- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗത്തില്‍ പങ്കെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയെന്ന കളക്ടറുടെ മൊഴി അതിനിര്‍ണ്ണായകം; നവീന്‍ ബാബുവിനെതിരായ ഗൂഡാലോചന പദ്ധതിയ്ക്ക് തുടക്കമിട്ടത് രാവിലെ 10.40നും 10.50നും ഇടയില്‍; 3.40ന് മൈക്ക് ഓണാക്കി അധിക്ഷേപവും ഭീഷണിയും; ശശിയുടെ 'സീനിയറിനും' ദിവ്യയെ രക്ഷിക്കാന്‍ കഴിയില്ലേ? കോടതിയില്‍ സംഭവിച്ചത്
തലശ്ശേരി: നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി. ദിവ്യ പങ്കെടുക്കുന്നത് വിലക്കിയതായുള്ള കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പിപി ദിവ്യയ്ക്ക് കരുക്കാകും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനവും ഇതിന് അനുസരിച്ചാകും. കളക്ടര്‍ അന്വേഷണസംഘത്തിനുനല്‍കിയ മൊഴി കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത് സിപിഎം നേതൃത്വത്തിന്റെ കൂടി അറിവോടെയാണ്. മൊഴി പ്രോസിക്യൂഷന്‍ ഹാജരാക്കിയതോടെ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദത്തിന്റെ മുനയൊടിഞ്ഞു. ദിവ്യയെ സിപിഎമ്മും സര്‍ക്കാരും കൈവിട്ടതിന്റെ തെളിവായി ഇതിനെ ഏവരും കാണുന്നുണ്ട്. സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗവുമായി അടുപ്പമുള്ള വ്യക്തിയാണ് കെ വിശ്വന്‍. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതും വിശ്വന്റെ ജൂനിയറായാണ്. അത്തരമൊരു അഡ്വക്കേറ്റ് എത്തിയതോടെ ജാമ്യ ഹര്‍ജിയില്‍ ദിവ്യയ്ക്ക് പ്രതീക്ഷ കൂടി. എന്നാല്‍ സര്‍ക്കാര്‍ നീക്കം ചടുലമായിരുന്നു.
14-ന് രാവിലെ കണ്ണൂരില്‍നടന്ന സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ ഉദ്ഘാടകയായ ദിവ്യയെ കളക്ടര്‍ കണ്ടിരുന്നു. 10.40-നും 10.50-നുമിടയിലാണ് കണ്ടത്. അപ്പോള്‍ ദിവ്യ നവീന്‍ബാബുവുമായി ബന്ധപ്പെട്ട വിഷയം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. നിങ്ങള്‍ക്ക് വല്ല പരാതിയോ തെളിവോ ഉണ്ടോയെന്ന് കളക്ടര്‍ ചോദിച്ചു. വ്യക്തിപരമായ വിഷയത്തില്‍ നേരിട്ടറിവില്ലാത്ത കാര്യത്തില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകരുതെന്ന് കളക്ടര്‍ ദിവ്യയെ ഉപദേശിച്ചുവെന്നാണ് മൊഴി. 3.13ന് ദിവ്യ കളക്ടറെ വിളിച്ചു. സംഭാഷണത്തില്‍ ഇതേവിഷയം ആവര്‍ത്തിച്ചു. യാത്രയയപ്പ് ചടങ്ങല്ല അതിനുള്ള സാഹചര്യവും സമയവുമെന്ന് പറഞ്ഞ് വിലക്കിയതായാണ് കളക്ടറുടെ മൊഴി. യോഗത്തില്‍ പങ്കെടുക്കാന്‍ ദിവ്യ വരുന്നതിനെ നിരുത്സാഹപ്പെടുത്തി. എന്നിട്ടും അവര്‍ എത്തി.
3.25-ന് യാത്രയയപ്പ് പരിപാടി തുടങ്ങി. 3.40-ന് ക്ഷണിക്കാതെ ദിവ്യ ചടങ്ങിനെത്തി. മൈക്ക് ഓണാക്കി പ്രസംഗം തുടങ്ങി. യാത്രയയപ്പുദിവസത്തെ സംഭവങ്ങളെക്കുറിച്ചുള്ള കളക്ടറുടെ മൊഴി ഇങ്ങനെയാണ്. ഇതിന് അതിക്രമിച്ച് കയറലിന്റെ സ്വഭാവമുണ്ടെന്നും വിലയിരുത്തലുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രോട്ടോകോള്‍ അധികാരം ഉപയോഗിച്ചായിരുന്നു ദിവ്യയുടെ ഇടപെടലുകള്‍. എന്നാല്‍, 14-ന് രാവിലെ കളക്ടറെ കണ്ടപ്പോള്‍ യാത്രയയപ്പിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും പങ്കെടുക്കാന്‍ സമ്മതിച്ചിരുന്നെന്നുമാണ് മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ ദിവ്യ പറഞ്ഞത്. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരമാണ് യാത്രയയപ്പില്‍ സംസാരിച്ചതെന്നും പറഞ്ഞിരുന്നു. ഇതെല്ലാം കളക്ടറുടെ മൊഴിയില്‍ തകര്‍ന്നു.
