തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ ആരാകണം അടുത്ത മുഖ്യമന്ത്രിയെന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സ്ഥാനം മോഹിച്ച് നിരവധി നേതാക്കള്‍ ഉള്ളതു കൊണ്ട് തന്നെ ഇത് പൊതുസമൂഹത്തിലും ചര്‍ച്ചയാകാറുണ്ട്. ഈ നേതാക്കളുടെ ശ്രമത്തെ ട്രോളി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തുവന്നു. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായി രവിപിള്ളയെ ആദരിക്കുന്ന വേദിയിലായിരുന്നു സംഭവം.

അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരട്ടെയെന്ന വേദിയില്‍ പറഞ്ഞ പ്രാസംഗികനാണ് തമാശ കലര്‍ത്തി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നത്. കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാനാകാത്ത വലിയ ശക്തിയാണ് രമേശ് ചെന്നിത്തല എന്നും അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെ എന്ന് താന്‍ ആശംസിക്കുകയാണെന്നും പ്രാസംഗികന്‍ പറഞ്ഞത്. രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ വി ഡി സതീശന്‍ സാര്‍ പോയോ എന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള വേദി അല്ല ഇതെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ വേദിയില്‍ പ്രസംഗിക്കാന്‍ എത്തിയ മുഖ്യമന്ത്രി കിടിലന്‍ മറുപടിയാണ് പ്രാസംഗികന് നല്‍കിയത്. നമ്മുടെ സ്വാഗത പ്രാസംഗികനെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെങ്കില്‍ അത് മോശമായി തീരും എന്ന് തോന്നുന്നു എന്നും, രാഷ്ട്രീയം ഒന്നും പറയുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹം ഒരു പാര്‍ട്ടിക്ക് അകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു വലിയ ബോംബാണ് അദ്ദേഹം പൊട്ടിച്ചിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഞാന്‍ ആ പാര്‍ട്ടിക്കാരന്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ... എന്നാലും അങ്ങനെ ഒരു കൊടുംചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് തനിക്ക് അദ്ദേഹത്തോട് സ്‌നേഹത്തോടെ പറയാനുള്ളത് എന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. പിണറായി വിജയന്റെ വാക്കുകള്‍ കേട്ട് വേദിയിലുള്ള രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ ചിരിതൂകി. സദസ്സില്‍ വലിയ കൈയടിയും കരഘോഷവും മുഴങ്ങി.

ടാഗോര്‍ തിയേറ്ററില്‍ ഇന്ന് വൈകുന്നേരം 3.30നാണ് ചടങ്ങ് നടന്നത്. സ്നേഹ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള,പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.