- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയല്‍ സൂക്ഷിച്ചിരുന്നത് സിപിഎം നേതാക്കളുടെ വമ്പന്‍ സാമ്പത്തിക തട്ടിപ്പിന്റെ രഹസ്യ വിവരങ്ങള്‍; കെടിഡിസിയില്‍ വ്യാജനിയമന ഉത്തരവ് നല്‍കി കോടികള്‍ തട്ടിയ ജയസൂര്യ പ്രകാശുമായി ഏരിയാ സെക്രട്ടറിക്ക് അടുത്ത ബന്ധം; സത്യം ചര്‍ച്ചയാക്കിയ മറുനാടനെ കള്ളക്കേസില്‍ കുടുക്കിയും ചരിത്രം; അടൂരിലെ കസ്റ്റഡി മര്‍ദനം: വീണ്ടും ചര്‍ച്ചകളില്‍
അടൂര്‍: ഇപ്പോള്‍ വിവാദമായിരിക്കുന്ന അടൂരിലെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജോയലിന്റെ കസ്റ്റഡി മര്‍ദനവും തുടര്‍ന്നുള്ള മരണത്തിലേക്കും നയിച്ച സംഭവങ്ങളുടെ പിന്നാമ്പുറ വാര്‍ത്തകള്‍ പുറത്തു വിട്ടത് മറുനാടന്‍ അടക്കമുളള മാധ്യമങ്ങളായിരുന്നു. സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ് അടക്കമുളളവര്‍ക്ക് ജയസൂര്യയുടെ സാമ്പത്തിക തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ചുളള വിവരങ്ങളാണ് പുറത്തു വന്നത്. അന്ന് മറ്റു മാധ്യമങ്ങള്‍ ഒന്നും തന്നെ ഇത് ഏറ്റെടുക്കാന്‍ തയാറായില്ല. മറുനാടനിലും മംഗളം ദിനപത്രത്തിലുമാണ് തുടര്‍ വാര്‍ത്തകള്‍ ഇതു സംബന്ധിച്ച് വന്നത്. തുടര്‍ന്ന് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, മംഗളം ദിനപത്രത്തിന്റെ ജില്ലാ ലേഖകനായിരുന്നു ജി. വിശാഖന്‍, ജോയലിന്റെ അയല്‍വാസിയും പ്രാദേശിക പത്രപ്രവര്‍ത്തകനുമായിരുന്നു അരുണ്‍ നെല്ലിമുകള്‍ എന്നിവര്‍ക്കെതിരേ മനോജിന്റെ നിര്‍ദേശപ്രകാരം അടൂര്‍ പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്ഐആര്‍ ഇട്ട് പേടിപ്പിക്കാനുള്ള മനോജിന്റെ നീക്കം തള്ളിക്കൊണ്ട് മറുനാടന്‍ വാര്‍ത്തകള്‍ തുടര്‍ന്നു. യാതൊരു തെളിവുമില്ലാതെ നല്‍കിയ പരാതിയില്‍ കേസ് എടുത്ത പോലീസ് വെട്ടിലുമായി. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് വ്യക്തമായെങ്കിലും കേസ് തീര്‍പ്പാക്കാതെ ഇട്ടിരിക്കുകയാണ്. കേസ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയാല്‍ പരാതിക്കാരനായ മനോജിനെതിരേ നിയമനടപടി വരുമെന്ന് കണ്ടാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കാതിരിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവും സിപിഎം ഏരിയാ സെക്രട്ടറി മനോജ് അടക്കമുള്ള നേതാക്കളുടെ അടുത്ത സുഹൃത്തുമായിരുന്നു വ്യാജ നിയമന ഉത്തരവ് നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ ജയസൂര്യ പ്രകാശ്. ഇവരുടെ ഡ്രൈവര്‍ ആയിരുന്നു പിന്നീട് പോലീസ് മര്‍ദനത്തില്‍ ശാരീരിക അസ്വസ്ഥതകളുണ്ടായി മരണപ്പെട്ട ഡിവൈ.എഫ്.ഐ നേതാവ് ജോയല്‍. ജയസൂര്യയും പ്രശാന്ത് പ്ലാത്തോട്ടം എന്ന സിപിഎം നേതാവും ചേര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെടിഡിസിയിലേക്ക് വ്യാജനിയമന ഉത്തരവ് നല്‍കി തട്ടിപ്പ് നടത്തിയത്. ജയസൂര്യയുടെ ഡ്രൈവറായി ജോയലിനെ നിയോഗിച്ചത് അഡ്വ. എസ്. മനോജ് ആയിരുന്നു.
