രു കാലത്ത് വിവാഹമോചനം എന്നത് എല്ലാവരേയും വല്ലാതെ ദുഖിപ്പിക്കുന്ന ഒരു സംഭവമായിരുന്നു. പല കുടുംബങ്ങളും ഇക്കാര്യം മറച്ചു വെയ്ക്കാനായിരുന്നു താല്‍പ്പര്യം കാട്ടിയിരുന്നതും. എന്നാല്‍ ഇന്ന് ഇതെല്ലാം മാറിമറിയുകയാണ്. വിവാഹമോചനവും ഇന്ന് ആഘോഷമായി മാറുകയാണ്.

വിവാഹ മോതിരങ്ങള്‍ പുനര്‍നിര്‍മ്മിക്കുക, ടാറ്റൂ ചെയ്യുക, വീട് നവീകരിക്കുക, പാര്‍ട്ടി നടത്തുക തുടങ്ങിയ കാര്യങ്ങളാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് പലരും ചെയ്യുന്നത്. വിവാഹ മോചന മോതിരങ്ങള്‍ ഇപ്പോള്‍ പല രാജ്യങ്ങളിലും പുതിയ ട്രെന്‍ഡായി മാറുകയാണ്. ഈ മോതിരങ്ങള്‍ സാധാരണയായി ലോഹം കൊണ്ട് നിര്‍മ്മിച്ചതാണ്, ഒന്നോ രണ്ടോ രത്നക്കല്ലുകള്‍ ചിലര്‍ ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. കാഴ്ചയില്‍ ഇവ വിവാഹമോതിരം പോലെ തോന്നിപ്പിക്കും എങ്കിലും പ്രത്യയശാസ്ത്രപരമായി വ്യത്യസ്തമാണ് എന്നാണ് പല ആഭരണക്കട ഉടമകളും പറയുന്നത്.

വിദേശരാജ്യങ്ങളില്‍ ഇത്തരം മോതിരങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വിവാഹമോചിതര്‍ക്കും അവരുടെ അഭിഭാഷകര്‍ക്കുമായി വന്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്. ബോത്തിക്കുകളില്‍ തന്നെയാണ് ഇവര്‍ പാര്‍ട്ടി നടത്താറുള്ളത്. വിവാഹമോചിതരുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കാനാണ് തങ്ങളുടെ ശ്രമം എന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. ഹോളിവുഡിലെ ഒരു പ്രമുഖ നടി തന്റെ വിവാഹനിശ്ചയ മോതിരത്തിലെ വജ്രങ്ങള്‍ ഉപയോഗിച്ച് രണ്ട് വിവാഹമോചന മോതിരങ്ങള്‍ നിര്‍മ്മിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹമോചനം ആഘോഷിക്കാന്‍ ഇറങ്ങുന്നവര്‍ കൈയ്യില്‍ ആവശ്യത്തിലധികം പണം ഉണ്ടെന്ന കാര്യം ഉറപ്പാക്കണം എന്നാണ് ചിലര്‍ കളിയായി പറയുന്നത്. ഇത്തരം മോതിരങ്ങളില്‍ ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ പേര് ചേര്‍ക്കുന്നതിന് പകരം വിവാഹമോചിതരാണ് എന്ന് സൂചിപ്പിക്കുന്ന അടയാളങ്ങളും സജീവമാണ് എന്നാണ് പറയപ്പെടുന്നത്. ഹോളിവുഡിലെ പല വമ്പന്‍ താരങ്ങളും വിവാഹമോചനം വലിയ തോതിലാണ് ഇപ്പോള്‍ ആഘോഷിക്കുകയാണ്. വിവാഹ മോചന കേക്കുകളും ഇപ്പോള്‍ പല രാജ്യങ്ങളും ലഭ്യമാണ്.