തിരുവനന്തപുരം: കോടികള്‍ മുടക്കി പിആര്‍ വര്‍ക്കിലൂടെ ഉണ്ടാക്കിയെടുത്ത പിണറായി വിജയന്റെ 'സൗമ്യ മുഖം' ഒറ്റ നിമിഷം കൊണ്ട് തകര്‍ന്നു വീണിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ കബളിപ്പിക്കാന്‍ സൈബര്‍ സഖാക്കളും പിആര്‍ ഏജന്‍സികളും ചേര്‍ന്ന് അടിച്ചുപിടിപ്പിച്ച 'പുട്ടി' വേനല്‍മഴയില്‍ ഒലിച്ചുപോയ അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. പത്തനംതിട്ടയിലെ കോന്നിയില്‍ നടന്ന പ്രസംഗത്തിനിടെ ഒരു പ്രവര്‍ത്തകന്‍ സ്‌നേഹത്തോടെ ചോദിച്ച ചോദ്യത്തിന് 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് ആക്രോശിച്ച പിണറായിയുടെ പഴയ 'ദാര്‍ഷ്ട്യ മുഖം' വീണ്ടും പുറത്തുവന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 200 കോടി രൂപയോളം ഖജനാവില്‍ നിന്ന് ചിലവാക്കി പിണറായിയെ ഒരു ജനകീയ നേതാവാക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. മോഹന്‍ലാലിനെ പോലുള്ള പ്രമുഖരെ വെച്ച് അഭിമുഖങ്ങള്‍ നടത്തിയും, ഇന്‍ഫ്‌ലുവന്‍സര്‍മാരെ ഉപയോഗിച്ചും പിണറായി ഒരു പാവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നോക്കി. എന്നാല്‍ അതെല്ലാം വൃഥാവിലാക്കുന്നതാണ് ഇന്നലെ ഉണ്ടായ ആക്രോശം. എത്രയൊക്കെ മറച്ചുപിടിക്കാന്‍ നോക്കിയാലും തന്റെ ഉള്ളിലെ അഹങ്കാരവും ധാര്‍ഷ്ട്യവും പുറത്തുവരാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന വസ്തുതയാണ് തെളിഞ്ഞത് എന്നാണ് യുഡിഎഫുകാര്‍ പരിഹസിക്കുന്നത്.

പിണറായി വിജയന്റെ പഴയ ധാര്‍ഷ്ട്യത്തിന്റെ കഥകളും പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകുന്നുണ്ട് അത് മൈക്കിനോട് യുദ്ധം പ്രഖ്യാപിച്ചതു മുതല്‍ മൈക്ക് ഓപ്പറേറ്റര്‍മാരെ ഭയപ്പെടുത്തിയത് വരെയുണ്ട്. മൈക്കിനോട് യുദ്ധം പ്രഖ്യാപിച്ചതും, മൈക്ക് ഓപ്പറേറ്ററെ പേടിപ്പിച്ചതും, സെല്‍ഫി എടുക്കാന്‍ വന്ന സ്ത്രീയെ തള്ളിമാറ്റിയതും, പരിപാടിക്കിടെ നന്ദി പറഞ്ഞ അവതാരികയോട് തട്ടിക്കയറിയതും തുടങ്ങി പിണറായിയുടെ ദാര്‍ഷ്ട്യത്തിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇതിനിടെ പിണറായിയുടെ ഈ മോശം പെരുമാറ്റത്തെ സ്‌നേഹ പ്രകടനം എന്ന് വരുത്തിത്തീര്‍ക്കാന്‍ സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ ക്യാപ്സ്യൂളുകള്‍ ഇറക്കുന്നുണ്ട്.

