മധുബനി: പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഓരോ ഭീകരനെയും ഇന്ത്യ തിരിച്ചറിഞ്ഞ് തേടിപ്പിടിച്ച് ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രിനരേന്ദ്ര മോദി. 26 വിനോദ സഞ്ചാരികളെ വെടിവച്ചുകൊന്ന ഭീകരാക്രമണത്തിന് പിന്നാലെ പാക് പങ്ക് തിരിച്ചറിഞ്ഞ് ശക്തമായ സന്ദേശം നല്‍കുകയായിരുന്നു മോദി.

ബിഹാറിലെ മധുബനിയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് പരിപാടി തുടങ്ങിയത്. പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ വേദനയിലാണ് രാജ്യം മുഴുവനെന്ന് പ്രധാനമന്ത്രി പറഞ്ഞു. ' ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് രാജ്യം മുഴുവന്‍. പരിക്കേറ്റവരുടെ സുഖപ്രാപ്തിക്കായി സര്‍ക്കാര്‍ പരമാവധി ശ്രമിച്ചുവരികയാണ്. ചിലര്‍ക്ക് മകനെ നഷ്ടപ്പെട്ടു, ചിലര്‍ക്ക് സഹോദരനെ നഷ്ടപ്പെട്ടു, ചിലര്‍ക്ക് ജീവിത പങ്കാളിയെ നഷ്ടപ്പെട്ടു. ചിലര്‍ ബംഗാളി സംസാരിക്കുന്നവരായിരുന്നു, ചിലര്‍ കന്നഡ സംസാരിക്കുന്നവരും, ചിലര്‍ മറാത്തിയും ഒഡിയയും ഗുജറാത്തിയും ഒക്കെ സംസാരിക്കുന്നവരായിരുന്നു.'

'കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെ രോഷവും വേദനയുമുണ്ട്. ആക്രമണം നിരപരാധികളായ വിനോദ സഞ്ചാരികള്‍ക്ക് എതിരെ മാത്രമായിരുന്നില്ല, രാജ്യത്തിന്റെ ശത്രുക്കള്‍ ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിച്ചിരിക്കുകയാണ്. ഈ ആക്രമണം അഴിച്ചുവിട്ട ഭീകരര്‍ക്ക് അവര്‍ക്ക് സങ്കല്‍പ്പിക്കാനാകാത്ത ശിക്ഷ നല്‍കും. 140 കോടി ജനങ്ങളുടെ ഇച്ഛാശക്തി തീവ്രവാദത്തിന്റെ സൂത്രധാരന്മാരെ തകര്‍ക്കും. ഞാന്‍ ലോകത്തോട് മുഴുവനായി പറയുന്നു, ഇന്ത്യ ഓരോ ഭീകരനെയും അയാളെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിഞ്ഞ്, തേടിപ്പിടിച്ച് ശിക്ഷിക്കും. അവരെ ഭൂമിയുടെ അറ്റം വരെ പോയി ഞങ്ങള്‍ കണ്ടുപിടിക്കും. ഇന്ത്യയുടെ ആത്മാവിനെ ഭീകരവാദം കൊണ്ട് തകര്‍ക്കാനാവില്ല. ഭീകരവാദത്തിന് ശിക്ഷ കിട്ടാതെ പോകില്ല. നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ പരിശ്രമവും നടത്തും. ഇക്കാര്യത്തില്‍ രാജ്യം മുഴുവന്‍ ഉറച്ച ചിന്താഗതിയിലാണ്', മോദി പറഞ്ഞു.