കോഴിക്കോട്: ചിന്ത ഫ്‌ളാറ്റിലെ മുറിയൊഴിഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇ പി ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങുമ്പോള്‍, ഇടതുമുന്നണി കണ്‍വീനറായി പകരം എത്തുന്നത് കോഴിക്കോട്ടുകാര്‍ക്കും, പാര്‍ട്ടിക്കാര്‍ക്കും പ്രിയങ്കരനായ ടി പി രാമകൃഷ്ണനാണ്. 100 ശതമാനം പാര്‍ട്ടിക്ക് വിധയനെങ്കിലും അവശ്യസന്ദര്‍ഭങ്ങളില്‍ സ്വന്തം സ്വരം കേള്‍പ്പിക്കാറുള്ള നേതാവ്. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ് ടി പി രാമകൃഷ്ണന്‍.

പാര്‍ട്ടി പറഞ്ഞാല്‍ ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്ന ടിപി രാമകൃഷ്ണന്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകണമെന്ന അഭിപ്രായക്കാരനാണ്. മുന്നണിയെ ഏകോപിപ്പിക്കുന്നതില്‍, പാര്‍ട്ടിയോട് ഇടഞ്ഞുനിന്ന ഇ പി ജയരാജന്‍ വേണ്ട പോലെ ശ്രദ്ധ കൊടുത്തില്ല എന്ന വിമര്‍ശനം ഉണ്ടായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ഒടുവില്‍ കണ്‍വീനര്‍ പദവിയും തെറിച്ചു. ഇപി സൃഷ്ടിച്ച വിടവ് നികത്തുകയാണ് ടി പി രാമകൃഷ്ണന്റെ മുഖ്യദൗത്യം.

പാര്‍ട്ടിയിലെ സൗമ്യ മുഖമായി അറിയപ്പെടുന്ന ടി പി രാമകൃഷ്ണന്‍ അവശ്യസന്ദര്‍ഭങ്ങളില്‍ കൃത്യമായി നിലപാട് സ്വീകരിക്കുന്ന നേതാവ് കൂടിയാണ്. വടകരയിലെ ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സമയത്തുള്‍പ്പെടെ പാര്‍ട്ടിയുടെ നിലപാടിനൊപ്പം പൂര്‍ണമായും നിന്നില്ല രാമകൃഷ്ണന്‍. അന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ടി പി രാമകൃഷ്ണന്റെ നേരേ ആരോപണശരങ്ങള്‍ വന്നില്ല. എന്നാല്‍, നിര്‍ണായക സമയത്ത് അദ്ദേഹം ചൈന സന്ദര്‍ശനത്തിന് പോയത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. അന്ന് കോഴിക്കോട് മുന്‍മേയര്‍ എം ഭാസ്‌കരനായിരുന്നു ജില്ലാ സെക്രട്ടറിയുടെ ചുമതല.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ടി പി രാമകൃഷ്ണന്‍ ഇടതുമുന്നണി കണ്‍വീനറാകുന്നത്. മുന്നണി ബന്ധത്തിലെ കോട്ടങ്ങള്‍ തീര്‍ക്കുകയായിരിക്കും രാമകൃഷ്ണന്റെ ആദ്യദൗത്യം. മുന്നണിയില്‍ പരിഗണന കിട്ടുന്നില്ലെന്ന പരാതി ആര്‍ജെഡിക്കും എന്‍സിപിക്കും ഐഎന്‍എല്ലിനുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഘടകകക്ഷികളെ എല്ലാം ഒന്നിച്ചുമുന്നോട്ടുകൊണ്ടു പോകുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നമ്പ്രാത്ത് കരയാണ് ടി.പി രാമകൃഷ്ണന്റെ സ്വദേശം. 1969ല്‍ നമ്പ്രാത്തുകര ബ്രാഞ്ച് സെക്രട്ടറിയായി തുടക്കം. പിന്നീട് കീഴരിയൂര്‍ ലോക്കല്‍ സെക്രട്ടറിയായി. കൊയിലാണ്ടി, ബാലുശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ഈ സമയത്ത് തന്നെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റില്‍ സി.ഐ.ടി.യു. യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

2004 മുതല്‍ 2013 വരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. അക്കാലത്താണ് ആര്‍എംപിയുടെ പിറവിയുണ്ടായത്. ആര്‍എംപി നേതാവ് ടി.പിചന്ദ്രന്റെ വധം നടന്നതും ഇതേ കാലത്തായിരുന്നു. ചന്ദ്രശേഖരന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പം പൂര്‍ണമായും താനില്ലെന്ന് വ്യക്തമാക്കിയ ടി.പി രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്തെങ്കിലും പാര്‍ട്ടി വിടാന്‍ കൂട്ടാക്കിയില്ല.

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്ന് 2001 ല്‍ ജയിച്ച് എംഎല്‍എയായ അദ്ദേഹം നാട്ടുകാര്‍ക്ക് പ്രിയങ്കരനായ നേതാവാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2016 ല്‍ ഒരിടവേളയ്ക്ക് ശേഷം പേരാമ്പ്രയെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. എക്‌സൈസ് വകുപ്പ് മന്ത്രി സ്ഥാനവും ഒന്നാം പിണറായി സര്‍ക്കാരില്‍ അദ്ദേഹത്തിന് ലഭിച്ചു. 2021 ല്‍ പേരാമ്പ്രയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം വട്ടവും എംഎല്‍എയായി.