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മൈക്ക് പണി മുടക്കിയപ്പോള്‍ പോലീസ് കേസെടുത്ത് അടക്കം വിവാദമായിരുന്നു. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യുക എന്ന വകുപ്പായിരുന്നു ചുമത്തിയത്. മൈക്കും ഉപകരണങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ പൊലീസ് പിടിച്ചെടുത്ത ആംപ്ലിഫയര്‍ ഉള്‍പ്പെടെയുള്ള മൈക്ക് സെറ്റ് ഉടമക്ക് തിരിച്ചു നല്‍കുകയും ചെയ്തു.



പിന്നീട് പലതവണ വാര്‍ത്താസമ്മേളനത്തിനിടയിലും പൊതുപരിപാടിക്കിടയിലും മൈക്ക് പിണങ്ങി. കഴിഞ്ഞ ഏപ്രിലില്‍ പത്തനംതിട്ടയില്‍ അടൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ കണക്ഷനിലെ തകരാര്‍ മൂലം മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നിരുന്നു. സൗണ്ട് ബോക്സിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് മൈക്ക് ഒഴിവാക്കി സംസാരിക്കേണ്ടി വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷനില്‍ സംസാരിക്കവേ മൈക്ക് ഒടിഞ്ഞുവീണതും വലിയ ചര്‍ച്ചയായിരുന്നു.

കാട്ടാക്കടയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരുന്ന പിണറായി വിജയന് തന്റെ പ്രസംഗത്തിനിടയില്‍ നാമജപം കേട്ടപ്പോള്‍ അതൃപ്തിയുണ്ടായത് അടക്കം മാധ്യമ വാര്‍ത്തകളായിരുന്നു. തൊട്ടടുത്ത് ക്ഷേത്രത്തില്‍ നിന്ന് കേള്‍ക്കുന്നതാണ്. ഉടനെ ആ മൈക്ക് ഓഫ് ആക്കേണ്ടി വന്നു. മറ്റൊരു ചടങ്ങില്‍ ഡ്രമ്മിന്റെ മുട്ടല്‍ കേട്ടപ്പോള്‍ 'ആ ഡ്രമ്മിന്റെ മുട്ടല്‍ കഴിയട്ടെ എന്നിട്ട് സംസാരിക്കാം' എന്ന് പറഞ്ഞ് കലിപ്പില്‍ നില്‍ക്കുന്ന പിണറായിയെയും നമ്മള്‍ കണ്ടു.

ഏറ്റവും ഒടുവില്‍ സംഭവിച്ച കാര്യം, ഒരു പാലം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ജില്ലാ പഞ്ചായത്തംഗം സെല്‍ഫി എടുക്കാന്‍ വന്നപ്പോഴും മുഖ്യമന്ത്രി കുപിതനായിരുന്നു. പിണറായി പങ്കെടുക്കുന്ന ചടങ്ങില്‍ മറ്റാരും സംസാരിക്കുന്നത് കേള്‍ക്കാനുള്ള ക്ഷമ അദ്ദേഹത്തിനില്ല. അതിന് ഇരയായിട്ടുള്ളത് അവതാരകരാണ്. ഏതെങ്കിലും ഒരു പരിപാടിയില്‍ അവതാരിക എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ പിണറായി പൊട്ടിത്തെറിക്കും. 'നന്ദി പിണറായി' എന്ന് പറഞ്ഞ ഒരു അവതാരികയോട് 'അമ്മാതിരി കമന്റ് ഒന്നും വേണ്ട' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം എത്രയോ ദാഷ്ട്യത്തിന്റെ ഉദാഹരണങ്ങള്‍ പിണറായിയുടെ ധാര്‍ഷ്യവുമായി ബന്ധപ്പെട്ടുണ്ട്.

'നികൃഷ്ടജീവി', 'പരനാറി', 'ചെറ്റ', 'കുലംകുത്തി' എന്നൊക്കെ വിളിച്ച് രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന ചരിത്രമുള്ള പിണറായി ഈ തിരഞ്ഞെടുപ്പു കാലത്തും പതിവു തെറ്റിക്കുന്നില്ല എന്നതാണ് വസ്തുത.