ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ദുബായ് യാത്ര വിവാദത്തിൽ. മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. യു.കെ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതിയും തേടിയിരുന്നു. അനുമതി തേടിയതിൽ ദുബായ് സന്ദർശനം ഉൾപ്പെട്ടിരുന്നില്ല.

യു.കെ, നോർവെ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി അവിടെനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്രമാണ് ദുബായ് സന്ദർശിക്കുന്നതിനും അനുമതി ആവശ്യപ്പെടുന്ന അപേക്ഷ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിക്കുന്നത്. ആ അപേക്ഷയിൽ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. എന്നാൽ മുഖ്യമന്ത്രി ദുബായിൽ എത്തുകയും ചെയ്തു. ഇതോടെ മുൻകൂട്ടി അനുമതി വാങ്ങാതെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിമാർ വിദേശ യാത്രകൾ നടത്തുമ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. ഇതിൽ വീഴ്ച സംഭവിച്ചാലും തുടർ നടപടികളൊന്നും ഉണ്ടാകില്ല. പ്രോട്ടോകോൾ ലംഘനമുണ്ടായാലും അതൊരു ഗുരുതര വീഴ്ചയായി കണക്കാക്കാറില്ല. അതുകൊണ്ട് തന്നെ പിണറായിക്കെതിരെ നടപടിയൊന്നും ആരും എടുക്കില്ല. മുഖ്യമന്ത്രി ശനിയാഴ്ച പുലർച്ചെ കേരളത്തിൽ മടങ്ങിയെത്തും എന്നതൊഴികെ ദുബായ് പരിപാടികളെക്കുറിച്ച് അറിയിപ്പുകളൊന്നും ഇന്നലെയും ഉണ്ടായില്ല. 'റോഷാക്' സിനിമയുടെ പ്രചരണാർഥം ദുബായിലെത്തിയ നടൻ മമ്മൂട്ടിയും ഇതേ ഹോട്ടലിലാണ് താമസിക്കുന്നത്. ഇരുവരും ഇന്നു തമ്മിൽ കണ്ടേക്കും.

ഇന്നലെ രാവിലെ 6.30ന് ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു പ്രതിനിധി എത്തിയിരുന്നു. എമിറേറ്റ്‌സ് വിമാനത്തിൽ ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പം എത്തിയ അദ്ദേഹം ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലേക്കാണ് പോയത്. വിഐപി വാതിലിലൂടെ പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ ഹോട്ടലിൽ എത്തിക്കാൻ മലയാളി സ്ഥാപനത്തിന്റെ വാഹനം എത്തിയിരുന്നു. ഔദ്യോഗിക പരിപാടികളിൽ നിന്നു വിട്ടു നിന്ന അദ്ദേഹം ഇന്നലെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. ഇന്നു മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും.
യുഎഇയിൽ ജോലി ചെയ്യുന്ന മകനെ കാണാനാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്.

മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. പിന്നീട് അനുമതി തേടിയോ എന്നത് അന്വേഷിച്ച് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. കുടുംബസമേതം നടത്തിയ വിദേശയാത്ര കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ജനങ്ങളുടെ ചെലവിൽ ഉല്ലാസയാത്ര നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളവും യുകെയും ധാരണാപത്രം ഒപ്പിട്ടു എന്നാണ് പറയുന്നത്. ഭരണഘടനയനുസരിച്ച് വിദേശകാര്യം കേന്ദ്രസർക്കാർ പരിധിയിൽ വരുന്നതാണ്, സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രാനുമതിയില്ലാതെ ഒരു കരാറും ഒപ്പിടാനാവില്ല. ഏതെങ്കിലും കരാറൊപ്പിടാൻ വിദേശകാര്യ വകുപ്പിൽ നിന്ന് അനുമതി കിട്ടിയിട്ടുണ്ടോയെന്ന് പിണറായി വിജയൻ വെളിപ്പെടുത്തണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

യുകെയിലെ ഏതോ റിക്രൂട്ടിങ് ഏജൻസിയുമായി നോർക്ക ഏതോ ധാരണാപത്രം ഒപ്പിട്ടതാണ് ആ രാജ്യത്തെ സർക്കാരുമായി കരാറൊപ്പിട്ടുവെന്ന മട്ടിൽ പറയുന്നത്. അവരെ വിളിച്ചാൽ അവർ തിരുവനന്തപുരത്തു വരും. അതിന് മുഖ്യമന്ത്രി കുടുംബാംഗങ്ങളെയും മന്ത്രിമാരെയും കൂട്ടി നോർവേയിലും യുകെയിലുമൊക്കെ പോകേണ്ട കാര്യമില്ല. സർക്കാരല്ല യാത്രയുടെ ചെലവു വഹിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദേശകാര്യ വകുപ്പിനെ അറിയിച്ചത് സർക്കാർ ചെലവിൽ എന്നാണ്. അങ്ങനെ അല്ലെങ്കിൽ എന്തു ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവ്യക്തികളോ കുത്തകമുതലാളിമാരോ ചെലവു വഹിക്കുന്നത്? അധ്വാനിച്ചു ജീവിക്കുന്ന പ്രവാസികളുടെ ചെലവിൽ ഉല്ലാസയാത്ര നടത്തുന്നതാണോ തൊഴിലാളിപ്പാർട്ടിയുടെ മുഖ്യമന്ത്രി ചെയ്യേണ്ടത് മുരളീധരൻ ചോദിച്ചു.