ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹസിച്ച് പാക്കിസ്ഥാനിലെ ജനങ്ങള്‍. ഷഹ്ബാസിനെതിരെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ഇന്ത്യയുടെ തിരിച്ചടി നേരിടാനാകാത്ത ദുര്‍ബലനാണ് ഷഹ്ബാസ് എന്നാണ് പാക് പൗരന്മാരുടെ വിമര്‍ശനം.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് പ്രധാനമന്ത്രി രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തിരുന്നു. ചിന്തിയ ഓരോതുള്ളി ചോരയ്ക്കും പകരം ചോദിക്കുമെന്ന് അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ആത്മവിശ്വാസമില്ലാത്ത, ദുര്‍ബലനെ പോലെയാണ് ഷെരീഫിനെ കണ്ടാല്‍ തോന്നുന്നതെന്നായിരുന്നു പല പാക് പൗരന്മാരും സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്.

'ഇന്ത്യ വലിയ വില നല്‍കേണ്ടിവരും. കുട്ടികളടക്കം 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ചീന്തിയ ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കും' എന്നാണ് അഭിസംബോധനയില്‍ ഷഹ്ബാസ് പറഞ്ഞത്. എന്നാല്‍, ഷഹ്ബാസിന്റെ സംസാരം ആത്മവിശ്വാസമില്ലാത്ത ദുര്‍ബലനെപ്പോലെയാണ് തോന്നുന്നത് എന്നായിരുന്നു പല പാക് പൗരന്മാരും സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്. ശരീരഭാഷയെയും പെരുമാറ്റത്തെയുമെല്ലാം ധാരാളംപേര്‍ പരിഹസിച്ചു.

'ഷഹബാസ് അങ്കിള്‍ ദയവായി 2ഃ സ്പീഡില്‍ സംസാരിച്ചു തുടങ്ങൂ, ഞങ്ങള്‍ക്ക് ഇതെല്ലാം കേള്‍ക്കാന്‍ വയ്യ. കാര്യത്തിലേക്ക് കടക്കൂ ', എന്ന് ഷഹ്ബാസിന്റെ സംസാരത്തിന്റെ വേഗതയെക്കുറിച്ച് പലരും പരിഹസിച്ചു.'ഇങ്ങനെ പോയാല്‍ യുദ്ധം അവസാനിച്ചാലും അദ്ദേഹം പ്രസംഗിച്ച് കഴിയില്ല', എന്നാണ് മറ്റൊരു കമന്റ്. 'ഭീരു' എന്നാണ് മറ്റൊരു പാകിസ്ഥാനി കമന്റിട്ടിരിക്കുന്നത്.

'അപ്പോള്‍ ഷഹബാസ് ഷരീഫിന്റെ ക്ലീഷേ പ്രസംഗത്തില്‍ നിന്ന് പ്രതികാരം ചെയ്യാന്‍ പദ്ധതിയില്ലെന്ന് വ്യക്തമാണ്', എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് മറ്റൊരാള്‍ കുറിച്ചത്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടത് ഗൗരവവും മനശക്തിയുമുള്ള ശക്തനായ പ്രധാനമന്ത്രിയാണെന്നും രാജ്യത്തിന് ഇമ്രാന്‍ ഖാനെ ആവശ്യമായ സമയമാണ് ഇതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

അതേ സമയം പാക്ക് പ്രതിരോധ മന്ത്രിയും കടുത്ത വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാക് അവകാശവാദത്തിന് തെളിവു ചോദിച്ചപ്പോള്‍ വിചിത്രവും പരിഹാസ്യവുമായ മറുപടിയാണ് ഖ്വാജാ ആസിഫ് നല്‍കിയത്. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. തെളിവെല്ലാം ഇന്ത്യന്‍ സാമൂഹിക മാധ്യമങ്ങളിലുണ്ടെന്നായിരുന്നു ആസിഫ് നല്‍കിയ മറുപടി.

ഇന്ത്യന്‍ വ്യോമസേനയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് പാക് വാദം. എന്നാല്‍, അതിനു തെളിവൊന്നുമില്ലെന്ന് ഇന്ത്യ പറയുന്നു. താങ്കള്‍ക്ക് കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാനാകുമോ, എന്താണ് അതിനുള്ള തെളിവ് എന്നായിരുന്നു അവതാരക ബെക്കി ആന്‍ഡേഴ്സന്റെ ചോദ്യം. അതെല്ലാം സാമൂഹികമാധ്യമങ്ങളിലുണ്ട് എന്നായിരുന്നു ആസിഫ് മറുപടി നല്‍കിയത്. ഇന്ത്യന്‍ സാമൂഹികമാധ്യമങ്ങളിലാണ് ഉള്ളത്. ഞങ്ങളുടേതില്‍ അല്ല.

വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വീഴുന്നതൊക്കെ... അതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളിലുണ്ടെന്നും പാക് മന്ത്രി പറഞ്ഞു. ഇതിന്, പ്രതിരോധമന്ത്രിയെന്ന നിലയ്ക്കുള്ള ഉത്തരമാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാതെ സാമൂഹികമാധ്യമങ്ങളിലുള്ളതിനെ കുറിച്ചല്ല പറയേണ്ടതെന്നും അവതാരക മറുപടിയും നല്‍കി.

യുദ്ധവിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ തെളിവിന് സോഷ്യല്‍മീഡിയ റഫറന്‍സ് പ്രയോഗിച്ച ഖ്വാജാ ആസിഫിനെതിരേ രൂക്ഷ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. ഓണ്‍ലൈനില്‍ കണ്ടെന്നൊക്കെ ഒരു പ്രതിരോധമന്ത്രിക്ക് എങ്ങനെ പറയാനാകും എന്നായിരുന്നു എക്സ് ഉപയോക്താക്കളില്‍ ഒരാളുടെ സംശയം. ഇതാണോ പ്രതിരോധമന്ത്രിയുടെ പ്രസ്താവന? പാകിസ്താന്‍ കാര്യഗൗരവമുള്ള രാജ്യമല്ല.. എന്നിങ്ങനെയായിരുന്നു മറ്റു പലരുടെയും കമന്റുകള്‍.