തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടതില്‍ കേരളത്തോട് തമിഴ്‌നാട് അടക്കം പിണക്കത്തില്‍ തന്നെ. ഈ സാഹചര്യത്തിലെ ഗൗരവത്തില്‍ എടുത്തിരിക്കുകയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണിയ്ക്കുണ്ടായ വലിയ തിരിച്ചടിയായി ഇതിനെ ഡിഎംകെ കാണുന്നു. ഈ സാഹചര്യത്തിലാണ് അതിദരിദ്ര മുക്ത കേരള പ്രഖ്യാപനത്തില്‍ നടന്‍ കമല്‍ഹാസന്‍ എത്തുന്നത്. ഇതിനിടെ ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ദുരൂഹമായി തുടരുകയാണ്. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ പോലും അറിയാതെയാണ് കരാര്‍ ഒപ്പിട്ടത്. ഇത്രയും രഹസ്യമായി ചെയ്ത നീക്കത്തില്‍ ബ്രിട്ടാസിന്റെ റോള്‍ പുറത്തു വരുന്നത് സിപിഐ ചോദ്യം ചെയ്‌തേയ്ക്കും.

വിവാദം തുടരുമ്പോഴാണ് കരാര്‍ ഒപ്പിട്ടതിനു മുഖ്യമന്ത്രിക്കും ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവര്‍ക്കും നന്ദി അറിയിക്കുന്നതായി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞദിവസം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞമാസം 10നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പം ജോണ്‍ ബ്രിട്ടാസും ഇതിനായി ഇടപെട്ടെന്നു കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നെ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. കേരളം പിഎം ശ്രീയില്‍ ഒപ്പിട്ടതിനെ പ്രധാന്‍ ബിഹാറിലെ തിരഞ്ഞെടുപ്പു പ്രചാരണ വേദികളിലടക്കം പ്രചാരണായുധമാണ്.

മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്നും മടങ്ങിയതിന് ശേഷം ചില ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടാസിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി അറിയിച്ചത് എന്നാണ് വിലയിരുത്തല്‍. രഹസ്യമായി തിടുക്കത്തില്‍ നടന്ന ഒപ്പുവയ്ക്കലിനു പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്ന ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കുന്നതാണ് ഇത്. ബീഹാറില്‍ അടക്കം വിഷയം ചര്‍ച്ചയാക്കാന്‍ കഴിഞ്ഞതിനെ ഗൗരവത്തിലാണ് ബിജെപിയും കാണുന്നത്. അതിനിടെ എംശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ച വിവരം സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ തീരുമാനത്തെ കേന്ദ്രം സ്വാഗതംചെയ്തു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഗുണം ലക്ഷ്യമാക്കി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകണമെന്നും പട്നയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പിഎംശ്രീ പദ്ധതിയില്‍നിന്ന് പിന്‍മാറാനുള്ള കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിവുണ്ടോയെന്ന ചോദ്യത്തിന്, കേരളത്തില്‍നിന്ന് ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ തന്റെ ശ്രദ്ധയിലില്ലെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെയും ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ള മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങളെയും നന്ദി അറിയിച്ചിരുന്നു. പദ്ധതിയില്‍ ചേരുമെന്ന് രണ്ടുദിവസംമുന്‍പ് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍, ആ തീരുമാനം തുടരുമെന്നാണ് കരുതുന്നത്. പദ്ധതിയില്‍നിന്ന് സംസ്ഥാനത്തിന് പിന്‍വാങ്ങാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ഇത്തരം നീക്കത്തെക്കുറിച്ച് അറിവില്ലെന്ന് പ്രധാന്‍ പറഞ്ഞു. പദ്ധതിയുമായി കേരളം മുന്നോട്ടുപോകണമെന്നാണ് പറയാനുള്ളത്. ഇത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള നല്ല പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎംശ്രീ പദ്ധതിയെക്കുറിച്ച് പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസ്താവന അവസരവാദപരവും അവ്യക്തവുമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ചെറിയ ധാരണപോലുമില്ലാതെയാണ് പരാര്‍ശം നടത്തിയത്. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ശാസ്ത്രീയമായ വിജ്ഞാനം നേടേണ്ടതില്ലെന്നാണോ കരുതുന്നത്? വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യപരിശീലനം ലഭിക്കണ്ടേ? ഇതെല്ലാം പിഎംശ്രീ പദ്ധതിയിലുണ്ട്. രാഷ്ട്രീയകാരണങ്ങളാല്‍ പദ്ധതിയെ എതിര്‍ക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.