെ കണ്ണിയാണ് അന്‍വര്‍'- എ കെ ബാലന്‍ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസും ഈ വിഷയത്തില്‍ അന്‍വറിനെതിരെ രംഗത്തു വന്നു.

മലപ്പുറത്തിന്റെ വികസനത്ത് പ്രധാന്യം നല്‍കുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇടതുപക്ഷ സര്‍ക്കാരുകളാണ് മലപ്പുറത്തിന് വേണ്ടി എന്നും പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ഇഎംഎസ് ഭരണകാലത്തെ തീരുമാനം അടക്കം ചൂണ്ടിക്കാട്ടി റിയാസ് വിശദീകരിച്ചു.