കൊച്ചി: കൗമാരക്കാരുടെ പ്രണയം പോക്‌സോ കേസായി മാറിയത് റദ്ദാക്കി ഹൈക്കോടതി. താന്‍ പ്രണയം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന പെണ്‍കുട്ടിയുടെ സത്യവാങ്മൂലത്തോടെയാണ് കേസ് റദ്ദാക്കിയത്. സ്‌കൂള്‍ പഠനകാലം മുതലുള്ള പ്രണയത്തെയും കാമുകനെയും കൈയൊഴിയാതെ പ്രണയിനിയായ പെണ്‍കുട്ടി കോടതിയില്‍ നിലപാട് എടുത്തു. ആണ്‍കുട്ടിയുമൊത്ത് പ്രണയം തുടരാനാണ് ആഗ്രഹമെന്ന് കൗമാരക്കാരി നല്‍കിയ സത്യവാങ്മൂലത്തെ തുടര്‍ന്ന് പോക്‌സോ കേസ് കോടതി റദ്ദാക്കി.

പതിനെട്ടുകാരനായ കൗമാരക്കാരനെതിരെ ചിറയിന്‍കീഴ് പൊലീസെടുത്ത പോക്‌സോ കേസ് വിസ്താരത്തിനിടയിലാണ് പ്രണയബന്ധം തുടരാനുള്ള ആഗ്രഹമറിയിച്ചത്. ഇരുവരുമൊത്തുളള യാത്രകളിലും സുഹൃത്തുക്കളുടെ വീടുകളിലും വെച്ച് പലതവണ പീഡിപ്പിച്ചു എന്നാരോപിച്ചാരുന്നു കേസ്. ഈ കേസാണ് വിചാരണക്കിടെ റദ്ദാക്കിയത്.

തിരുവനന്തപുരം പോക്‌സോ കോടതിയുടെ കീഴിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പതിനെട്ടുകാരനായ കൗമാരക്കാരന്‍ ഹൈകോടതിയെ സമീപിച്ചത്. കേസെടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സില്‍ താഴെയായിരുന്നു പ്രായമെന്നതിനാല്‍ ഉഭയസമ്മതപ്രകാരമുളള ബന്ധമെന്ന വാദം ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കുട്ടിക്കാലം മുതലേ ഒരുമിച്ച് പഠിച്ചു വളര്‍ന്നതിനാല്‍ പോക്‌സോ കേസ് കൗമാരക്കാരന്റെ ഭാവി തകര്‍ക്കുമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പരാതിയില്ലെന്നതിനാലും ഭാവിയില്‍ ഇരുവരും ഒന്നിച്ച് ജീവിക്കാനുള്ള സാധ്യതയെയും മുന്‍ നിര്‍ത്തിയാണ് കേസ് റദ്ദാക്കുന്നതെന്നും ഉത്തരവില്‍ ജസ്റ്റിസ് ജി. ഗിരീഷ് അഭിപ്രായപ്പെട്ടു.

2023 ല്‍ കേസെടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും ആരോപിച്ചായിരുന്നു കേസെടുത്തത്. അന്ന് സംഭവിച്ച കൗമാരചാപല്യങ്ങളാണ് ക്രിമിനല്‍ കേസായതെന്നും കോടതി വിലയിരുത്തി.