തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂട കടന്നപോകുമ്പോള്‍ പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമിടും. നാളെ രാവിലെ കാസര്‍കോട് ജില്ലയിലെ കാലിക്കടവ് മൈതാനത്താണ് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളും ആഘോഷ പരിപാടികളും നടക്കും. പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള ലക്ഷ്യം വെച്ചുകൊണ്ടാണ് വാര്‍ഷിക ആഘോഷ പരിപിടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത്.

100 കോടിയിലേറെ രൂപ ചെലവിട്ടു കൊണ്ടാണ് വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിന് ശേഷം 9ാം വര്‍ഷത്തിലാണ് ഇടതു മുന്നണിയുള്ളത്. ഈ പശ്ചാത്തലത്തില്‍ തന്നെ പിണറായി വിജയന്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രചരണം ശക്തമാക്കുകായണ് ഇടതു മുന്നണി. ഇതില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും അതെല്ലാം തള്ളിക്കൊണ്ടു തന്നെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ തവണ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ആഘോഷം ഒഴിവാക്കേണ്ടിവന്നിരുന്നു. അതുകൊണ്ട് തന്നെയാണ് ഇക്കുറി വീണ്ടും വിപുലമായ ആഘോഷത്തിലേക്ക് നടക്കുന്നത്. നാളെ കാസര്‍കോട്ട് ആരംഭിച്ചു മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കുന്ന തരത്തിലാണ് പരിപാടി. എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരില്‍ 7 ദിവസത്തെ പ്രദര്‍ശന, വിപണന മേളകള്‍ സംഘടിപ്പിക്കും.

ശീതീകരിച്ച പന്തലുകള്‍ക്കും സൗകര്യങ്ങള്‍ക്കുമായി 42 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിനാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ മുടങ്ങുകയും സര്‍ക്കാരിന്റെ വരുമാനം കൂട്ടാന്‍ ജനങ്ങളില്‍നിന്നുള്ള പല ഫീസുകളും കൂട്ടുകയും ചെയ്ത ശേഷമാണു മന്ത്രിസഭാ വാര്‍ഷികം ഇത്രയേറെ പണം ചെലവിട്ട് ആഘോഷിക്കുന്നത്.

ശീതീകരിച്ച ജര്‍മന്‍ ഹാങ്ങറുകളാണു പരിപാടികള്‍ക്കായി നിര്‍മിക്കുന്നത്. ഇവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് (ഐഐഐസി). ഇതിനായാണ് ഓരോ ജില്ലയിലും കിഫ്ബി 3 കോടി രൂപ വീതം ചിലവഴിക്കുന്നത്.

ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണു സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഓരോ ജില്ലയിലെയും ചുമതല കണ്‍സോര്‍ഷ്യം വിവിധ കമ്പനികള്‍ക്കു വീതിച്ചു നല്‍കിയിട്ടുണ്ട്. പരിപാടിയുടെ ഏകോപനം നിര്‍വഹിക്കുന്ന ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന് ഓരോ ജില്ലയിലും 40 ലക്ഷം വീതം ആകെ 5.6 കോടി അനുവദിച്ചിട്ടുണ്ട്. പ്രത്യേക പവിലിയന്‍, കലാപരിപാടികള്‍, ജില്ലാതല യോഗം, പ്രാദേശിക പ്രചാരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക. പരസ്യബോര്‍ഡുകള്‍ക്ക് മാത്രം 15 കോടിയോളം രൂപ വരും.

ജില്ലകളിലെ പ്രദര്‍ശന, വിപണന മേളകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 7 ലക്ഷം വീതം ചെലവിടാന്‍ അനുമതിയുണ്ട്. ഇതനുസരിച്ച് ഒരു ജില്ലയില്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും 3.5 കോടിയോളം ചെലവിടും. എല്ലാ ജില്ലകളിലും കൂടി ഈ വിഭാഗത്തില്‍ ചെലവ് 49 കോടി വരും. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായി 20.71 കോടി നീക്കിവച്ചിട്ടുണ്ട്. 2022, 23 വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ ഒന്നും രണ്ടും വാര്‍ഷിക ആഘോഷങ്ങള്‍ക്കായി ഈ രീതിയില്‍ വേദി ഒരുക്കിയത് ഐഐഐസിയാണ്.

വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി എല്ലാ ജില്ലയിലും നടത്തും. ക്ഷണക്കത്ത് അച്ചടിച്ച് പാര്‍ട്ടി ഓഫിസുകള്‍ വഴി പ്രമുഖരെ കണ്ടെത്തി നടത്തുന്ന പരിപാടിക്കുള്ള ചെലവ് പ്രത്യേകമാണ്. പിന്നാലെ മേഖലാതല യോഗങ്ങള്‍ വരും. ജില്ലാതല യോഗങ്ങള്‍ നടക്കുന്ന ദിവസം എല്‍ഡിഎഫ് റാലിയും നടത്തും. മുഖ്യമന്ത്രിക്കെതിരെ എതിര്‍പ്പുയര്‍ത്തി സംസാരിക്കുന്നവര്‍ക്ക് അവസരം കൊടുത്താക്ക രീതിയിലാകും പരിപാടികള്‍ നടത്തുക.