എപ്പോഴും ജയസൂര്യയ്ക്ക് ഒപ്പമുണ്ടായിരുന്ന ജോയലിന് അവര്‍ എന്തൊക്കെ ചെയ്യുന്നു, എവിടെയൊക്കെ പോകുന്നു, ഏതൊക്കെ നേതാക്കളെ കാണുന്നു, തട്ടിപ്പിന്റെ വിഹിതത്തില്‍ ആരൊക്കെ പങ്കു പറ്റുന്നു എന്നൊക്കെ വ്യക്തമായി അറിയാമായിരുന്നു. വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയതിന് 2018 ഓഗസ്റ്റ് ഒടുവില്‍ പന്തളത്ത് വച്ച് ജയസൂര്യ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുമ്പോള്‍ ജോയലും ഉണ്ടായിരുന്നു. ജയസൂര്യയ്ക്ക് വിശാലമായ ബന്ധങ്ങളാണുണ്ടായിരുന്നത്. അതിലേറെയും എസ്. മനോജുമായിട്ടായിരുന്നു. ഈ വിവരം അറിയാമായിരുന്ന ജോയല്‍ പാര്‍ട്ടിയും നേതാക്കളുമായി അകന്നു. ഇതോടെ നേതാവിന്റെ കണ്ണിലെ കരടായി ജോയല്‍ മാറി. ആസൂത്രിതമായി ജോയലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അടൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന യു ബിജുവും ജോയലും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നിട്ടും കസ്റ്റഡിയില്‍ എടുത്ത ജോയലിനെ ഇയാള്‍ യാതൊരു പരിചയവും കാണിക്കാതെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജോയലിന്റെ പിതാവിന്റെയും പിതൃസഹോദരിയുടെയും മുന്നില്‍ വച്ചായിരുന്നു മര്‍ദനം. ഇതിന് ശേഷം ബിജു തന്നെ ജോയലിനോട് ക്ഷമ ചോദിക്കുകയും മുകളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞുവെന്നുമാണ് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നത്. എന്തായാലും മര്‍ദനമേറ്റ് അഞ്ചാം മാസം ജോയല്‍ മരിച്ചു.
ജോലി തട്ടിപ്പിന്റെ നാള്‍വഴികള്‍
ജോലി തട്ടിപ്പ് സംബന്ധിച്ച് ആദ്യം പരാതി എത്തിയത് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലായിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്ന അരുള്‍ ബി. കൃഷ്ണ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. വലിയൊരു തട്ടിപ്പിന്റെ ചുരുള്‍ അവിടെ നിവരുകയായിരുന്നു.
അടൂര്‍ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുന്‍ അംഗം സതിയുടെ മകളാണ് ജയസൂര്യ പ്രകാശ്. നെല്ലിമുകള്‍ സ്വദേശിയും സിപിഎം തുവയൂര്‍ ലോക്കല്‍ കമ്മറ്റിയംഗവുമായിരുന്നു കൂട്ടാളി പ്രശാന്ത് പ്ലാന്തോട്ടം. 20 പേരില്‍ നിന്നാണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയത്. 16 പേരില്‍ നിന്ന് രണ്ടു പേരും ചേര്‍ന്നും നാലുപേരില്‍ നിന്ന് ജയസൂര്യ ഒറ്റയ്ക്കുമാണ് പണം വാങ്ങിയത്. 10 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. കെടിഡിസിയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് നാലുപേരില്‍ നിന്നായി രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റിയിരുന്നു. ജോലി കിട്ടാന്‍ വൈകിയപ്പോള്‍ ഇവര്‍ നേരിട്ട് അന്നത്തെ ചെയര്‍മാന്‍ എം വിജയകുമാറിനെ സമീപിച്ചു. തങ്ങള്‍ നേരിട്ട് നിയമനമില്ലെന്നും പിഎസ് സി വഴി മാത്രമേ ആളെ എടുക്കൂ എന്നും അറിയിപ്പു കിട്ടിയതോടെ ഇവര്‍ പണം തിരികെ ചോദിച്ചു. നല്‍കാതെ വന്നപ്പോഴാണ് പരാതി നല്‍കിയത്.
