- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് ജീവശ്വാസമായ രണ്ട് രാജ്യങ്ങൾ; ഓസ്ട്രേലിയ - ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ തെരഞ്ഞെടുത്തത് ക്രിക്കറ്റെന്ന നയതന്ത്ര വഴിയും; മൈതാനം ചുറ്റി മോദിയും ആൽബനീസും; രോഹിത് ശർമയ്ക്കും സ്റ്റീവ് സ്മിത്തിനും ആശംസകൾ കൈമാറിയും ടീം അംഗങ്ങൾക്കു കൈകൊടുത്തും ആവേശം പകർന്ന് ഇരുനേതാക്കളും
അഹമ്മദാബാദ്: ക്രിക്കറ്റ് ജീവശ്വാസമായ രണ്ട് രാജ്യങ്ങളാണ് ഓസ്ട്രേലിയയും ഇന്ത്യയും. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ടെസ്റ്റ് മത്സരവും എല്ലാവർക്കും ആവേശം പകരുന്നതാണ്. അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റ് വേദിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നയതന്ത്ര നീക്കത്തിനും വേദിയായി. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പ്രധാനമന്ത്രിമാരാണ് ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ താരങ്ങളായത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇടം നേടാൻ ഇന്ത്യയും ഓസ്ട്രേലിയയും മാറ്റുരച്ച നിർണായക മത്സരം കാണാനെത്തിയപ്പോഴാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനീസും മൈതാനം നയതന്ത്രവേദിയാക്കി മാറ്റിയത്. രഥം പോലെ രൂപകൽപന ചെയ്ത ഗോൾഫ് കാർട്ടിൽ കയറിനിന്ന് ഇതു നേതാക്കളും മൈതാനം ചുറ്റിയപ്പോൾ ഇന്ത്യയുടെ മുൻ താരം രവി ശാസ്ത്രിയുടെ കമന്ററി മുഴങ്ങി. പശ്ചാത്തലത്തിൽ എ.ആർ.റഹ്മാന്റെ 'മാ തുച്ഛേ സലാം' ഗാനം. സുരക്ഷാക്രമീകരണങ്ങൾ മൂലം സ്റ്റേഡിയത്തിൽ ആൾക്കൂട്ടത്തിനു നിയന്ത്രണമുണ്ടായിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ആശംസകൾ കൈമാറിയും ടീം അംഗങ്ങൾക്കു കൈകൊടുത്തും മോദിയും ആൽബനീസും ആവേശം പകർന്നു. മൈതാനത്ത് ഓസ്ട്രേലിയയും ഇന്ത്യയും മത്സരത്തിൽ മുഴുകുമ്പോൾ, പുറത്ത് രാഷ്ട്രനേതാക്കൾ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാനായി സഹകരിക്കുകയാണെന്ന് ആൽബനീസ് പിന്നീടു ട്വീറ്റ് ചെയ്തു. 4 ദിവസത്തെ സന്ദർശനത്തിനാണ് ആൽബനീസ് ഇന്ത്യയിൽ എത്തിയത്.
സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവർ ചേർന്നു സ്വീകരിച്ചു. ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കുള്ള ടെസ്റ്റ് ക്യാപ് ഇന്ത്യൻ പ്രധാനമന്ത്രിയും, ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ഓസീസ് പ്രധാനമന്ത്രിയും സമ്മാനിച്ചു. തുടർന്ന് ഇരുവരും സ്റ്റേഡിയം വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു.
സ്റ്റേഡിയത്തിലെ പ്രത്യേക പവലിയനിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന പഴയകാല ആവേശപ്പോരാട്ടങ്ങളുടെ ഓർമചിത്രങ്ങൾ ഇരുവരും സന്ദർശിച്ചു. മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന കമന്റേറ്റർ രവി ശാസ്ത്രി ഓരോ ചിത്രങ്ങളുടെയും പ്രത്യേകതകൾ ഇരുവർക്കും വിവരിച്ചുനൽകി. തുടർന്ന് ക്യാപ്റ്റന്മാർക്കൊപ്പം വീണ്ടും ഗ്രൗണ്ടിലേക്ക്. അവിടെ ദേശീയഗാനത്തിനായി അണിനിരന്ന ഇരു ടീമുകളിലെയും താരങ്ങളെയും ക്യാപ്റ്റന്മാർ പ്രധാനമന്ത്രിമാർക്ക് പരിചയപ്പെടുത്തി. തുടർന്ന് താരങ്ങൾക്കൊപ്പം ദേശീയ ഗാനത്തിനും ഒപ്പം നിന്ന ശേഷമാണ് ഇരുവരും ഗ്രൗണ്ട് വിട്ടത്.
ഇന്ത്യഓസ്ട്രേലിയ നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ റെക്കോർഡ് കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. 1,32,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം കാണികൾ എത്തിയെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരുദിവസം ഏറ്റവും കൂടുതൽ കാണികളെത്തിയത് 201314ലെ ആഷസ് പരമ്പരയിലാണ്. പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം കാണാൻ 91,112 പേരാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്.
ഇന്ത്യ പാക്ക് ബന്ധത്തിന് തെല്ലൊരു കുളിർമ പകരുന്ന നയതന്ത്രക്കാറ്റായി ക്രിക്കറ്റ് മത്സരവേദികൾ മാറിയിട്ടുണ്ട്. മൊഹാലിയിൽ 2011ൽ നടന്ന ലോകകപ്പ് ഏകദിന മാച്ച് സെമി ഫൈനൽ കാണാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും എത്തിയത് രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷമായിരുന്നു. 1987 ൽ ജയ്പുരിൽ നടന്ന മത്സരം കാണാനെത്തിയ സൈനിക ഏകാധിപതി ജനറൽ സിയ ഉൾ ഹഖ് തുടർന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.
മറുനാടന് ഡെസ്ക്