- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച മനുഷ്യസ്‌നേഹി; ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തിലും ഉദാരസമീപനം; യുദ്ധ ഇരകള്‍ക്കായി നിലകൊണ്ട വലിയ ഇടയന്‍; വധശിക്ഷാ വിരുദ്ധന്‍; വൈവിധ്യങ്ങളുടെ രാഷ്ട്രീയം മുന്നോട്ടുവച്ച ഫ്രാന്‍സിസ് മാര്‍പാപ്പ
വൈവിധ്യങ്ങളുടെ രാഷ്ട്രീയം മുന്നോട്ടുവച്ച ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ അനുശാസനങ്ങളെ തിരുത്താതെ അജപാലനപരമായി കൂടുതല്‍ ഉദാരത പുലര്‍ത്തി സന്തുലിതമായി സഭയെ നയിച്ചയാളാണ് പോപ്പ് ഫ്രാന്‍സിസ്. ലളിത ജീവിതം കൊണ്ട് മാതൃക കാണിച്ച മാര്‍പാപ്പ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു. സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച മനുഷ്യസ്‌നേഹി. വത്തിക്കാന്‍ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ശബ്ദം ഉയര്‍ത്തി. കത്തോലിക്ക സഭയുടെ തന്ത്രപ്രധാനമായ വിഭാഗങ്ങളുടെ സമിതികളില്‍ സ്ത്രീകളെ നിയമിച്ച പോപ്പ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ. യുദ്ധ ഇരകള്‍ക്കായി നിലകൊണ്ട വലിയ ഇടയന്‍....
ഹോര്‍ഹേ മാരിയോ ബെര്‍ഗോളിയോ എന്ന പുരോഹിതനില്‍ നിന്ന് പോപ്പ് ഫ്രാന്‍സിസിലേക്കുള്ള പരിണാമം നിലപാടുകളുടേത് കൂടിയായിരുന്നു. ബ്യൂണസ് ഐറസിന്റെ ആര്‍ച്ച് ബിഷപ്പായിരുന്ന ബെര്‍ഗോളിയോയ്ക്ക് സ്വവര്‍ഗാനുരാഗികളോടും ട്രാന്‍സ്‌ജെന്‍ഡറുകളോടും മയമില്ലാത്ത നിലപാടായിരുന്നു. എന്നാല്‍ ബിഷപ് ബെര്‍ഗോളിയോ പോപ്പ് ഫ്രാന്‍സിസ് ആയി മാറിയപ്പോള്‍, ലൈംഗിക സ്വത്വത്തിന്റെ പേരില്‍ ആരും മാറ്റിനിര്‍ത്തപ്പെടരുതെന്നും അവരെ കുറ്റം വിധിക്കരുതെന്നുമുള്ള നിലപാടിലേക്കെത്തി. അര്‍ജന്റീനയില്‍ സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുന്നതിനെ പരസ്യമായി എതിര്‍ത്ത ആര്‍ച്ച് ബിഷപ് ബെര്‍ഗോളിയോ പോപ്പ് ഫ്രാന്‍സിസ് ആയപ്പോള്‍ സ്വവര്‍ഗ വിവാഹങ്ങളെ ആശിര്‍വദിക്കാനുള്ള അനുവാദം നല്‍കി.
2013 ല്‍ ജൂലൈ 28 ന് ബ്രസീലില്‍ ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ വിമാനത്തില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പോപ്പ് ഫ്രാന്‍സിസ് സ്വവര്‍ഗാനുരാഗികളെ സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കണമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സ്വവര്‍ഗാനുരാഗിയായ ഒരാള്‍ ദൈവത്തെ തേടുന്നുവെങ്കില്‍, ഞാനാരാണ് വിധിക്കാന്‍ ആരും അതിന്റെ പേരില്‍ പാര്‍ശ്വവത്കരിക്കപ്പെടരുത്, അവരെയും സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കണം' എന്നായിരുന്നു ലോകമാധ്യമങ്ങളില്‍ തലക്കെട്ട് തീര്‍ത്ത പോപ്പ് ഫ്രാന്‍സിസിന്റെ വാക്കുകള്‍.
