റോം: ബ്രോങ്കറ്റീസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പ രോഗം നിയന്ത്രിക്കപ്പെട്ടെങ്കിലും ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതിനാലാണ് അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നത്. 88കാരനായ മാര്‍പ്പാപ്പയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസുഖബാധതിനായതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിദഗ്ധ പരിശോധനയില്‍ ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍പ്പാപ്പയെ കൂടുതല്‍ വിശദമായ ചികിത്സക്ക് വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. എല്ലാ ബുധനാഴ്ചയും മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കുന്ന ചടങ്ങ് ഇതിനെ തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്. മാര്‍പ്പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടി വത്തിക്കാന്‍ ഇന്നലെ വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ പനിയില്ല എന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ ഒമ്പത് മുതല്‍ മാര്‍പ്പാപ്പ തുടങ്ങി വെച്ച എല്ലാ ദിവസവും ഗാസയിലെ ഹോളി ഫാമിലി ചര്‍ച്ചിലേക്കുള്ള പതിവ് ഫോണ്‍വിളി ആശുപത്രിയില്‍ എത്തി രണ്ട് ദിവസം കൂടി

തുടര്‍ന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും മാര്‍പ്പാപ്പ തങ്ങളോട് ഫോണില്‍ സംസാരിച്ചതായും ശബ്ദത്തില്‍ നേരിയ ക്ഷീണം ഉണ്ടായിരുന്നു

എങ്കിലും വ്യക്തമായി തന്നെയാണ് അദ്ദേഹം സംസാരിച്ചതെന്ന് ഗാസയിലെ പള്ളിയുടെ ചുമതലക്കാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പല പരിപാടികളിലും പോപ്പ് പങ്കെടുത്തിരുന്നു. സി.എന്‍.എന്‍ ന്യൂസിന്റെ ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് തോംപ്സണുമായും അദ്ദേഹം രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രോങ്കറ്റീസ് ബാധയെ തുടര്‍ന്ന് 2023 ലും മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും അദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് തന്റെ പ്രസംഗങ്ങള്‍ വായിക്കാന്‍ മാര്‍പാപ്പ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെറുപ്പത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ശൈത്യകാലത്ത് ബ്രോങ്കൈറ്റിസ് നേരത്തെയും പോപ്പിനെ അലട്ടാറുണ്ട്. വാക്കറോ വീല്‍ ചെയറോ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കാറുള്ളത്. അടുത്തിടെ രണ്ട് തവണ വീണ പോപ്പിന് കൈക്കും താടിക്കും പരിക്കേറ്റിരുന്നു.

ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെയിരുന്ന് ഞായാറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്തു. പാപ്പ എഴുതി അയച്ച സുവിശേഷസന്ദേശം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ദിവ്യബലിയില്‍ കര്‍ദിനാള്‍ ജോസ് ടൊലെന്റിനോ ഡി മെന്‍ഡോഞ്ച വായിച്ചു. പുതിയ മതിലുകള്‍ ഉയരുന്ന, പരസ്പരം പോഷിപ്പിക്കാനുള്ള അവസരമാകേണ്ടതിനു പകരം വ്യത്യസ്തതകള്‍ വിഭജനത്തിന് ഉപയോഗിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.

ഇവിടെ പാലം പണിയാന്‍ വിളിക്കപ്പെട്ടവരാണ് നിങ്ങള്‍ എന്നും സന്ദേശത്തില്‍ അദ്ദേഹം വിശ്വാസികളോടു പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്തിടെ വീണ് കൈയ്ക്കും താടിക്കും പരിക്കേറ്റിരുന്നു. 2023 ല്‍ ദുബായില്‍ വച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28ലും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പങ്കെടുത്തിരുന്നില്ല.കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ അര്‍ജന്റീനിയക്കരനായ പോപ്പിനെ സമീപ വര്‍ഷങ്ങളില്‍ അലട്ടിയിരുന്നു. ഹെര്‍ണിയയ്ക്ക് അദ്ദേഹം ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്.