നവകേരള പരിപാടി പോലെ ഇത്തവണ ബസ്സിലൊന്നും യാത്ര ഉണ്ടാകില്ല. സര്‍ക്കാരിന്റെ നേട്ടങ്ങളും വരും വര്‍ഷത്തെ പ്രധാന പരിപാടികളും വിശദീകരിക്കുകയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ ലക്ഷ്യം. മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുന്നത് സര്‍ക്കാര്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍.

പ്രദര്‍ശന വിപണന മേളകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നുണ്ട്, വിവിധ സര്‍ക്കാര്‍വകുപ്പുകളും സ്ഥാപനങ്ങളും ഇവയില്‍പങ്കെടുക്കും. ഇവ ആഘോഷ കേന്ദ്രങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നത്. വരാന്‍പോകുന്ന തദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് നേട്ടങ്ങളെ പൊലിപ്പിക്കാനുള്ള നീക്കം. എല്ലാ ആഴ്ചയും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പുനരാരംഭിച്ചതും ഇതിന്റെ ഭഗമായാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച വന്നാല്‍ പരിപാടിയുടെ ഷെഡ്യൂളിലും മാറ്റം വരും.

അതേസമയം നാലാം വാര്‍ഷിക ആഘോഷം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. സര്‍ക്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നിരുന്നു. വാര്‍ഷികം ആഘോഷിക്കാനുള്ള ഒരവകാശവും ഇടത് സര്‍ക്കാറിനില്ലെന്ന് സതീശന്‍ പറഞ്ഞു. സര്‍ക്കാറിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുന്നതിനു വേണ്ടി ബദല്‍ പ്രചരണ പരിപാടികള്‍ യു.ഡി.എഫ് സംഘടിപ്പിക്കുമെന്ന് വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. തീരപ്രദേശവും വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പുകുത്തിയിരിക്കുകയാണ്. ഖജനാവില്‍ പണമില്ല. ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്. ധനപ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പല തവണ മുടങ്ങി. ക്ഷേമനിധി ബോര്‍ഡുകളും തകര്‍ച്ചയുടെ വക്കിലാണ്. പാവപ്പെട്ട തൊഴിലാളികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച പണം അംശാദായമായി കൊടുത്ത് ക്ഷേമനിധികളില്‍ നിന്നു പോലും പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ല. കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡുകളില്‍ ഉള്‍പ്പെടെ പെന്‍ഷന്‍ മുടങ്ങിയിട്ട് 16 മാസമായി. അംഗന്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. ആശവര്‍ക്കര്‍മാരോടും അംഗന്‍വാടി ജീവനക്കാരോടും ദയാരഹിതമായാണ് പൊലീസ് പെരുമാറുന്നത്. വേതന വര്‍ധനവിന് വേണ്ടി സമരം ചെയ്യുന്നവരെ കോര്‍പറേറ്റ് മുതലാളിമാരെ പോലെയാണ് മന്ത്രിമാര്‍ അപഹസിക്കുന്നത്. സമരം ചെയ്യുന്നവരെ കളിയാക്കുന്ന തീവ്രവലതുപക്ഷ സര്‍ക്കാറായി ഇവര്‍ മാറി. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സര്‍ക്കാരും മന്ത്രിമാരുമാണ് കേരളത്തിലുള്ളത്.

സര്‍ക്കാര്‍ ഇല്ലായ്മയാണ് കേരളം അനുഭവിക്കുന്നത്. ആശുപത്രികളില്‍ മരുന്നുകളില്ല. കാരുണ്യ പദ്ധതി പൂര്‍ണമായും മുടങ്ങി. റബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ വാഗ്ദാനം നടപ്പാക്കിയില്ല. എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വില ഇടിഞ്ഞു. നാളികേര സംഭരണം നടക്കുന്നില്ല. നെല്ല് സംഭരണം പൂര്‍ണമായും പാളിപ്പോയി. മില്ലുടമകളുമായി ചേര്‍ന്ന് കര്‍ഷകരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. നാലു മാസത്തിനിടെ 18 പേരെയാണ് ആന ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസവും മൂന്നു പേര്‍ കൊല്ലപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തീരപ്രദേശത്ത് മണല്‍ ഖനനം നടത്തുമ്പോഴും സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നു. മണ്ണെണ്ണ സബ്സിഡി വര്‍ധിപ്പിക്കുന്നില്ല. തീരദേശ ഹൈവേ കൊണ്ടുവന്ന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുകയാണ്. ഇതുതന്നെയാണ് കേരളത്തിന്റെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്നത്.

എല്ലായിടത്തും അഴിമതിയും ധൂര്‍ത്തുമാണ്. ആശവര്‍ക്കര്‍മാക്ക് പണം നല്‍കാനില്ലാത്തവരാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു കൊടുത്തത്. ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് ആറര ലക്ഷം രൂപയാണ് ശമ്പളമായി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയി. രണ്ടാമത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണമാണ് ഹൈകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘമായി മാറി. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.