വത്തിക്കാന്‍: ശ്വാസകോശ ആണുബാധയെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്. ഓക്സിജന്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും വെന്റിലേറ്റര്‍ മാസ്‌ക് മാറ്റിയതായും വത്തിക്കാന്‍ അറിയിച്ചു. ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ണമായും മാറിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയുടെ ചിത്രം പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പര്‍പ്പിള്‍ നിറത്തിലുള്ള നോമ്പുകാല ആരാധനാക്രമ വസ്ത്രം ധരിച്ച് ആശുപത്രി ചാപ്പലിലെ ഒരു അള്‍ത്താരയ്ക്ക് മുന്നില്‍ വീല്‍ചെയറില്‍ ഇരിക്കുന്നത് കാണാം.

ഫെബ്രുവരി 14 ന് ഗുരുതരമായ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള പോപ്പിന്റെ ആദ്യ ഫോട്ടോയാണിത്. ഫോട്ടോയില്‍ മറ്റാരെയും കാണുന്നില്ല. ഒട്ടേറെ കുട്ടികളും പേപ്പല്‍ പതാകകളുമായി ആശുപത്രിക്കു മുന്നിലെത്തിയിരുന്നു. തന്റെ സൗഖ്യത്തിനായി ഒരുപാടു കുട്ടികള്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും ആശുപത്രിക്കു മുന്നില്‍ അവരെത്തിയത് തന്നോടുള്ള അടുപ്പത്തിന്റെ അടയാളമാണെന്നും മാര്‍പാപ്പ ഞായറാഴ്ച സന്ദേശത്തില്‍ അനുസ്മരിച്ചു. പോപ്പിന് നിലവില്‍ ശ്വാസതടസമില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും.

കഴിഞ്ഞ മാസം ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യ നില ഗുരുതരമായെങ്കിലും നിലവില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാര്‍ഷികം കൂടിയാണ് ഇന്ന്. 2013 ല്‍ ഇതേ ദിവസമാണ് അര്‍ജന്റീനക്കാരനായ ജസ്വീറ്റ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഷികം പ്രമാണിച്ച് റോമില്‍ ഇന്ന് അവധിയാണ്.