പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിയുടെ കോഡെഴുതുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എ.ഐ സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണ്. 21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ. ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം പരിവര്‍ത്തനം ചെയ്യാന്‍ എ.ഐ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തിലും എളുപ്പത്തിലും സാക്ഷാത്കരിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ എ.ഐ. സഹായിക്കും. നാം കഴിവുകളും മറ്റു വിഭവങ്ങളുമെല്ലാം ഒരുമിച്ചു കൊണ്ടുവരേണ്ടതുണ്ട്. വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഓപ്പണ്‍ സോഴ്സ് സിസ്റ്റം നമ്മള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എ.ഐ മേഖലയില്‍ അന്താരാഷ്ട്രതലത്തിലുള്ള സഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം എ.ഐ കാരണം ജോലി നഷ്പ്പെടുന്ന അവസ്ഥയാണ് ഏവരും ഭയക്കുന്ന ഒന്ന്. എന്നാല്‍ ടെക്നോളജി കാരണം ജോലി നഷ്ടപ്പെടില്ലെന്ന് ചരിത്രം നമുക്ക് കാണിച്ചുതന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ജോലിയുടെ സ്വഭാവം മാറുകമാത്രമേ ചെയ്യുന്നുള്ളൂ. എ.ഐയുടെ വ്യാപനം ഉണ്ടാവുമ്പോള്‍ പുതിയ തരം തൊഴിലാളികള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ. മുന്നോട്ടുനയിക്കുന്ന ഭാവിയിലേക്കായി ജനങ്ങളുടെ കഴിവിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ എ.ഐ ടാലന്റ് പൂളുകളുണ്ട്. എ.ഐ അഭൂതപൂര്‍വമായ വേഗതയിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. ഭരണമെന്നത് വെല്ലുവിളികളെയോ എതിരാളികളെയോ നിയന്ത്രിക്കുക എന്നത് മാത്രമല്ലെന്നും ലോകത്തിന്റെ നല്ലതിനായി പുതിയ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണെന്ന് മോദി പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സുരക്ഷ എന്നിവയെ എല്ലാം മാറ്റിമറിക്കുകയാണ്. ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ കോഡെഴുതുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എന്നാല്‍, മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റ് നാഴികകല്ലുകളില്‍ നിന്നും വ്യത്യസ്തമാണ് എ.ഐ. മറ്റേത് ടെക്‌നോളജിയേക്കാളും അതിവേഗത്തിലാണ് എ.ഐയുടെ വ്യാപനം ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐയുടെ നിയന്ത്രണത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടു വരാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണം. വ്യവസായം, കാര്‍ഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെ എല്ലാം എ.ഐ മാറ്റിമറിക്കും. എ.ഐയുടെ ഉയര്‍ന്ന തീവ്രതയുള്ള ഊര്‍ജ ആവശ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യണം. എ.ഐക്ക് ഇന്ധനം നല്‍കാന്‍ ഹരിതോര്‍ജം ആവശ്യമാണ്. എ.ഐയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി പരിസ്ഥിതി സൗഹൃദ ഊര്‍ജ ബദലുകള്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.