പൊല്‍പ്പുള്ളിയില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചത് ഇപ്പോഴും വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് നാട്ടുകാര്‍. നാട്ടുകാര്‍ക്ക് എല്ലാം ഈ കുടുംബത്തിനെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. എല്‍സയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ മരിച്ചിട്ട് ഒന്നരമാസമേ ആകുന്നുള്ളൂ. അതിനിടയിലാണ് മറ്റൊരു നഷ്ടം കൂടി ഈ കുടുംബത്തെ തേടിയെത്തിയിരിക്കുന്നത്. അര്‍ബുദ രോഗമായിരുന്നു മാര്‍ട്ടിന്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ എല്‍സിയാണ് ഒപ്പമിരുന്ന് പരിചിച്ചത്. എല്ലാത്തിനും മാര്‍ട്ടിന്റെ ഒപ്പം ഉണ്ടായിരുന്നു ഭാര്യ എല്‍സി.

ഇപ്പോള്‍ ദാ മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുകയാണ്. എല്‍സിയുടെ രണ്ട് മക്കളാണ് കാര്‍ പൊട്ടിത്തെറിച്ച് തീപിടിത്തത്തില്‍ മരിച്ചത്. അപകടം നടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പാണ് എല്‍സിയുടെ വീട്ടില്‍ അയല്‍വാസി വനജ എത്തിയത്. കുട്ടികളുമായി സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു. കാറില്‍ ചിറ്റൂരിലേക്ക് പോരാന്‍ വനജയെയും വിളിച്ചതായിരുന്നു. എന്നാല്‍ അവര്‍ ഒരുങ്ങിയിറങ്ങിയതിനാല്‍ വൈകേണ്ട എന്ന കരുതി ഇല്ലെന്ന് പറയുകയായിരുന്നു വനജ. തൃശ്ശൂര്‍ സ്വദേശി മാര്‍ട്ടിനും അട്ടപ്പാടി സ്വദേശി എല്‍സിയും അഞ്ചുവര്‍ഷം മുന്‍പാണ് പൂളക്കാട് വീടുകെട്ടി താമസമാക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മാര്‍ട്ടിന്‍ പൊല്‍പ്പുള്ളിയില്‍ താമസമാക്കിയശേഷം ഇന്റീരിയര്‍ ഡിസൈനിങ് ജോലിയാണ് ചെയ്തുവന്നിരുന്നത്.

മാര്‍ട്ടിന്റെ ചികിത്സയ്ക്കായി അവര്‍ സ്വരുക്കൂട്ടിവെച്ചിരുന്ന നല്ലൊരു സമ്പാദ്യവും ചെലവാക്കേണ്ടിവന്നു. മാര്‍ട്ടിന്‍ മരിച്ച് രണ്ടാഴ്ച പിന്നിട്ടതും എല്‍സിക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ചികിത്സാവധിയിലായിരുന്ന എല്‍സി വ്യാഴാഴ്ചയാണ് ജോലിക്ക് പോയിത്തുടങ്ങിയത്. അതിനിടയാണ് അപ്രതീക്ഷിതമായി ദുരന്തവും സംഭവിച്ചത്. ആല്‍ഫ്രഡ് പ്രായത്തേക്കാള്‍ കൂടുതല്‍ പക്വതയോടെയാണ് പെരുമാറിയിരുന്നതെന്നും എമില്‍ സംസാരിക്കുന്നത് കേട്ടിരിക്കാന്‍ തന്നെ രസമാണെന്നും പൊല്‍പ്പുള്ളി കെവിഎം യുപി സ്‌കൂളി ലെ അധ്യാപകര്‍ പറയുന്നു. എല്‍സിയുടെ രണ്ട മക്കളായ ആല്‍ഫ്രഡ്, എമില്‍ എന്നിവരാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. കുട്ടികളുടെ അമ്മ എല്‍സി 45 ശതമാനം പൊള്ളലോടെയും മൂത്തമകള്‍ അലീന 35 ശതമാനം പൊള്ളലോടെയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്‍സിയുടെ അമ്മ ഡെയ്‌സി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

75 ശതമാനം പൊള്ളലോടെ ചികിത്സയിലായിരുന്ന ആല്‍ഫ്രഡ് ശനിയാഴ്ച ഉച്ചയ്ക്ക് 2.25-ഓടെയും 60 ശതമാനം പൊള്ളലുണ്ടായിരുന്ന എമില്‍ മരിയ 3.15-ഓടെയുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ പിന്നില്‍ പെട്രോള്‍ ടാങ്കിനു സമീപത്തുനിന്നാണ് തീപടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂന്നുമക്കളും കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നത്. ഡ്രൈവിങ് സീറ്റില്‍നിന്ന് ഇറങ്ങി മക്കളെ പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് എല്‍സിക്ക് കൂടുതലായി പൊള്ളലേറ്റത്. വീടിന്റെ വാതിലടച്ച് കാറിലേക്ക് കയറാന്‍ തുടങ്ങുകയായിരുന്നതിനാല്‍ ഡെയ്‌സിക്ക് കൂടുതലായി പൊള്ളലേറ്റില്ല.

എല്‍സിയെയും ആല്‍ഫ്രെഡ്, എമില്‍ എന്നിവരെയും വെള്ളിയാഴ്ച രാത്രിതന്നെ എറണാകുളത്തേക്ക് കൊണ്ടുപോയിരുന്നു. നില വഷളായതിനെത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അലീനയെ എറണാകുളത്തേക്ക് മാറ്റിയത്. ആല്‍ഫ്രഡ് പൊല്‍പ്പുള്ളി കെവിഎം യുപി സ്‌കൂളില്‍ ഒന്നാംക്ലാസിലും എമില്‍ മരിയ യുകെജിയിലുമാണ് പഠിക്കുന്നത്. ഒന്നരമാസംമുന്‍പാണ് ഇവരുടെ പിതാവ് മാര്‍ട്ടിന്‍ അര്‍ബുദബാധിതനായി ചികിത്സയിലായിരിക്കെ മരിച്ചത്.