- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനം തെറിപ്പിച്ചത് തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം; പാര്‍ട്ടി നടപടി വൈകും; കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കാന്‍ പണം കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ട് ഉണ്ടാക്കും: ജനരോഷം തണുക്കുമ്പോള്‍ രക്തസാക്ഷിയായി വീണ്ടും ദിവ്യ എത്തും
കണ്ണൂര്‍: പിപി ദിവ്യയെ രക്ഷിക്കാന്‍ നവീന്‍ ബാബുവിനെ പോലീസ് കൈക്കൂലിക്കാരനാക്കുമോ? ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദിവ്യയെ മാറ്റിയത് സിപിഎം പത്തനംതിട്ട നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണമാണ്. ഇതില്‍ ചില കണ്ണൂര്‍ നേതാക്കള്‍ക്ക് അതൃപ്തിയുമുണ്ട്. സിപിഎം ജില്ലാ കമ്മറ്റിയില്‍ നിന്നും ദിവ്യയെ ഉടന്‍ തരംതാഴ്ത്തില്ല. സിപിഎം സമ്മേളനത്തിന്റെ കാരണം പറഞ്ഞ് തീരുമാനം വൈകിപ്പിക്കും. അപ്പോഴേക്കും ഈ വിഷയം തണുക്കും. അതിന് ശേഷം ദിവ്യയെ വീണ്ടും കൂടുതല്‍ കരുത്തുള്ള പദവികളിലേക്ക് സിപിഎം എത്തിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോലും നേതൃത്വം പരിഗണിച്ച വ്യക്തിത്വമാണ് ദിവ്യയുടേത്. അതുകൊണ്ട് തന്നെ ദിവ്യയ്ക്കായി വലിയ സമ്മര്‍ദ്ദം ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. ദിവ്യയുടെ ഭര്‍ത്താവ് അജിത്തിനും സിപിഎം നേതൃനിരയിലെ സ്വാധീനം ചര്‍ച്ചയാകുന്നുണ്ട്. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണം എല്ലാം ദിവ്യയ്ക്ക് അനുകൂലമാകുമെന്നാണ് സൂചന. ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുന്നതും ഇതിന്റെ സൂചനകളാണ് നല്‍കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗം ദിവ്യയെ ചേര്‍ത്തു നിര്‍ത്തണമെന്ന ആവശ്യം കണ്ണൂരിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്കുണ്ട്. പത്തനംതിട്ടയിലെ നേതാക്കളെ നിശബ്ദമാക്കണെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. പൊലീസ് അന്വേഷണത്തില്‍ വെളിപ്പെടുന്ന കാര്യങ്ങള്‍ കൂടി വിലയിരുത്തിയാകും തുടര്‍നടപടികളിലേക്കു സിപിഎം കടക്കുക. അതുവരെ കാത്തിരിക്കും. വെറുതെ ഒരു പരാതി വന്നാല്‍ നടപടിയില്ലെന്ന വാദം ഇവിടേയും ചര്‍ച്ചയാക്കും. ഇതിനൊപ്പം സ്ത്രീയെന്ന പരിഗണനയും നല്‍കുന്നതായി വാദിക്കും. അതിനിടെ നവീന്‍ ബാബു കൈക്കൂലിക്കാരന്‍ ആണെന്ന വാദം ദിവ്യ ചര്‍ച്ചയാക്കുന്നുണ്ട്. പണം കണ്ടെത്തിയെന്ന് വിശദീകരിച്ച് നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കി ദിവ്യയെ രക്ഷിച്ചെടുക്കാനും അണിയറ നീക്കമുണ്ട്. പണം കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ട് ഉണ്ടാക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ പോലീസിലെ ഒരു വിഭാഗം ഇതിന് കൂട്ടു നില്‍ക്കില്ലെന്നതും പ്രശ്‌നമായി മാറിയിട്ടുണ്ട്.
സിപിഎം സമ്മേളന നടപടികളിലേക്കു കടന്നാല്‍ സംഘടനാപരമായി അച്ചടക്കനടപടി പതിവില്ലെന്ന സാങ്കേതിക ന്യായവും പാര്‍ട്ടിക്കുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ജില്ലാ സമ്മേളനത്തില്‍ സ്വാഭാവികമായി ചര്‍ച്ച നടന്നാല്‍ ജില്ലാ കമ്മിറ്റി അംഗത്തെ പുതിയ പാനലില്‍നിന്ന് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാം. അച്ചടക്കനടപടിയെന്ന നിലയില്‍ അവിടെ ചര്‍ച്ച നടക്കില്ല. അല്ലെങ്കില്‍ സമ്മേളനശേഷം നടപടി ആലോചിക്കാം-ഇതാണ് സിപിഎം നടപടി ക്രമം. പാര്‍ട്ടി ജില്ലാ സമ്മേളനത്തിന് മുമ്പ് ദിവ്യ അഴിക്കുള്ളില്‍ കയറിയില്ലെങ്കില്‍ നടപടികളൊന്നും ഉണ്ടാകില്ലെന്നും വ്യക്തം. ദിവ്യയ്ക്കെതിരെ സംഘടനാതലത്തിലും നടപടി വേണമെന്ന ആവശ്യം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കും എഡിഎം നവീന്‍ബാബുവിന്റെ കുടുംബത്തിനുമുണ്ട്. ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കേസിലും കക്ഷി ചേരും. അങ്ങനെ ദിവ്യയെ പൂട്ടാന്‍ കുടുംബം രംഗത്തുള്ളത് സിപിഎമ്മിന് തലവേദനയാണ്. പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ദിവ്യയെ അതിവേഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറ്റിയത്.
സിപിഎം കുടുംബം ആണെങ്കിലും നവീന്‍ ബാബുവിന്റെ മരണം അവരെ ഉലച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ ഉറച്ച പിന്തുണയില്‍ പോരാട്ടം കടുപ്പിക്കുകയാണ് അവര്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി.ദിവ്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ നവീനെതിരെയും ആരോപണങ്ങള്‍ ഉണ്ട്. ഫയലുകള്‍ വൈകിപ്പിക്കുന്നത് പതിവെന്ന് പലരും തന്നോടുപറഞ്ഞെന്നാണ് ദിവ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. കൈക്കൂലി കൊടുത്തെന്ന് പ്രശാന്തന്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഗംഗാധരന്‍ എന്നൊരാളും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ദിവ്യ. കലക്ടര്‍ ക്ഷണിച്ചതനുസരിച്ചാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത്. സംസാരിക്കാനായി ക്ഷണിച്ചത് സബ് കലക്ടര്‍ ശ്രുതി. പ്രസംഗം സദുദ്ദേശ്യപരമായിരുന്നു. ആരെയും ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും പ്രായമായ മാതാപിതാക്കളുണ്ട്, ജാമ്യം നല്‍കണമെന്നും ആവശ്യം. യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ഹാജരാക്കിയിട്ടുണ്ട്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെയാണ് ദിവ്യയുടെ ജാമ്യാപേക്ഷ. ജാമ്യാപേക്ഷയില്‍ നവീന്റെ കുടുംബം കക്ഷിചേരുന്നത് നിര്‍ണ്ണായകമാണ്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചു. കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരിയാണ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്.
കലക്ടര്‍ക്കെതിരെ പരാതി നല്‍കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നാണ് എ.ഡി.എമ്മിന്റെ കുടുംബം പറയുന്നത്. ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ആശ്വാസകരമെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. കുടുംബവുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് സി.പി.എം പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ നിലപാട്.