- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍; കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം; എന്‍ഇപി നയം ഒരു മാതൃക മാത്രം; കേന്ദ്ര സെക്രട്ടറിയുടെ ഈ വാക്കുകള്‍ മഞ്ഞുരുക്കും; പിഎം ശ്രീ പദ്ധതിയിലെ സിപിഐ എതിര്‍പ്പ് താക്കീതില്‍ ഒതുങ്ങും; പിണറായി-ശിവന്‍കുട്ടി കോമ്പോ വിജയത്തിലേക്ക്
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിലെ സിപിഐ എതിര്‍പ്പ് താക്കീതില്‍ ഒതുങ്ങും. അതിന് അപ്പുറത്തേക്കുള്ള തീരുമാനമൊന്നും സിപിഐ എടുക്കില്ല. പിഎം ശ്രീയില്‍ കേരളം ഒപ്പുവച്ച വിഷയത്തില്‍ നിലപാട് തീരുമാനിക്കാന്‍ നിര്‍ണായക സിപിഐ എക്‌സിക്യുട്ടീവ് ഇന്ന് ആലപ്പുഴയില്‍ നടക്കും. മന്ത്രിമാരെ രാജി വെപ്പിക്കുന്നതടക്കം കടുത്ത നിര്‍ദേശങ്ങളിലേക്ക് യോഗം കടക്കില്ല. കേന്ദ്ര പാഠ്യ പദ്ധതി നടപ്പാക്കില്ലെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ വാക്കുകള്‍ സിപിഐ മുഖവിലയ്‌ക്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിയായ ശിവന്‍കുട്ടിയും ചേര്‍ന്ന് നടത്തിയ പിഎം ശ്രീ ഓപ്പറേഷന്‍ അങ്ങനെ വിജയത്തിലെത്തുകയാണ്.
പിഎം ശ്രീയില്‍ കേരളത്തിന് കേന്ദ്രം ഇളവ് നല്‍കും എന്നാണ് സൂചന. പിഎം ശ്രീയില്‍ ഫണ്ടു കിട്ടുമ്പോള്‍ എന്‍ഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന നിബന്ധന കേരളത്തിന് വേണ്ടി ഒഴിവാക്കും. കേരളത്തിന് സ്‌കൂളുകളില്‍ സ്വന്തം പാഠ പുസ്തകം പഠിപ്പിക്കാനും കഴിയും. കേരളവും പദ്ധതിയില്‍ ഒപ്പിട്ടെന്ന് ചൂണ്ടി കാട്ടി ബംഗാളിനേയും തമിഴ്നാടിനേയും ഒറ്റപ്പെടുത്താനാണ് ഈ സുപ്രധാന നീക്കം. ബംഗാളും തമിഴ്നാടും നിയമ നടപടികള്‍ എടുക്കുന്ന സാഹചര്യത്തിലാണ് ഇത്. കേരളം 2024 മാര്‍ച്ചില്‍ തന്നെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്ന് കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സെക്രട്ടറിയുടെ വാക്കുകളും സിപിഎമ്മിന് പ്രതീക്ഷയാണ്. പിഎം ശ്രീയില്‍ ചേര്‍ന്നതുകൊണ്ട് എന്‍ഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞിരുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലാണ്. അതിനാല്‍ തന്നെ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാം. എന്‍ഇപി നയം ഒരു മാതൃക മാത്രമാണ്. ദേശീയ തലത്തില്‍ ഏകീകരണം വേണം എന്നതാണ് കേന്ദ്രത്തിന്റെ താല്‍പര്യമെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. ഇത്തരത്തിലൊരു നിലാപാട് കേന്ദ്രം പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഇത് കേരളത്തിന് വേണ്ടി എടുത്ത തീരുമാനമാണെന്നാണ് സൂചന. ഈ നിലപാട് സിപിഐയേയും സിപിഎം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിലബസിന്റെ കാര്യത്തില്‍ സിപിഐ അയയും. അങ്ങനെ പ്രശ്‌നം തീരും.
