'നിങ്ങളുടെ ഭക്ഷണം ആവശ്യമില്ല'; ദിവസവും ആയിരത്തിലധികം ആളുകള്‍ക്ക് വെച്ചുവിളമ്പിയവര്ക്ക് അവഹേളനം; വൈറ്റ് ഗാര്‍ഡിന്റെ സേവനം നിര്‍ത്തിച്ച് പോലീസ്
- Share
- Tweet
- Telegram
- LinkedIniiiii
മേപ്പാടി: വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തുകയാണ് മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡ്. ഇവരുടെ സേവനത്തെ പ്രശംസിക്കാത്തവര്‍ ആരുമില്ല. അത്രയ്ക്ക് സന്നദ്ധമായാണ് വൈറ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍.
കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ചാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. എന്നാല്‍ ഇവരുടെ ഭക്ഷണ വിതരണം നിര്‍ത്തണമെന്ന നിര്‍ദ്ദേശം പൊലീസ് നല്‍കിയതിന് പിന്നാലെ നിരാശയോടെ മടങ്ങുകയാണ് വൈറ്റ് ഗാര്‍ഡിന്റെ ചെറുപ്പക്കാര്‍.
ദിവസവും ആയിരത്തിലധികം ആളുകള്‍ക്കാണ് മൂന്ന് നേരവും രാത്രി രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോകും വരെയും ഭക്ഷണ വിതരണം നടത്തിയിരുന്നത്. ഭക്ഷണ വിതരണത്തിന് പുറമെ രക്ഷാദൗത്യത്തിന് പോകുന്നവര്‍ക്ക് പാഴ്സലും ഇവര്‍ നല്‍കാറുമുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷണവുമായി പോകുമ്പോഴാണ് ഇവരെ പൊലീസ് തടഞ്ഞതെന്ന് വൈറ്റ് ഗാര്‍ഡ്സ് പറയുന്നു.
'ഭക്ഷണം ലഭിക്കാതെ ഒരുപാട് പേരുണ്ട് എന്ന് നാട്ടുകാരന് കൂടിയായ പഞ്ചായത്ത് മെമ്പറിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഞങ്ങള്‍ അങ്ങോട്ടേക്ക് പാഴ്സലുമായി തിരിച്ചത്. എന്നാല്‍ പൊലീസ് അങ്ങോട്ടേക്ക് കടത്തിവിടാതിരിക്കുകയും തങ്ങളുമായി തര്‍ക്കത്തിലാവുകയും ചെയ്തു. പഞ്ചായത്ത് മെമ്പറുമായി സംസാരിച്ചതിന് ശേഷം വണ്ടി കടത്തിവിട്ടു. എന്നാല്‍ തിരികെ വരുമ്പോള്‍ പൊലീസ് വീണ്ടും തടഞ്ഞു. തുടര്‍ന്ന് പൊലീസ് കണ്ട്രോള് റൂമിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ ഡിഐജി തോംസണുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല എന്നാണ്- അവര്‍ പറയുന്നു.
റവന്യുവിന്റെ ഭക്ഷണം ഇവിടെയുണ്ട്. ഇവിടെ ഫയര്‍ഫോഴ്സ് സംഘവും മറ്റ് സേനാംഗങ്ങളുമൊക്കെയുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു പുല്ലുമില്ല, ചുക്കുമില്ല എന്ന അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കാത്ത വാക്കുകളുപയോഗിച്ചാണ് സംസാരിച്ചതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ഇനി ഭക്ഷണം വിതരണം ചെയ്താല്‍ നിയമപരമായി നടപടിയെടുക്കും എന്ന് പറഞ്ഞു. ഒരു അതോറിറ്റിയാണ് ഇങ്ങനെ പറഞ്ഞത് എന്നുള്ളതുകൊണ്ട് തന്നെ ഞങ്ങള്‍ ഭക്ഷണ വിതരണം അവസാനിപ്പിക്കുകയാണ്. അക്കാര്യം ഇവിടുത്തെ നാട്ടുകാരെയും അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഭക്ഷണമുണ്ടാക്കാനായി ഒരുപാട് സാധനങ്ങള്‍ വാങ്ങി വെച്ചു. അതെല്ലാം എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല', വൈറ്റ് ഗാര്‍ഡ് അംഗം പറഞ്ഞു.
അതേസമയം വൈറ്റ്ഗാര്‍ഡിന് അവസരം നിഷേധിച്ചത് രാഷ്ട്രീയമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വയനാട് ദുരന്തബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നതിന് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തിയ സംവിധാനം നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ വിമര്‍ശനം ശക്തമാണ്.
ഒട്ടേറെ പേര്‍ക്ക് സൗജന്യമായി നല്കിയ ഭക്ഷണ വിതരണം നിര്‍ത്തിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ജൂലൈ 31ന് രാവിലെയാണ് നരിപ്പറ്റയിലുള്ള വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭക്ഷണവിതരണം ആരംഭിച്ചത്. ഇന്നലെവരെ മൂന്ന് നേരവും ആയിരക്കണക്കിനു പേര്‍ക്ക് അവര്‍ ഭക്ഷണം നല്‍കിവരുന്നതായി ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.