കെടിഡിസി ചെയര്‍മാനും മുന്‍ സ്പീക്കറുമായ എം വിജയകുമാറിന്റെ ലെറ്റര്‍ പാഡ്, ഔദ്യോഗിക സീല്‍, ഒപ്പ് എന്നിവ വ്യാജമായി നിര്‍മിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അരുള്‍ ബി. കൃഷ്ണ സൈബര്‍ സെല്ലും സ്പെഷല്‍ ബ്രാഞ്ചും ചേര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ആദ്യം പിടിയിലായത് പ്രശാന്ത് പ്ലാന്തോട്ടമാണ്. അടൂരില്‍ നിന്നും പ്രശാന്തിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പുത്തന്‍കാറും അതില്‍ നിന്ന് വ്യാജരേഖകളും കണ്ടെടുത്തു. പിന്നെ ജയസൂര്യയ്ക്ക് വേണ്ടിയുള്ള അന്വേഷണമായി. സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ ജയസൂര്യ ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് വരുന്നതായി സൂചന കിട്ടി. ഇതനുസരിച്ച് പന്തളം ടൗണില്‍ വച്ച് വാഹനം തടഞ്ഞ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറില്‍ നിന്നാണ് വിജയകുമാറിന്റെ വ്യാജലെറ്റര്‍ പാഡും സീലുകളും ഒപ്പിടാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം പേനകളും കണ്ടെടുത്തത്.
നിരവധി പ്രോമിസറി നോട്ടുകളും വാഹനത്തിലുണ്ടായിരുന്നു. ഇതോടെ സിപിഎം ഉണര്‍ന്നു. മേലുദ്യോഗസ്ഥന്റെ നിര്‍ദേശത്തേക്കാളുപരി സിപിഎം നേതാക്കളാണ് ഈ സമയം പൊലീസിനെ നിയന്ത്രിച്ചിരുന്നത്. അന്ന് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രണ്ടുപേരും അടൂര്‍ ഏരിയാ സെക്രട്ടറിയും ഈ സമയം മുഴുവന്‍ നെട്ടോട്ടമോടുകയായിരുന്നു. ജയസൂര്യയുടെ കാള്‍ ലിസ്റ്റ് പരിശോധിച്ച പോലീസ് ഞെട്ടി. ഏറ്റവും കൂടുതല്‍ വിളി ഏരിയ സെക്രട്ടറിയുടെ നമ്പരില്‍ നിന്നായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിട്ടാണ് തട്ടിപ്പ് അധികവും നടന്നത്. ജയസൂര്യ എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം, ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറസ്റ്റിലാകുമ്പോള്‍ തിരുവനന്തപുരം മലയന്‍കീഴില്‍ താമസിക്കുന്ന ജയസൂര്യ അവിടെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമാണെന്നും പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സിപിഎം സൈബര്‍ സഖാവും സ്ത്രീകളുടെ അവകാശത്തിന്റെ മുന്നണിപ്പോരാളിയുമായി വിലസുമ്പോഴാണ് അറസ്റ്റിലാകുന്നത്.
