തിരുവനന്തപുരം: കേരള പോലീസിലെ ഏറ്റവും തന്ത്രപ്രധാന യൂണിറ്റായ ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി വിഭാഗത്തിലേക്കു നിയമനം നടത്തുന്നതിനായി പി.എസ്. സി സാങ്കേതിക പരീക്ഷ നടത്തി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ അവശേഷിക്കുന്ന കാലാവധി 90 പ്രവര്‍ത്തി ദിവസത്തില്‍ താഴെ മാത്രം. 393 പേര്‍ മെയിന്‍ ലിസ്റ്റിലും 131 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും ഇടം നേടിയെങ്കിലും കേവലം 21 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്.

സൈബര്‍ കുറ്റാന്വേഷണങ്ങള്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കുക, വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെ പോലീസിന്റെ വാര്‍ത്താവിനിമയത്തിന് ഭൗതിക സാഹചര്യമൊരുക്കുക, പോലീസ് സ്റ്റേഷനുകളിലേയും ഓഫീസുകളിലെയും സാങ്കേതിക ഉപകരണങ്ങളുടെ പരിപാലനം അറ്റകുറ്റപ്പണികള്‍, സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിചരണം, വിവിവിഐപി ഡ്യൂട്ടികള്‍, ശബരിമല ഡ്യൂട്ടിക്ക് ആവശ്യമായ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യലും അവയുടെ പരിപാലനവും, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെയും മറ്റ് നൂതന സുരക്ഷാ ഉപകരണങ്ങളുടെയും നിരീക്ഷണവും പരിപാലനവും, പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കല്‍ എന്നിവയാണ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി വിഭാഗത്തിന്റെ പ്രധാന ചുമതലകള്‍. പഴയ കാലഘട്ടത്തിലെ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി വൈവിധ്യമേറിയതും ഗൗരവകരവുമായ പുതിയ ചുമതലുകള്‍ ഏറ്റെടുത്ത് നടത്തിവരുമ്പോഴും 1974 ല്‍ യൂണിറ്റ് രൂപീകരിച്ച സമയത്തെ സ്റ്റാഫ് പാറ്റേണില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

കേരള പോലീസില്‍ സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്തപ്പെടുന്ന ഏക വിഭാഗമാണ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി. പോലീസ് വാര്‍ത്താവിനിമയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിക്ഷിപ്തമായിരിക്കെ വിവിധ പോലീസ് യൂണിറ്റുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സിഓബി നോഡുകള്‍, കണ്ട്രോള്‍ റൂമുകള്‍, ഇആര്‍എസ്എസ് എന്നിവയില്‍ നിലവില്‍ പ്രവര്‍ത്തിയെടുത്തു വരുന്നത് സാങ്കേതിക വൈഭവമോ പരിശീലനമോ ഇല്ലാത്ത സാധാരണ പോലീസ് ഉദ്യോഗസ്ഥരാണ്. സൈബര്‍ ഡിവിഷന്‍ ഉള്‍പ്പെടെ വിവിധ യൂണിറ്റുകളിലേക്ക് പുനര്‍വിന്യസിക്കുന്നതിനായാണ് ടെലികമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരെ സിഓബി നോഡുകളില്‍ നിന്നും കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും പിന്‍വലിച്ചത്. പോലീസ് സ്റ്റേഷനുകളിലെ അംഗബലത്തില്‍ നിന്നും വര്‍ക്കിങ് അറേഞ്ച്മെന്റ് എന്ന പേരില്‍ യോഗ്യതയോ പരിശീലനമോ ഇല്ലാത്ത സാധാരണ പോലീസ് ഉദ്യോഗസ്ഥരെ കമ്മ്യൂണിക്കേഷന്‍ യൂണിറ്റുകളില്‍ നിയോഗിക്കുന്നതുകൊണ്ട് ടെലികമ്മ്യൂണിക്കേഷന്‍ പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാത്ത അവസ്ഥയാണുള്ളത്.

കാലാനുസൃതമായി പോലീസ് ജോലിയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവും സാങ്കേതിക വൈഭവമുള്ള സേനാംഗങ്ങളുടെ അഭാവവും സൈബര്‍ കുറ്റകൃത്യങ്ങളുടെ ഗണ്യമായ വര്‍ദ്ധനവും കണക്കിലെടുത്ത് കേരളത്തിലെ 484 ലോ ആന്‍ഡ് ഓര്‍ഡര്‍ പോലീസ് സ്റ്റേഷനുകളിലും രണ്ട് വീതം ടെലി കമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അതിന് അധികമായി വേണ്ട 652 ടെലികമ്മ്യൂണിക്കേഷന്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തെങ്കിലും ധനവകുപ്പ് ഇടപെട്ട് ഈ നീക്കം മരവിപ്പിച്ചിരുന്നു. നിലവില്‍ കേരളത്തിലെ 20 സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ മാത്രമാണ് ടെലികമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെ സേവനമുള്ളത്. സൈബര്‍ വിഭാഗത്തിലേക്ക് ഉള്‍പ്പെടെ ടെലികമ്മ്യൂണിക്കേഷന്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ സാധിക്കുമെന്നിരിക്കെയാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 95% ഉദ്യോഗാര്‍ത്ഥികളും നിയമനം ലഭിക്കാതെ പുറത്തു പോകുന്നത്.

അനുവദിക്കപ്പെട്ട അംഗബലം ഉപയോഗിച്ച് നിലവിലെ പ്രവര്‍ത്തികള്‍ക്ക് പോലും ബുദ്ധിമുട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ 261 ഉദ്യോഗസ്ഥര്‍ പ്രത്യേകം സര്‍ക്കാര്‍ ഉത്തരവിലൂടെ സൈബര്‍ ഡിവിഷനിലേക്ക് മാറ്റപ്പെട്ടതും. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ റൂറല്‍ ജില്ലകളില്‍ ടെലികമ്മ്യൂണിക്കേഷന്‍ സബ് യൂണിറ്റുകള്‍ അനുവദിക്കാത്തത് മൂലമുള്ള അംഗബലത്തിലെ കുറവും നിലവില്‍ കൈകാര്യം ചെയ്തുവരുന്ന പ്രവര്‍ത്തികളെ സാരമായി ബാധിക്കുന്നുണ്ട്. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അധിക തസ്തികകള്‍ ആവശ്യമാണെന്നിരിക്കെ സര്‍ക്കാര്‍ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.