പിഎം ശ്രീ പദ്ധതിയില്‍ സിപിഐ കടുത്ത നിലപാടുകള്‍ എടുക്കില്ല. കേന്ദ്ര പാഠ്യപദ്ധതി വേണ്ടി വരില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട് സിപിഐ യോഗത്തെ സെക്രട്ടറി ബിനോയ് വിശ്വം അറിയിക്കും. ഇപ്പോള്‍ സിപിഎമ്മുമായി തെറ്റുന്നത് രാഷ്ട്രീയ തിരിച്ചടിയാകും. ഇടതു ഐക്യത്തില്‍ നിന്നും വ്യതിചലിക്കാന്‍ കഴിയില്ലെന്ന് ബിനോയ് വിശ്വത്തിന്റെ നിലപാട്. മുസ്ലീം ലീഗിന് പിന്നില്‍ മൂന്നാം കക്ഷിയായി യുഡിഎഫിന്റെ ഭാഗമാകുന്നത് ആത്മഹത്യാപരമാണെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. ഇക്കാര്യം സിപിഐ കേന്ദ്ര നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ നയപരമായ കാര്യങ്ങള്‍ സിപിഐ അനുമതിയോടെ ആകണമെന്ന് സിപിഎമ്മിനെ അറിയിക്കും. ആലപ്പുഴയിലെ സിപിഐ യോഗത്തില്‍ കടുത്ത തീരുമാനമൊന്നും ഉണ്ടാകില്ല. എന്നാല്‍ സിപിഐയുടെ അനുമതിയില്ലാതെ രഹസ്യമായി പിഎം ശ്രീയില്‍ ഒപ്പിട്ടതിനെ ശക്തമായി തന്നെ എതിര്‍ക്കും. ഇക്കാര്യം സിപിഎമ്മിനെ അതിശക്തമായി അറിയിക്കുകയും ചെയ്യും.
അതേസമയം, സിപിഎം സമവായ സാധ്യതകള്‍ തേടുകയാണ്. രാവിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം നടക്കും. ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിളിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. കരാറില്‍ നിന്ന് പിന്മാറണമെന്ന പാര്‍ട്ടി ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചര്‍ച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാര്‍ ഒപ്പിട്ടതെന്നാണ് സിപിഐ വിലയിരുത്തല്‍. ഈ നിലപാട് തുടരുമ്പോഴും വിശാല ഇടത് ഐക്യത്തിനായി സിപിഐ നിലകൊള്ളും.
മന്ത്രിമാരെ കാബിനറ്റ് യോഗത്തില്‍ നിന്ന് പിന്‍വലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിര്‍ദേശങ്ങളാണ് സിപിഐയുടെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. കടുത്ത തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണയുണ്ട്. അതേ സമയം പാര്‍ട്ടി മുന്നണി വിടില്ല. പിഎം ശ്രീയില്‍ വിട്ടുവീഴചയില്ലാതെ സിപിഐ മുന്നോട്ട് പോകുമ്പോള്‍ സമവായ ചര്‍ച്ചക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. നിലവിലെ സാഹചര്യം വിലയിരുത്താന്‍ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്.
സിപിഐക്കാര്‍ രാഷ്ട്രീയ ശത്രുക്കളല്ലെന്നും അവര്‍ സഹോദര പാര്‍ട്ടിയാണെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചിട്ടുണ്ട്. സഹോദരങ്ങളാകുമ്പോള്‍ ചില കാര്യങ്ങള്‍ അറിയാറില്ലെന്നും എല്ലാം നേതാക്കള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുമായുള്ളത് സഹോദരപിണക്കം മാത്രമാണ്. വകുപ്പിന്റെയും മന്ത്രിയുടെയും അനുമതിയോടെയാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രം ഒപ്പിട്ടത്. മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം രണ്ടുതവണ വന്നിരുന്നു. പിഎംശ്രീ നടപ്പാക്കിയത് കൊണ്ട് സിലബസില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയുന്നു. അതിന്റെ ഉത്തരവാദിത്വം തനിക്കുണ്ട്. പിഎംശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസനയം(എന്‍ഇപി) അടിച്ചേല്‍പ്പിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. സിപിഐയെ പിണക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ സിപിഎം പ്രകടിപ്പിക്കുന്നത്.




