ഒന്റാറിയോ: ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കാനഡയിലാണ് സംഭവം. ഒരുകൂട്ടം കനേഡിയന്‍ യുവാക്കളാണ് ദൃശ്യങ്ങളിലുള്ളത്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പീറ്റര്‍ബറോയില്‍ വെച്ചായിരുന്നു സംഭവം. സംഭവം രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

'വലിയ മൂക്കുള്ള കുടിയേറ്റക്കാരന്‍. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങിവന്ന് നിന്നെ കൊല്ലണോ?' എന്നായിരുന്നു യുവാവിന്റെ ഭീഷണി. ഒരു പിക്കപ്പ് ട്രക്കിലിരുന്ന് മൂന്ന് യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയ അധിക്ഷേപങ്ങളും അസഭ്യവര്‍ഷവും നടത്തുന്നതാണ് വീഡിയോയാണ് സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവാക്കളുടെ സംസാരത്തില്‍ ഇന്ത്യക്കാർക്കെതിരെയുള്ള കടുത്ത വിദ്വേഷം പ്രകടമാണ്. ഇന്ത്യന്‍ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെയാണ് യുവാക്കളിലൊരാള്‍ വധഭീഷണി മുഴക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പീറ്റര്‍ബറോ പോലീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കവര്‍ത്ത ലേക്‌സ് സിറ്റിയില്‍ നിന്നുള്ള 18 വയസ്സുകാരനാണ് പിടിയിലായതെന്നാണ് വിവരം. ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. 'ഇത്തരത്തിലുള്ള പെരുമാറ്റം നമ്മുടെ സമൂഹത്തിലോ, മറ്റേതൊരു സമൂഹത്തിലോ അംഗീകരിക്കാനാവില്ലെന്ന് ആ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും,' പീറ്റര്‍ബറോ പോലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്‌സ് പറഞ്ഞു.

'നമ്മുടെ സമൂഹത്തില്‍ നടക്കുന്ന വിദ്വേഷപരമായ സംഭവങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരാന്‍ ഞങ്ങള്‍ ഇവിടുത്തെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ജീവിക്കുകയും ജോലി ചെയ്യുകയും സന്ദര്‍ശിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു സമൂഹം ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' പോലീസ് പറഞ്ഞു.

ഇത് നമ്മുടെ നഗരത്തില്‍ അംഗീകരിക്കാനാവുന്ന പെരുമാറ്റമല്ല എന്നത് വ്യക്തമാണെന്നും ആവശ്യമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കാനും ഇത്തരം കുറ്റകൃത്യങ്ങൾ പോലീസിനെ അറിയിക്കേണ്ടത് അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യത്തില്‍ വിട്ടയച്ച പ്രതിയെ സെപ്റ്റംബര്‍ 16-ന് കോടതിയില്‍ ഹാജരാകുമെന്നും പോലീസ് അറിയിച്ചു.