തട്ടിപ്പു നടത്തി കിട്ടിയ പണം കൊണ്ട് സ്വന്തം നാടായ കടമ്പനാട്ട് 21 സെന്റ് വസ്തു ജയസൂര്യ വാങ്ങിയിരുന്നു. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന മട്ടില്‍ ഇതില്‍ നിന്ന് മൂന്നു സെന്റ് പാര്‍ട്ടിക്ക് വിട്ടു കൊടുത്തു. സിപിഎമ്മിന്റെ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ സമാപന ചടങ്ങില്‍ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തക എന്ന പേരില്‍ ജയസൂര്യയെ ആദരിക്കുകയും ചെയ്തിരുന്നു. പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ മറവിലും ഇവര്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നു. കായംകുളത്ത് ഒരു വ്യവസായിയില്‍ നിന്ന് വന്‍തുക കൈപ്പറ്റാനുള്ള ശ്രമവും പൊളിഞ്ഞിരുന്നു.
സമൂഹത്തില്‍ നിലയും വിലയുമുളളവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചു. ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറിന്റെയും എഴുത്തുകാരി കെആര്‍ മീരയുടെയും അടക്കമുള്ള ചിത്രങ്ങള്‍ തട്ടിപ്പിനായി ഇവര്‍ പലരെയും കാണിച്ചു. തങ്ങളുമായി ഇവര്‍ക്കുളള ബന്ധവും കാണിച്ചു കൊടുത്തു. പരാതികള്‍ കൂടുതലായി അടൂര്‍ സ്റ്റേഷനിലേക്ക് എത്താന്‍ തുടങ്ങിയപ്പോള്‍ നേതാക്കള്‍ അപകടം മണത്തു. അട്ടിമറിക്കാനുള്ള ശ്രമം നടന്നു. ഡിവൈ.എസ്.പിയാണ് ഇതിന് നേതൃത്വം നല്‍കിയത്. അടൂര്‍ സ്റ്റേഷനില്‍ വന്ന രണ്ടു പരാതികള്‍ ഇവിടെ കേസ് എടുപ്പിക്കാതെ കൊല്ലത്തിന് വിട്ടു. എന്നാല്‍, കൊല്ലം ഈസ്റ്റ് പൊലീസ് ആകട്ടെ ഇത് കേസ് എടുത്ത ശേഷം വീണ്ടും അടൂരിന് കൈമാറി. ഇതോടെ അടൂര്‍ പൊലീസ് വെട്ടിലായി. നേതാക്കള്‍ പറയുന്നത് കേള്‍ക്കണോ നിയമപരമായി നീങ്ങണോ എന്ന ത്രിശങ്കുവിലായ അടൂര്‍ പൊലീസ് ഒടുക്കം വരുന്നതു വരട്ടെ എന്നു കരുതി കേസ് എടുക്കുകയായിരുന്നു. 15, ഏഴ് ലക്ഷം രൂപ വീതം വാങ്ങി വ്യാജനിയമന ഉത്തരവ് നല്‍കി എന്നതാണ് ഒരു കേസ്. മണക്കാല സ്വദേശികള്‍ ആയ രണ്ടു പേരില്‍ നിന്നും പ്രശാന്ത് 10 ലക്ഷം വീതം വാങ്ങി എന്ന പരാതിയിലും അടൂര്‍ പൊലീസ് കേസ് എടുത്തു. ഇതോടെ നാലു പരാതികളില്‍ നിന്ന് 42 ലക്ഷത്തിന്റെ തട്ടിപ്പാണ് പുറത്തായത്. പ്രശാന്ത് പണം വാങ്ങിയെന്നാണ് മണക്കാലയില്‍ നിന്നുള്ളവര്‍ പരാതി നല്‍കിയത്.
പിന്നെ അടൂരില്‍ വന്ന പരാതികളെല്ലാം പണം മടക്കി നല്‍കി ഒത്തു തീര്‍ത്തു. ഇതിന് മുന്നിട്ട് നിന്നതും സിപിഎം നേതാക്കളായിരുന്നു. കൂടുതല്‍ പരാതികള്‍ വന്ന് എഫ്ഐആര്‍ വീഴാതിരിക്കാന്‍ നേതാക്കള്‍ ശ്രമിച്ചു. ജാമ്യത്തിലിറങ്ങിയ ജയസൂര്യ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതോടെയാണ് നേതാക്കളുടെ ശ്വാസം നേരെ വീണത്. അടുത്തിടെ ജയസൂര്യ തന്റെ ജീവിതകഥ പുസ്തകമാക്കുന്നുവെന്ന് ഒരു വാര്‍ത്ത പരന്നിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ നെട്ടോട്ടവും തുടങ്ങി.
