കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന നിര്‍ണായക കൂടിക്കാഴ്ച. വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യുക്രൈനും തീരുമാനിച്ചു. ഇന്ത്യ - യുക്രൈന്‍ സഹകരണം ശക്തമാക്കാനുള്ള നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. കരാറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സംയുക്ത വാര്‍ത്താക്കുറിപ്പിലൂടെ വൈകാതെ പുറത്തുവിടും. റഷ്യമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രൈനിലെത്തിയ മോദിയെ കെട്ടിപ്പിടിച്ചാണ് പ്രസിഡന്റ് സെലന്‍സ്‌കി സ്വീകരിച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിലടക്കം വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

യുദ്ധത്തില്‍ രക്തസാക്ഷികളായ കുട്ടികളുടെ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും ആദരമര്‍പ്പിച്ചു. യുക്രൈന്‍ മണ്ണില്‍ തീവണ്ടിയിറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രസിഡന്റിനെ മോദി കണ്ടത്. ഹസ്തദാനത്തിനുശേഷം ഇരുനേതാക്കളും ആലിംഗനം ചെയ്തു. രക്തസാക്ഷികളായ കുരുന്നുകള്‍ക്ക് യുക്രൈന്‍ ദേശീയ ചരിത്ര മ്യൂസിയത്തിലെ സ്മാരകത്തിലാണ് ഇരുനേതാക്കളും ആദരമര്‍പ്പിച്ചത്.

'യുദ്ധം ഏറ്റവും കൂടുതലായി ബാധിക്കുന്നത് ചെറിയ കുട്ടികളെയാണ്. ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് എന്റെ ഹൃദയം. വേര്‍പാടിന്റെ ദുഃഖം താങ്ങാനുള്ള ശക്തി അവര്‍ക്കുണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.' -സ്മാരകത്തില്‍ ആദരമര്‍പ്പിച്ച ശേഷം മോദി എക്സില്‍ കുറിച്ചു.

സോവിയറ്റ് യൂണിയനില്‍നിന്ന് 1991-ല്‍ യുക്രൈന്‍ സ്വതന്ത്രമായശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആ രാജ്യം സന്ദര്‍ശിക്കുന്നത്. യുക്രൈനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിലും മോദി ആദരമര്‍പ്പിച്ചു. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ സാര്‍വത്രികമാണെന്നും ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയേകുന്നതാണെന്നും മോദി എക്സില്‍ കുറിച്ചു.

10 മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം എല്ലാ ലോകനേതാക്കളും പോളണ്ടില്‍ ഇറങ്ങി ട്രെയിന്‍മാര്‍ഗമാണ് യുക്രൈനിലേക്ക് പോകുന്നത്. ട്രെയിനിറങ്ങിയ മോദി ഹോട്ടലിലേക്ക് പോയി. യുക്രൈനിലെ ഇന്ത്യന്‍ സമൂഹം ഹോട്ടലില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ നേരത്തേ റഷ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതില്‍ സെലന്‍സ്‌കിയടക്കമുള്ള പശ്ചാത്യ രാജ്യ നേതാക്കള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുക്രൈനിലെത്തുന്നത്.

യുക്രൈനിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കടുത്ത ആശങ്കയറിയിച്ചിരുന്നു. ഒരു പ്രശ്‌നവും യുദ്ധഭൂമിയില്‍ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി രാത്രിയോടെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തും. പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി ട്രെയിന്‍ മാര്‍ഗ്ഗം യുക്രൈനിലെത്തിയത്. നയതന്ത്ര ബന്ധം ആരംഭിച്ച് 30 -ാം വര്‍ഷത്തിലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈനിലെത്തിയത്. റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈന്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറെയുണ്ട്. ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയായി വര്‍ത്തിക്കുമെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തവും ഊര്‍ജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.

റഷ്യ - യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ പോളണ്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ - റഷ്യ ബന്ധം യുക്രൈനില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുമ്പോഴാണ് മോദിയെത്തിയതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സോയിലെ സൈനിക വിമാനത്താവളത്തില്‍ നരേന്ദ്ര മോദി എത്തിയത്. പോളിഷ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പോളണ്ടിലെ മലയാളിയായ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്കടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു.