കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വാഹനാപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് അപകടമുണ്ടാകുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് കോഴിക്കോട് കോട്ടൂളിയില്‍ വെച്ചാണ് സംഭവം. വലിയ സുരക്ഷാ വീഴ്ചയാണ് ഇവിടെ സംഭവിച്ചത്. വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപടകത്തില്‍ പെട്ടിരുന്നു. ഇവിടെ പൈലറ്റ് വാഹനങ്ങളുടെ ഗതാഗത നിയമ ലംഘനം ചര്‍ച്ചയായിരുന്നു. എന്നാല്‍ കോഴിക്കോട്ടേത് സുരക്ഷാ വീഴ്ചയാണ്.

മുഖ്യമന്ത്രി ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ് കോര്‍ട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. അബദ്ധത്തില്‍ ബസ് ഓടിച്ചുവെന്നാണ് വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മതിയായ സുരക്ഷ ഇല്ലേ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. ആംബുലന്‍സും ഫയര്‍ഫോഴ്‌സും അടക്കം അനുഗമിക്കണം.

മുമ്പ് കോഴിക്കോട് വച്ച് ഗോവാ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വാഹനത്തിലേക്ക് കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനായിരുന്നു പിടിയിലായത്. അന്ന് മതിയായ നടപടികളില്ലാതെ അയാളെ വിട്ടയച്ചു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീറിയടുത്ത ബസിനെതിരെ എന്ത് നടപടി എടുക്കുമെന്നതും നിര്‍ണ്ണായകമാണ്. മോഹനന്‍ മാസ്റ്ററുടെ മകനെതിരെ ജാമ്യമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിഴ ഈടാക്കി വിട്ടയയ്ക്കുകയും ചെയ്തു. ഇതെല്ലാം വിവാദവുമായി. എന്നാല്‍ ഗവര്‍ണറുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്താത്തതു കൊണ്ട് മറിച്ചൊന്നും സംഭവിച്ചില്ല.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ സുരക്ഷാ വീഴ്ച പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കും. ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തുവെച്ച് ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടര്‍യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോര്‍ട്ട് വാഹനങ്ങളും ആംബുലന്‍സും അടക്കം അഞ്ചു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അന്ന് മുഖ്യമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇതിന് രിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് അലക്ഷ്യമായി ഓടിച്ചുകയറ്റിയ സംഭവം. തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കില്ലാത്തതിനാലും വാഹനങ്ങള്‍ക്കു കാര്യമായ കേടുപാടില്ലാത്തതിനാലും കേസ് വേണ്ടെന്ന നിലപാടിലാണ് പോലീസ്. വാഹനയാത്രക്കാരിയെക്കുറിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടായില്ല. കോഴിക്കോട് ബസ് പിടിച്ചെടുക്കുകയും ചെയ്തു.

വാമനപുരത്ത് കേസില്ലാത്തതിനാല്‍ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുകയോ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുകയോ ചെയ്തിട്ടില്ല. ഇവരുടെ ഭാഗത്ത് മനഃപൂര്‍വമായ തെറ്റുണ്ടായിട്ടില്ലെന്നാണ് പ്രാഥമികനിഗമനം. അതിനാല്‍ വാഹനയാത്രക്കാരിയെ വിളിച്ചുവരുത്തി കൂടുതല്‍ വിവാദങ്ങളുണ്ടാേക്കണ്ടെന്നാണ് നിര്‍ദേശം.