കാസര്‍ഗോഡ്: ഇത് കാസര്‍ഗോഡ് നിന്നുള്ള അസാധാരണ രക്ഷപ്പെടല്‍ കഥയാണ്. പൊയിനാച്ചിയില്‍ ഒളിച്ചുകളിക്കിടെ ടാര്‍ നിറച്ച വീപ്പയില്‍ കയറിയ നാലര വയസ്സുകാരി പെട്ടത് അസാധാരണമാം അപകടത്തിലാണ്. അരക്കെട്ടോളം ടാറില്‍ പൂണ്ട് പുറത്തിറങ്ങാനാകാതെ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചത് സഹോദരന്‍ സംഭവം തിരിച്ചറിഞ്ഞതു കൊണ്ട് മാത്രമാണ്. അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിലൂടെയാണ് കുട്ടിയെ രക്ഷിച്ചത്. ചട്ടഞ്ചാല്‍ എം.ഐ.സി. കോളേജ് റോഡില്‍ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.

റോഡരികില്‍ സഹോദരനോടൊപ്പം കളിക്കുകയായിരുന്നു ഫാത്തിമ. ഈ കുട്ടിയാണ് ടാര്‍ സൂക്ഷിച്ചിരുന്ന വീപ്പയില്‍ ഇറങ്ങി ഒളിച്ചത്. ചേട്ടനെ ഒളിച്ചു കളിയില്‍ തോല്‍പ്പിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം. വീപ്പയില്‍ ഒന്നുമില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇവിടെ റോഡ് പുനരുദ്ധാരണത്തിന് എത്തിച്ച ടാറില്‍ ബാക്കിവന്നത് വീപ്പയില്‍ ഉണ്ടായിരുന്നു. ടാറില്ലെന്ന് വിചാരിച്ച് വീപ്പയിലിറങ്ങിയ കുട്ടിയുടെ കാലുകള്‍ വെയിലത്ത് ഉരുകിയിരുന്ന ടാറില്‍ പെട്ടു. പതിയെ ശരീരത്തിന്റെ കൂടുതല്‍ ഭാഗം ടാറില്‍ താണു. ഇതോടെ കുട്ടി നിലവിളി തുടങ്ങി. ഇത് സഹോദരന്‍ കണ്ടു. സംഭവത്തിന്റെ ഗൗരവം അറിഞ്ഞു. ഇതോടെ വീട്ടുകാരും നാട്ടുകാരും എത്തി. പക്ഷേ ടാറില്‍ നിന്നും കുട്ടിയെ രക്ഷിക്കാനായില്ല.

ചട്ടഞ്ചാലിലെ മേല്‍പ്പറമ്പ് പോലീസില്‍ ഉടന്‍ വിവരമറിയിച്ചു. എസ്.ഐ. വി.കെ. അനീഷും സംഘവും സ്ഥലത്തെത്തി. എസ്.ഐ.യും ഒപ്പമുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലനീഷ്, രാഗേഷ്, സോജന്‍ എന്നിവരും ചേര്‍ന്ന് കരുതലോടെ ഇടപെട്ടു. കുട്ടി ടാറിലേക്ക് ആഴ്ന്നു പോകാതെ ബലം കൊടുത്ത് പിടിച്ചു. പിന്നാലെ അഗ്നരക്ഷാ സേനയും എത്തി. കന്നാസില്‍ 30 ലിറ്ററോളം ഡീസലുമായി ലീഡിങ് ഫയര്‍മാന്‍ പി. സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

വീപ്പയിലേക്ക് ഡീസല്‍ ഒഴിച്ച് ടാര്‍ നേര്‍പ്പിച്ചു. ടാര്‍ ദ്രാവകരൂപത്തിലായതോടെ വീപ്പയെ ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് നെടുകെ മൂന്നായി പിളര്‍ന്നു. കുട്ടിയെ പുറത്തെടുത്തു. ദേഹത്ത് പുരണ്ട ടാര്‍ നീക്കം ചെയ്തു. അതിന് ശേഷം ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. ആരോഗ്യ പ്രശ്‌നമൊന്നും ഉണ്ടായതുമില്ല. അങ്ങനെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഫാത്തിമയെ രക്ഷിച്ചു.

അഗ്‌നിരക്ഷാ ഓഫീസര്‍മാരായ രാജേഷ് പാവൂര്‍, ജിത്തു തോമസ്, എസ്. അഭിലാഷ്, ഡ്രൈവര്‍മാരായ ഇ. പ്രസീത്, എം. രമേശ, വുമണ്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ അരുണ പി. നായര്‍, ഹോം ഗാര്‍ഡുമാരായ എസ്. സോബിന്‍, എന്‍.പി. രാഗേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ടാര്‍, ഡീസല്‍, പൊയ്‌നാച്ചി, ഫാത്തിമ