കുടുംബം എന്ന ദൈവത്തിന്റെ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമം എന്ന് സ്വവര്‍ഗവിവാഹങ്ങളെ 2010ല്‍ വിശേഷിപ്പിച്ച ബെര്‍ഗോളിയോയുടെ നിലപാട് 2020 ല്‍ വിപ്ലവകരമായി പരിണമിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബം ആകാനുള്ള അവകാശമുണ്ടെന്നും അവര്‍ ദൈവമക്കളാണെന്നും പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. 2023 ല്‍ പോപ്പ് ഫ്രാന്‍സിസ്, വിവാഹത്തില്‍ കത്തോലിക്ക സഭയുടെ അനുശാസനങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്വവര്‍ഗവിവാഹങ്ങളെ ആശിര്‍വദിക്കാനുള്ള അനുവാദം വൈദികര്‍ക്ക് നല്‍കി.
പെസഹാ ദിനത്തിലെ കാല്‍കഴുകല്‍ ചടങ്ങില്‍ പുരുഷന്‍മാര്‍ മാത്രമാകുന്ന പതിവ് പോപ്പ് ആയ ശേഷമുള്ള ആദ്യ പെസഹയില്‍ തന്നെ ഫ്രാന്‍സിസ് തിരുത്തിക്കുറിച്ചു. 2013 ല്‍ ഫ്രാന്‍സിസ് കാല്‍കഴുകി ചുംബിച്ചവരില്‍ 10 പുരുഷന്‍മാരും രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. റോമിലെ കാസാ ദെല്‍ മര്‍മോ ജയിലെ തടവുകാരായിരുന്നു അവര്‍. പോപ്പ് ഫ്രാന്‍സിസ് കാല്‍കഴുകി ചുംബിച്ച തടവുകാരില്‍ ഒരു സ്ത്രീയും ഒരു പുരുഷനും മുസ്ലീങ്ങളായിരുന്നു. സഭയുടെ സുപ്രധാന സംവിധാനങ്ങളില്‍ സ്ത്രീകളെ നിയമിച്ചും പോപ്പ് ഫ്രാന്‍സിസ് സഭയെ പുതിയ വഴികളിലേക്ക് നയിച്ചു.
ലൈംഗികതയുടെ മൂല്യങ്ങളെ പ്രശംസിച്ച മാര്‍പ്പാപ്പയുടെ പ്രതികരണവും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മനുഷ്യര്‍ക്ക് ദൈവം നല്‍കിയ മനോഹരമായ വരദാനങ്ങളില്‍ ഒന്നാണ് ലൈംഗികതയെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ഡിസ്നി പ്രൊഡക്ഷന്റെ ദി പോപ്പ് ആന്‍സേഴ്സ് എന്ന ഡോക്യുമെന്ററിയിലാണ് പരാമര്‍ശം. 10 യുവാക്കളുമായി മാര്‍പ്പാപ്പ നടത്തിയ കുടിക്കാഴ്ചയുമായി ബന്ധപ്പെട്ടാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.
എല്‍ജിബിടി അവകാശങ്ങള്‍, ഗര്‍ഭച്ഛിദ്രം, നീലച്ചിത്ര വ്യവസായം, കത്തോലിക്ക സഭയിലെ വിശ്വാസം, ലൈംഗിക ചൂഷണം എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് പോപ്പിന്റെ അഭിപ്രായം ആരാഞ്ഞത്. ' ലൈംഗികത പ്രകടിപ്പിക്കുക ഒരുസമൃദ്ധിയാണ്. യഥാര്‍ത്ഥ ലൈംഗിക പ്രകാശനത്തില്‍ നിന്നുള്ള വ്യതിചലനം ആ സമൃദ്ധിയില്‍ കുറവുവരുത്തും', സ്വയംഭോഗത്തെ ഉദ്ദേശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. കത്തോലിക്ക സഭ എല്‍ജിബിടി സമൂഹത്തെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
' എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം ആരെയും തിരസ്‌കരിക്കുന്നില്ല. ആരെയും സഭയില്‍ നിന്ന് പുറത്താക്കാന്‍ എനിക്ക് അവകാശവുമില്ല', പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തിലും ഉദാരസമീപനമാണ് മാര്‍പ്പാപ്പയ്ക്ക്. ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് പുരോഹിതര്‍ കാരുണ്യത്തോടെ പെരുമാറണം. എന്നാല്‍, ഗര്‍ഭച്ഛ്ര്രിദം അംഗീകരിക്കാനാവില്ലെന്ന് തന്നെയാണ് നിലപാട്. മാര്‍പ്പാപ്പയുടെ പരാമര്‍ശങ്ങള്‍ വത്തിക്കാന്‍ പത്രമായ എല്‍ ഒസര്‍വേറ്റര്‍ റൊമാനോയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
സഭ മുന്‍കാലങ്ങളില്‍ ചെയ്ത മാനവിക വിരുദ്ധമായ പ്രവൃത്തികള്‍ക്ക് പോപ്പ് ഫ്രാന്‍സിസ് മാപ്പു പറഞ്ഞു. കാനഡയിലെ തദ്ദേശീയ ജനവിഭാഗത്തോട് കനേഡിയന്‍ കത്തോലിക്ക സഭ ചെയ്ത അതിക്രമങ്ങളില്‍ 2022ല്‍ പോപ്പ് ലജ്ജയും ദുഃഖവും പ്രകടിപ്പിച്ചു. സഭയുടെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ തദ്ദേശീയരായ കുഞ്ഞുങ്ങളോട് കാട്ടിയ അതിക്രമങ്ങളെ തള്ളിപ്പറഞ്ഞ പോപ് സഭയുടെ നടപടിയെ സാംസ്‌കാരിക വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. അടയാളങ്ങളില്ലാത്ത അജ്ഞാത ശവക്കുഴികള്‍ നിലനിന്നയിടം സന്ദര്‍ശിച്ച പോപ്പ് ഫ്രാന്‍സിസ്, ക്രിസ്ത്യാനികള്‍ തദ്ദേശീയരായ റെഡ് ഇന്‍ഡ്യന്‍ ജനതയോട് ചെയ്ത അതിക്രമങ്ങള്‍ക്ക് ക്ഷമചോദിക്കുന്നു എന്ന് പരസ്യമായി പറഞ്ഞു.
വൈദികര്‍ക്കെതിരായ ബാലലൈംഗികപീഡന ആരോപണവിഷയത്തിലും പോപ്പ് ഫ്രാന്‍സിസിന്റെ നിലപാട് കാലാന്തരത്തില്‍ പരിണമിക്കുകയായിരുന്നു. കര്‍ദിനാള്‍ ബെര്‍ഗോളിയോ, ആരോപിതരായ വൈദികര്‍ക്ക് അനുകൂലമായി നിലകൊണ്ട സംഭവങ്ങളും സഭയുടെ ചരിത്രത്തിലുണ്ട്. പോപ്പ് ആയ ശേഷവും അദ്ദേഹം പല ആരോപണവിധേയരോടും അനുഭാവപൂര്‍വമായ നിലപാട് സ്വീകരിച്ചു. വൈദികര്‍ക്കെതിരായ ബാലലൈംഗികപീഡന പരാതികളില്‍ തനിക്ക് പലപ്പോഴും തെറ്റു പറ്റിയെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞിട്ടുണ്ട്. സഭയിലെ വൈദികരുടെ ബാലലൈംഗിക പീഡനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് പോപ്പ് ഫ്രാന്‍സിസ് 2021 ല്‍ മാധ്യമപ്രവര്‍ത്തകരോട് നന്ദിപറഞ്ഞു. ആരോപിതരായ വൈദികരെ പോപ്പ് ഫ്രാന്‍സിന്റെ കാലത്ത് വൈദികപട്ടത്തില്‍ നിന്ന് പുറത്താക്കി. ലോകരാജ്യസന്ദര്‍ശന വേളകളിലൊക്കെയും വൈദികരുടെ ക്രൂരതകള്‍ക്ക് പോപ്പ് ഫ്രാന്‍സിസ് മാപ്പ് ചോദിച്ചു.
പോപ്പ് ഫ്രാന്‍സിസ് മാര്‍ക്‌സിസത്തോടും കമ്യൂണിസത്തോടും സ്വീകരിച്ച നിലപാടുകളും ,സങ്കീര്‍ണമായിരുന്നു. മാര്‍ക്‌സിസം തെറ്റായ പ്രത്യയശാസ്ത്രമാണെന്ന് പറഞ്ഞ് പോപ്പ് ഫ്രാന്‍സിസ് പക്ഷേ താന്‍ നല്ല മനുഷ്യരായ മാര്‍ക്‌സിസ്റ്റുകളെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് ചര്‍ച്ചയായി. ഇടതുപക്ഷക്കാരായ ലോകനേതാക്കളുമായി പോപ്പ് ഫ്രാന്‍സിസിന് നല്ല ബന്ധമായിരുന്നു. ബൊളീവിയന്‍ പ്രസിഡന്റായിരുന്ന ഇബോ മൊറെയ്ല്‍സ് 2015ല്‍, ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം കൊത്തിയ അരിവാള്‍ ചുറ്റിക സമ്മാനിച്ചത് വിവാദമായി. ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് റൗള്‍ കാസ്‌ട്രോ പറഞ്ഞത്, പോപ്പ് ഇങ്ങനെ പോവുകയാണെങ്കില്‍ താന്‍ സഭയിലേക്ക് തിരികെ വന്നേക്കും എന്നാണ്.
മാര്‍ക്‌സിസത്തെ തള്ളിക്കളഞ്ഞെങ്കിലും പോപ്പ് ഫ്രാന്‍സിസ് നിയന്ത്രണമില്ലാത്ത മുതലാളിത്തത്തിന്റെയും വിമര്‍ശകനായിരുന്നു. പണത്തിന്റെ വിഗ്രഹവത്കരണമാണ് അതിമുതലാളിത്തത്തില്‍ സംഭവിക്കുന്നതെന്നും പോപ്പ് ഫ്രാന്‍സിസ് നിലപാടെടുത്തു. വധശിക്ഷയോടും പോപ്പ് ഫ്രാന്‍സിസ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഭരണകൂടം കൊല ചെയ്യുന്നതുകൊണ്ട് ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.
ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പ
76-ാം വയസില്‍ കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചത് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമമാണ്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചത്.
1936 ഡിസംബര്‍ 17ന് അര്‍ജന്റീനയില്‍ ബ്യൂണസ് ഐറിസിലെ ഫ്‌ലോര്‍സില്‍ മാരിയോ ജോസ് ബെര്‍ഗോളിയോയുടെയും റെജീന മരിയ സിവോരിയുടെയും അഞ്ച് മക്കളില്‍ മൂത്തയാളായി ജനനം. റെയില്‍വേയില്‍ അക്കൗണ്ടന്റായ മാരിയോയുടെയും വീട്ടമ്മയായ റെജീനയുടെയും വേരുകള്‍ ഇറ്റലിയിലാണ്. ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്ന് രക്ഷപ്പെട്ടാണ് മാരിയോയുടെ കുടുംബം 1929ല്‍ അര്‍ജന്റീനയിലെത്തിയതാണ്.
കെമിക്കല്‍ ടെക്നീഷ്യന്‍ ഡിപ്ലോമ നേടിയ ഫ്രാന്‍സിസ് പുരോഹിതന്റെ പാതയിലേക്ക് എത്തുകയായിരുന്നു. 1958ല്‍ സൊസൈറ്റി ഒഫ് ജീസസിന്റെ ഭാഗമായി. ചിലിയില്‍ നിന്ന് ഹ്യുമാനിറ്റീസ് പഠനം പൂര്‍ത്തിയാക്കി 1963ല്‍ അര്‍ജന്റീനയില്‍ തിരിച്ചെത്തിയ അദ്ദേഹം ഫിലോസഫിയില്‍ ബിരുദം നേടി.1964- 1966 കാലയളവില്‍ സാന്റാ ഫേയിലെയും ബ്യൂണസ് ഐറിസിലെയും കോളേജുകളില്‍ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1967- 70 കാലയളവില്‍ ദൈവശാസ്ത്രത്തില്‍ ബിരുദം നേടി.
1969ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ 1973ല്‍ അര്‍ജന്റീനയിലെ സൊസൈറ്റി ഒഫ് ജീസസിന്റെ തലവനായി. ഇതിനിടെ സര്‍വകലാശാല മേഖലയിലും ജോലി ചെയ്തു. 1998ല്‍ ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായി. 2001ല്‍ കര്‍ദ്ദിനാള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതോടെ 2013 മാര്‍ച്ച് 13ന് ആണ് അദ്ദേഹം സഭയുടെ 266ാമത് പരമാധികാരിയായി നിയോഗിക്കപ്പെട്ടത്.