തിരുവനന്തപുരം: ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണ്-മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാര കസേരയില്‍ എത്തിയപ്പോള്‍ പറഞ്ഞ ഈ വാക്കുകള്‍ക്ക് ഇനിയും ആരും വില കൊടുക്കുന്നില്ല. മുഖ്യമന്ത്രി പരാതിപ്പെട്ടിട്ടും തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്ലെന്നതാണ് വസ്തുത.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങള്‍ പോലും കേരളത്തില്‍ നടപ്പാകുന്നില്ലെന്നതാണ് വസ്തുത.

താന്‍ യോഗങ്ങളില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പോലും ഐഎഎസ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന ഗുരുതര ആരോപണം 2 മാസം മുന്‍പ് മുഖ്യമന്ത്രി ഫയല്‍ കുറിപ്പായി ചീഫ് സെക്രട്ടറിയെ അറിയിച്ചുവെന്നാണ് മനോരമയിലെ വാര്‍ത്ത. ഇതോടെ തിരുത്തലിന് ചീഫ് സെക്രട്ടറി തന്നെ മുന്നിട്ടിറങ്ങി. പക്ഷേ പ്രശ്‌ന പരിഹാരം അകലെയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇടപെട്ടിട്ടും പല വകുപ്പുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതിനു കാരണം മന്ത്രിമാര്‍ തന്നെയാണെന്ന പരാതിയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ളത്. ഇതുവരെയില്ലാത്ത ഭരണമാന്ദ്യമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍. അതിനു മുഖ്യകാരണം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് കിട്ടാത്തതു കൊണ്ടാണത്രേ. മുഖ്യ തീരുമാനങ്ങള്‍ എടുക്കേണ്ട യോഗങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടു പങ്കെടുക്കണം. പാര്‍ട്ടി യോഗങ്ങളുടെ തിരക്കു കാരണം മന്ത്രിമാര്‍ക്കു ഇതിന് കഴിയുന്നില്ലെന്ന വാദവും സജീവമാണ്.

അതിവഗേ തീരുമാനം വേണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിക്കുകയും ചെയ്‌തെങ്കിലും പല തീരുമാനങ്ങളും ഇപ്പോഴും നടപ്പാക്കുന്നില്ല. ഫയലുകള്‍ ചുവപ്പു നാടയിലാണ്. ഇതെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ച് കടുത്ത അതൃപ്തി അറിയിച്ചു. ഒട്ടേറെ യോഗങ്ങള്‍ ചേര്‍ന്നിട്ടും പല തീരുമാനങ്ങളും പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും ഇതാണോ അവസ്ഥയെന്നും ചീഫ് സെക്രട്ടറി ചോദിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങളുടെ പട്ടിക ഓരോ വകുപ്പും തയാറാക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ഏതൊക്കെ തീരുമാനങ്ങളാണു നടപ്പാക്കാന്‍ ബാക്കിയുള്ളതെന്നു രേഖപ്പെടുത്തി, തന്നെ അറിയിക്കണം. ഓരോ വകുപ്പില്‍ നിന്നും ശേഖരിക്കുന്ന രേഖകള്‍ കോര്‍ത്തിണക്കി റിപ്പോര്‍ട്ടായി നല്‍കണം. ഇത് മുഖ്യമന്ത്രിക്കും സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയോ മന്ത്രിമാരോ നിര്‍ദേശിച്ച ഏതെങ്കിലും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു നയപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അക്കാര്യം സെക്രട്ടറിമാര്‍ യോഗത്തില്‍ അറിയിച്ച് പരിഹാരം കാണാനും നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി ഏതെങ്കിലും വകുപ്പുകളുടെ ഫയല്‍ തങ്ങളുടെ പക്കല്‍ തീരുമാനം കാത്തു കിടപ്പുണ്ടോ എന്നാരാഞ്ഞ് ധനസെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു.