വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമനിലൂടെ അമേരിക്കക്കാര്‍ക്ക് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പയെ ലഭിച്ചിരിക്കുന്നത്. അമേരിക്കക്കാരെ സംബന്ധിച്ച് ഇത് സന്തോഷത്തിന്റെയും ്അഭിമാനത്തിന്റെയും നിമിഷമാണ്. പല കാര്യങ്ങളിലും ലെയോ പതിനാലാമനുമായി അഭിപ്രായ വ്യത്യാസമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും താന്‍ മാര്‍പ്പാപ്പയെ നേരിട്ടു കാണുമെന്നും അത് അര്‍ത്ഥവത്തായ ഒന്നായിരിക്കും എന്നൊക്കെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതിന് വിപരീതമായിട്ടാണ്. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വത്തിക്കാനില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കുന്ന വേളയില്‍ ഒരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ പോപ്പിനോട് അമേരിക്കക്കാര്‍ക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്ന് ചോദിച്ചു. ഇത് കേട്ട മാര്‍പ്പാപ്പ പറഞ്ഞത് നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നാണ്. ഈ വാചകത്തില്‍ പിടിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

അമേരിക്കയിലെ ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ചാണ് മാര്‍പ്പാപ്പ ഈ അഭിപ്രായപ്രകടനം നടത്തിയത് എന്നാണ് ചിലര്‍ വാദിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമമായ എക്സിലൂടെ അന്ന് കര്‍ദ്ദിനാളായിരുന്ന ലെയോ മാര്‍പ്പാപ്പ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പലരും പറയുന്നത് റിപ്പോര്‍ട്ടറുടെ ചോദ്യം പോപ്പ് വ്യക്തമായി കേട്ടിരിക്കില്ല എന്നാണ്. അമേരിക്കക്കാര്‍ക്ക് എന്തെങ്കിലും അനുഗ്രഹം നല്‍കാനുണ്ടോ എന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചതെന്ന് തെറ്റിദ്ധരിച്ച മാര്‍പ്പാപ്പ നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു എന്നാണ് ഇവര്‍ വാദിക്കുന്നത്.

സാധാരണയായി അനുഗ്രഹം തേടുന്നവരെ അനുഗ്രഹിക്കുന്നത് എല്ലാ മാര്‍്പ്പാപ്പമാരുടേയും പതിവ് രീതിയാണ്. കഴിഞ്ഞ മാസം പതിന്നാലിനും കര്‍ദ്ദിനാള്‍ ആയിരുന്ന മാര്‍പ്പാപ്പ ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള നിലപാടിനെ വിമര്‍ശിച്ച് കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. മെരിലാന്‍ഡിലെ കുടിയേറ്റക്കാരായ ഒരു കുടുംബത്തിന്റെ ദുവസ്ഥ ചൂണ്ടിക്കാട്ടി കൊണ്ട് ഇവരുടെ കഷ്ടപ്പാട് കണ്ടില്ലേ എന്നും നിങ്ങള്‍ക്ക് മനസാക്ഷിയില്ലേ എന്നും അദ്ദേഹം ട്രംപിനോട് ചോദിച്ചിരുന്നു.

കുടിയേറ്റവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ നിലപാടുകളേയും മാര്‍പ്പാപ്പ അന്ന് രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. വാന്‍സിന്റെ നടപടികള്‍ തെറ്റാണെന്നും യേശുക്രിസ്തു ഇങ്ങനെ പെരുമാറാനല്ല നമ്മളെ പഠിപ്പിച്ചതെന്നും അദ്ദേഹം വാന്‍സിനോട് പറഞ്ഞിരുന്നു. ജന്മം കൊണ്ട്് അമേരിക്കക്കാരന്‍ ആണെങ്കിലും വൈദിക ജീവിതത്തിന്റെ ഭൂരിഭാഗം സമയവും മാര്‍പ്പാപ്പ ചെലവിട്ടത് ലാറ്റിന്‍ അമേരിക്കയിലായിരുന്നു.

അദ്ദേഹത്തിന് പെറുവില്‍ പൗരത്വവും ലഭിച്ചിട്ടുണ്ട്. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന വേളയില്‍ ആദ്യം സ്പാനിഷിലും പിന്നീട് ഇറ്റാലിയന്‍ ഭാഷയിലും സംസാരിച്ച ലെയോ മാര്‍പ്പാപ്പ ഇംഗ്ലീഷ് ഒഴിവാക്കുകയായിരുന്നു. ഏതായാലും ഇപ്പോള്‍ എല്ലാവരും ഉയര്‍ത്തുന്ന ഒരു ചോദ്യം ട്രംപും പോപ്പും തമ്മില്‍ തെറ്റുമോ എന്നതാണ്.