കൊച്ചി: യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ സിദ്ധിഖിനെതിരെ പൊലീസില്‍ പരാതി നല്‍കി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വൈറ്റില സ്വദേശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. സിദ്ധിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ ആരോപണ വിധേയനായ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പായിരുന്നു എന്ന് ചൂണ്ടികാട്ടിയാണ് ഈ ആവശ്യം. അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്. ആരോപണം ഉയര്‍ന്നതോടെ താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. സിദ്ദിഖ് തന്നറെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ ലാലിന് സിദ്ദിഖ് രാജി കത്ത് നല്‍കി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ രാജി.

. 'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ "അമ്മ" യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ', എന്നാണ് രാജിക്കത്തിലെ പരാമര്‍ശം.

യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്റെ ആരോപണങ്ങളില്‍ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകള്‍ പുറത്തുവന്നത്. നടി പരാതി നല്‍കുകയാണെങ്കില്‍ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം.

പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു.

'പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് ഇദ്ദേഹം സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത്. നിള തീയേറ്ററില്‍ 'സുഖമായിരിക്കട്ടെ'യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഞാന്‍ പോകുന്നത്. അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല്‍ ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനില്‍ക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,' രേവതി പറഞ്ഞു.

'ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നവും മാനസികാരോഗ്യവുമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് മാത്രമല്ല, എന്റെ പല സുഹൃത്തുകള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവമുണ്ടായിട്ടുണ്ട്,' രേവതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുള്ള പ്രതികരണത്തിനും പിന്നാലെ എഎംഎംഎയ്ക്കും സിദ്ദിഖിനുമെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു. യുവനടിയുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തില്‍ വിശദീകരണം പിന്നീട് നല്‍കാമെന്നും നിലവില്‍ ഊട്ടിയില്‍ സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണെന്നും സിദ്ദിഖ് പറഞ്ഞു.