- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: സിനിമയിലെ 'സര്വശക്തന്'മാരെ പിണറായി സംരക്ഷിച്ചു; മുഖ്യമന്ത്രിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം
തിരുവനന്തപുരം: മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിച്ചതടക്കം പരാമര്‍ശിച്ച് അന്തര്‍ദേശിയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. സിനിമ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കിയ മി ടൂ കൊടുങ്കാറ്റുകളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത നല്‍കിയത്. 'മീടൂവില്‍ വിറച്ച് ദക്ഷിണേന്ത്യന്‍ സിനിമ' എന്നര്‍ത്ഥം വരുന്ന തലക്കെട്ടില്‍ ഓഗസ്റ്റ് 30നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയില്‍ കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. റിപ്പോര്‍ട്ട് തടഞ്ഞുവച്ചതിലൂടെ സിനിമാ മേഖലയിലെ പണക്കാരെയും ശക്തന്മാരെയും […]
തിരുവനന്തപുരം: മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിച്ചതടക്കം പരാമര്‍ശിച്ച് അന്തര്‍ദേശിയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. സിനിമ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കിയ മി ടൂ കൊടുങ്കാറ്റുകളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത നല്‍കിയത്. 'മീടൂവില്‍ വിറച്ച് ദക്ഷിണേന്ത്യന്‍ സിനിമ' എന്നര്‍ത്ഥം വരുന്ന തലക്കെട്ടില്‍ ഓഗസ്റ്റ് 30നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയില്‍ കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. റിപ്പോര്‍ട്ട് തടഞ്ഞുവച്ചതിലൂടെ സിനിമാ മേഖലയിലെ പണക്കാരെയും ശക്തന്മാരെയും മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു. ഡല്‍ഹിയില്‍ നിന്നുള്ള കെ.ബി.പ്രഗതിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് പുറത്തുവരാന്‍ കാരണമായ മാധ്യമ ഇടപെടലുകളെയും ന്യൂയോര്‍ക്ക് ടൈംസ് പ്രകീര്‍ത്തിക്കുന്നുണ്ട്.
നടിക്ക് നേരിട്ട അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ നടന് ദിലീപ് ജയിലിലായി. വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സിനിമയിലെ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. എന്നാല്‍ 2019 സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. പിന്നീട് മാധ്യമങ്ങളും വനിതാ സംഘടനകളും നടത്തിയ ഇടപെടലുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരാന്‍ കാരണം എന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
ഹേമ കമ്മറ്റി രൂപീകരിച്ച സാഹര്യം, വെളിപ്പെടുത്തലുകള്‍, നല്കിയ ശുപാര്‍ശകള്‍ എന്നിവയുടെ പ്രസക്തി ആഴത്തില്‍ വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ഹോളിവുഡിലെ മീടൂ ആരോപണങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഏറ്റവും പുരോഗമനമെന്ന് വിശേഷണമുള്ള മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് തുറന്നു കാട്ടി. 2017ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വരെ ചൂണ്ടിക്കാട്ടി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു.
അതേ സമയം നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് വിവാദമായതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് കൈമാറി കൈകഴുകാനാണ് സര്‍ക്കാര്‍ നീക്കം. റിപ്പോര്‍ട്ട് നല്‍കണമെന്ന ഉത്തരവിനെതിരേ അപ്പീല്‍ നല്‍കേണ്ടെന്നാണ് തീരുമാനം. റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയിലെത്തിക്കാനുള്ള അവസാന തീയതി ഒന്‍പതാണ്. അതിനുമുന്‍പുതന്നെ നല്‍കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി.
റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമുള്ള വെളിപ്പെടുത്തലുകളില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍, രജിസ്റ്റര്‍ചെയ്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെയെടുത്ത നടപടികളും കോടതിയെ അറിയിക്കും. റിപ്പോര്‍ട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകര്‍പ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും നല്കുന്നതില് നിയമോപദേശത്തിന് കഴിഞ്ഞ ദിവസം എ.ജി.യുമായി കൂടിയാലോചനനടത്തി.
കമ്മിറ്റിയുടെ പരാമര്‍ശങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. ഒന്‍പതിന് കേസ് പരിഗണിക്കുന്ന കോടതി വനിതാകമ്മിഷനെയും സ്വമേധയാ കക്ഷിചേര്‍ത്തിട്ടുണ്ട്. താരങ്ങള്‍ക്കെതിരേ വ്യക്തിപരമായ പരാമര്‍ശമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ സര്‍ക്കാരിന് തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായി. ഇതോടെയാണ് അപ്പീല്‍ സാധ്യതയും ചര്‍ച്ചചെയ്തത്.
വ്യക്തിപരമായ പരാമര്‍ശമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനാണ് വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടത്. ഒഴിവാക്കാന്‍ കമ്മിഷണര്‍ നിര്‍ദേശിച്ച ഒരു ഖണ്ഡികയിലെ 'ഉന്നതരില്‍നിന്നുപോലും ലൈംഗികാതിക്രമം ഉണ്ടായെ'ന്നഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അബദ്ധത്തില്‍പ്പെട്ടത് സര്‍ക്കാരിനെ വെട്ടിലാക്കി. ഇതിനുശേഷമുള്ള അഞ്ചുപേജ് മറച്ചുവെച്ചത് റിപ്പോര്‍ട്ടില്‍ പേരുണ്ടെന്നുകരുതുന്ന ഉന്നതരെ സംരക്ഷിക്കാനാണെന്ന ആരോപണവും നേരിടേണ്ടിവന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഇനിയെല്ലാം കോടതി തീരുമനിക്കട്ടെയെന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടതും.
അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് ശേഷം മലയാള സിനിമയാകെ പ്രതിസന്ധിയിലായി ഉലയുകയാണ്. ചലച്ചിത്ര നടന്മാര്ക്കും പ്രധാന നേതാക്കള്‍ക്കും എതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് താരസംഘടന 'അമ്മ' ഭാരവാഹികള്‍ ഒന്നാകെ രാജിവച്ചൊഴിഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ ഇന്ത്യയില്‍ ആദ്യമായി രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മറ്റി.
മുന്‍ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രൂപീകരണം. 2017 ജൂലൈ ഒന്നിന് നിയമിക്കപ്പെട്ട കമ്മറ്റി 2019 ഡിസംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.