കള്ളക്കേസും മറുനാടനും
തട്ടിപ്പിന്റെ നാള്‍വഴികള്‍ ഓരോന്നായി മറുനാടന്‍ പുറത്തു കൊണ്ടു വന്നതോടെ നേതാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. സിപിഎം ജില്ലാ സെക്രട്ടറി അടക്കമുളളവര്‍ ആരോപണ വിധേയരായിരുന്നു. അങ്ങനെയാണ് മറുനാടനെതിരേ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നത്. എസ്. മനോജ്, ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. ഉദയഭാനുവിനെ കൊണ്ട് പത്തനംതിട്ട എസ്.പിയായിരുന്ന ആര്‍. നിശാന്തിനിയെയും അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിനെയും വിളിപ്പിച്ചു. യാതൊരു തെളിവും ഇല്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ആദ്യം മടിച്ചു. എന്നാല്‍, സ്ഥലം മാറ്റുമെന്ന ഭീഷണി വന്നതോടെ ബിനു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്.എച്ച്.ഓ ആയിരുന്ന ടി.ഡി. പ്രജിഷിന് നിര്‍ദേശം നല്‍കി. എഫ്ഐആര്‍ വീണ വിവരം സെക്കന്‍ഡുകള്‍ക്കുള്ളില്‍ മറുനാന്‍ അറിഞ്ഞു. എന്തിനാണ് കേസ് എന്ന് ചോദിച്ച് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഡിവൈ.എസ്.പിയെ വിളിച്ചു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ ഡിവൈ.എസ്.പി ഉരുണ്ടു കളിച്ചു. തങ്ങള്‍ക്ക് ഈ എഫ്ഐആര്‍ പണിയാകുമെന്ന് കണ്ടതോടെ ലോക്കല്‍ പോലീസ് ഒഴിഞ്ഞു. ജില്ലാ സി ബ്രാഞ്ചിന് അന്വേഷണം കൈമാറി. മനോജിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. യാതൊരു തെളിവും ഇല്ലാതെ വെറുമൊരു പരാതി നല്‍കി മാധ്യമ പ്രവര്‍ത്തകരെ വിരട്ടുക എന്നതായിരുന്നു ലക്ഷ്യമെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ക്ക് മനസിലായി.
ഇവര്‍ ആരും മറുനാടനെ അറസ്റ്റ് ചെയ്യില്ലെന്ന് വന്നതോടെ സിപിഎമ്മിന്റെ സ്വന്തം ആളായ, നിരവധി വിജിലന്‍സ് കേസുകളില്‍ പ്രതിയായിട്ടുള്ള ജെ. ഉമേഷ് കുമാര്‍ എന്ന ഡിവൈ.എസ്.പിയെ കൊണ്ടു വന്നു. പ്രാദേശിക പത്രപവര്‍ത്തകനായ അരുണ്‍ നെല്ലിമുകളിലെ വിരട്ടി മറ്റു രണ്ടു പേര്‍ക്കുമെതിരെ മൊഴി നല്‍കിക്കാനായിരുന്നു ശ്രമം. അരുണ്‍ വഴങ്ങാതെ വന്നപ്പോള്‍ അഞ്ചു ലക്ഷം രൂപയും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും ഓഫര്‍ ചെയ്തു. എല്ലാം ഡിവൈ.എസ്.പി നേരിട്ടായിരുന്നു. അതും പരാജയപ്പെട്ടതോടെ കള്ളക്കേസ് സത്യമാക്കാനുള്ള ശ്രമവും പൊളിഞ്ഞു.