- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ വല്ലപ്പോഴും പോസ്റ്റിടാൻ ചെലവ് ലക്ഷങ്ങൾ! 12 പേരുടെ വാർഷിക ശമ്പളത്തിന് ചെലവ് 82 ലക്ഷം; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി; ഒരു വർഷത്തേക്കു കൂടി മുഖംമിനുക്കൽ നടപടികൾ തുടരും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പബ്ലിക് റിലേഷൻസ് ജോലി ചെയ്യുന്ന 12 അംഗ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടി. സമൂഹ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ പ്രതിഛായ വർധിപ്പിക്കുക, മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയരുന്ന വാർത്തകളെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിരോധിക്കുക തുടങ്ങിയവയാണ് ഇവരുടെ ജോലി. വല്ലപ്പോഴും ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി പോസ്റ്റിടുക എന്നതാണ് ഇവരുടെ പരിപാടി. ഇതിനായാണ് ഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കുന്നതും.
ഈ മാസം 15ന് ആണ് സോഷ്യൽ മീഡിയ സംഘത്തിന്റെ നീട്ടിയ കരാർ കാലാവധി അവസാനിച്ചത്. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയയുടെ സേവനവും മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ഇവരുടെ സേവനം അനിവാര്യമാണെന്നും അതു കൊണ്ടാണ് 16 മുതൽ ഒരു വർഷത്തേക്കു കൂടി നീട്ടുന്നത് എന്നുമാണ് ഉത്തരവിൽ പറയുന്നത്. ശമ്പളം വർധിപ്പിക്കണമെന്ന ഇവരുടെ ആവശ്യത്തിൽ തീരുമാനമായില്ല.
വെബ്‌സൈറ്റിന്റെയും സോഷ്യൽ മീഡിയയുടേയും തുടർ പരിപാലനം അനിവാര്യമെന്ന പരാമർശത്തോടെയാണ് 12 അംഗ സംഘത്തിന്റെ കരാർ കാലാവധി നീട്ടിയത്. പ്രതിമാസം 6.67 ലക്ഷം രൂപയാണ് ഇവർക്ക് ശമ്പളത്തിന് മാത്രം ചെലവാകുന്നത്. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ ഹാന്റിലുകളും പരിപാലിക്കുന്നതിന് ആവശ്യമായതാണ് സംഘം. കമ്പ്യൂട്ടർ അസിസ്റ്റന്റ് മുതൽ ടീം ലീഡർ വരെയുള്ള 12 അംഗങ്ങളാണ് ടീമിലുള്ളത്.
ടി മുഹമ്മദ് യഹിയയാണ് ടീം ലീഡർ. ടീം ലീഡർക്ക് 75000 രൂപയാണ് പ്രതിമാസ ശമ്പളം. കണ്ടന്റ് മാനേജർ സുദീപ് ജെ സലീമിന് 70000 രൂപയാണ് വേതനം. സീനിയർ വെബ് അഡ്‌മിനിസ്‌ട്രേറ്റർ ആർകെ സന്ദീപ്, സോഷ്യൽ മീഡിയ കോഡിനേറ്റർ ആർ വിഷ്ണു, കണ്ടന്റ് സ്ട്രാറ്രജിസ്റ്റ് ഷഫീഖ് സൽമാൻ കെ എന്നിവർക്ക് 65000 രൂപ വീതമാണ് പ്രതിഫലം.
ഡെലിവറി മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന പിപി അജിത്തിന് 56000 രൂപയാണ് ശമ്പളം. റിസർച്ച് ഫെലോ ജി ജിതിന് 53000 രൂപയും കണ്ടന്റ് ഡെവലപ്പർ അമൽ ദാസിനും കണ്ടന്റ് അഗ്രഗേറ്റർ രജീഷ് ലാൽ എന്നിവർക്കും 53000 രൂപ വീതം ലഭിക്കും. ഡാറ്റ റിപോസിറ്ററി മാനേജർമാരായ പിവി ജയകുമാറിനും എസ് ശൈലേഷ് കുമാറിനും 45000 രൂപ വീതം ലഭിക്കും. കമ്പ്യൂട്ടർ അസിസ്റ്റന്റ് പി വൈശാഖിന് 22290 രൂപയാണ് പ്രതിമാസം ലഭിക്കുക.
നേരത്തെ 2022 മെയ് 16 മുതൽ ആറ് മാസത്തേക്കായിരുന്നു ഇവർക്ക് നിയമനം നൽകിയത്. പിന്നീട് 2022 നവംബർ 15 ന് കാലാവധി അവസാനിച്ചപ്പോൾ ഒരു വർഷത്തേക്ക് കാലാവധി നീട്ടുകയുമായിരുന്നു. 2023 നവംബർ 15 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവർക്ക് 2024 നവംബർ 15 വരെ വീണ്ടും ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയത്.
ശമ്പളം വർധിപ്പിക്കണമെന്ന ഇവരുടെ ആവശ്യവും സർക്കാർ അധികം താമസിയാതെ പരിഗണിച്ചേക്കും. ഇത് ഉടനെ പരിഗണിക്കാം എന്നാണു മുഖ്യമന്ത്രിയുടെ ഉറപ്പ്. 2 മാസത്തിനുള്ളിൽ ശമ്പളം വർധിപ്പിച്ചേക്കും. 82 ലക്ഷം രൂപയാണ് 12 പേരുടെ ഇപ്പോഴത്തെ വാർഷിക ശമ്പളം.
മറുനാടന് മലയാളി ബ്യൂറോ