വിശദ വാദത്തിന് ശേഷം ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 29നാണ് വിധി പറയുക. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും പരാതിക്കാരനായ ഗംഗാധരന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷം കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വ്യക്തിഹത്യയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ വാദിച്ചു. ക്ഷണിച്ചില്ലെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും വഴിയെ പോകുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദിവ്യ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. എന്താണ് പ്രോസിക്യൂട്ടറുടെ റോള്‍ എന്ന് വിശദീകരിച്ചാണ് അജിത് കുമാര്‍ വാദം തുടങ്ങിയത്. അതിഗംഭീരമായി തന്നെ തുടങ്ങി. ഇതിനിടെ അഡ്വ വിശ്വന്‍ ഇടപെടലിന് എത്തി. അതിന് മുമ്പ് ഒന്നര മണിക്കൂര്‍ വാദിച്ചത് ചൂണ്ടിക്കാട്ടി കോടതി അത് അനുവദിച്ചില്ല. ദിവ്യയുടെ വാദങ്ങളെല്ലാം അജിത് കുമാര്‍ പൊളിച്ചു.
എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണത്തോടെ വിവാദമായ ശ്രീകണ്ഠപുരം നിടുവാലൂരിലെ പെട്രോള്‍പമ്പ് ബിനാമി ഇടപാടാണെന്ന ആരോപണം ഏറ്റെടുത്ത് നവീന്‍ ബാബുവിന്റെ കുടുംബവും ദിവ്യയെ പ്രതിസന്ധിയിലാക്കി. പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേര്‍ന്ന കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകനാണ് കോടതിയില്‍ ഈ വാദം ഉയര്‍ത്തിയത്. പ്രശാന്തും ദിവ്യയും കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും നിയമവിരുദ്ധമായി പമ്പിന് അനുമതി നല്‍കാനാണ് ദിവ്യ സമ്മര്‍ദം ചെലുത്തിയതെന്നും കുടുംബത്തിനുവേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരായ വാദത്തില്‍ ജോണ്‍ എസ്. റാല്‍ഫ് പറഞ്ഞു. അധികാരപരിധിയില്‍പ്പെടാത്ത കാര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടതെന്നും വാദത്തില്‍ പറഞ്ഞു. പി.പി. ദിവ്യ ക്രമവിരുദ്ധമായ കാര്യത്തിനാണ് സമ്മര്‍ദം ചെലുത്തിയതെന്ന വാദത്തിന് ഇത് ശക്തിപകരും.
'രണ്ട് ദിവസത്തിനകം കാണാം എന്ന് പറഞ്ഞത് ഭീഷണിയാണ്. സ്വകാര്യ പരിപാടിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കാന്‍ ദിവ്യയ്ക്ക് എന്താണ് അധികാരം. ദിവ്യ പങ്കെടുത്തത് പൊതുപരിപാടി അല്ല. പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്. കളക്ടര്‍ക്ക് പരിപാടിയില്‍ റോള്‍ ഇല്ല. യാത്രയയപ്പ് ചടങ്ങ് സ്വകാര്യ പരിപാടിയാണ്. കളക്ടറോട് ദിവ്യ എഡി എമ്മിനെതിരെ പരാതി രാവിലെ തന്നെ പറഞ്ഞിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇക്കാര്യം പറയേണ്ടെന്ന് കളക്ടര്‍ ദിവ്യയോട് പറഞ്ഞു. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കില്‍ അധികാരികളോട് അറിയിക്കാമായിരുന്നു', പ്രോസിക്യൂഷന്‍ വാദിച്ചു. ഗംഗാധരന്റെ പരാതി ഒന്നുമില്ലെന്നും പണം നല്‍കിയില്ലെന്ന് ഗംഗാധരന്‍ മാധ്യമങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിവ്യ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 'എന്തിനാണ് വിജിലന്‍സും ഇന്റലിജന്‍സും. എല്ലാവരും കൂടി ഉദ്യോഗസ്ഥര്‍ക്കെതിരെ മൈക്ക് കെട്ടി പറഞ്ഞാല്‍ സമൂഹത്തിന്റെ അവസ്ഥ എന്താകും', പ്രോസിക്യൂഷന്‍ ചോദിച്ചു.
സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാവാത്ത പ്രയാസമാണുണ്ടായതെന്നും സംഭവത്തിന് ശേഷവും അദ്ദേഹത്തെ താറടിച്ച് കാണിക്കുന്നുവെന്നും കുടുംബവും വാദിച്ചു. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു എന്നത് തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ പേര് വ്യത്യസ്തമാണ്. ഒപ്പും വ്യാജമാണ്. മരണത്തിന് ശേഷം തയ്യാറാക്കിയ പരാതിയാണിത്. പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ പെട്ടെന്ന് തന്നെ വിജിലന്‍സിനോട് പറയണമായിരുന്നു. ചാനലുകാരെ വിളിച്ചു വരുത്തി പറയാന്‍ പാടില്ലായിരുന്നു', കുടുംബം വാദിച്ചു. പെട്രോള്‍ പമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയില്‍ ഉള്ള വിഷയമല്ലെന്നും പിന്നെ എന്തിനാണ് വിളിച്ചതെന്നും കുടുംബം ചോദിക്കുന്നു. പ്രശാന്തനും ദിവ്യയും തമ്മില്‍ ദുരൂഹമായ ബന്ധമുണ്ട്. ദിവ്യ വരുമ്പോള്‍ അദ്ദേഹം സന്തോഷവാന്‍ ആയിരുന്നെന്നും പിന്നീടാണ് മുഖം മാറിയതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
'മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണിത്. ആരോപണത്തിന് പിന്നില്‍ വൈരാഗ്യമാണ്. നിയമവിരുദ്ധമായ അനുമതി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. കൈക്കൂലി വാങ്ങിച്ചതിന് ഉറപ്പില്ലെന്ന് പറയുന്നു. ഉറപ്പില്ലാത്ത കാര്യത്തിനാണ് പൊതുമധ്യത്തില്‍ അവഹേളിച്ചത്. എ ഡി എമ്മിനെ അപമാനിക്കാനാണ് ഉപഹാരം നല്‍കാതെ ഇറങ്ങി പോയത്. പരിപാടി കഴിഞ്ഞ ഉടനെ ആത്മഹത്യ ചെയ്യുമെന്ന് അവരും വിചാരിച്ചു കാണില്ല. പക്ഷെ അപമാനിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നു. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ദിവ്യയുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ അവസ്ഥയല്ല നോക്കേണ്ടത് . നവീന്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് നോക്കേണ്ടത്', നവീന്‍ ബാബുവിന്റെ കുടുംബം വാദിച്ചു.
എന്നാല്‍ കളക്ടറും ദിവ്യയും തമ്മില്‍ സംസാരിച്ചെന്ന് പ്രോസിക്യൂട്ടര്‍ സമ്മതിച്ചല്ലോയെന്നും എന്താണ് സംസാരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തട്ടെയെന്നും ദിവ്യയുടെ അഭിഭാഷകനും വാദിച്ചു. കണ്ണില്‍ നിന്ന് ചോരയാണ് വീണത് എന്ന് ഗംഗാധരന്‍ പറഞ്ഞിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ദിവ്യ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ വാദിച്ചു. 'മുന്‍കൂര്‍ ജാമ്യം പരിഗണനയിലിരിക്കുമ്പോള്‍ എങ്ങനെ ഹാജരാകും. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നില്ല. ഐഎഎസ് ഓഫീസറുടെ മുന്നില്‍ ഹാജരാകാത്തതും ഇതേ കാരണത്താലാണ്. ഹാജരാകില്ലെന്ന് പറഞ്ഞിട്ടില്ല. സമയം ചോദിക്കുകയാണ് ചെയ്തത്. പ്രശാന്തനെ വിജിലന്‍സ് ഓഫീസര്‍ 14.10.2024ന് വിളിച്ചിട്ടുണ്ട്. അവിടെ പോയതിന്റെ സിസിടിവി ദൃശ്യങ്ങളും ഉണ്ട്', ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ആക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പിപി ദിവ്യയാണെന്ന് കണ്ടെത്തലും നിര്‍ണ്ണായകമാണ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. വീഡിയോ പല മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയതും പിപി ദിവ്യയാണ്. കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിനുള്ള എന്‍ഒസി അനുവദിക്കുന്നതില്‍ നവീന്‍ ബാബു ബോധപൂര്‍വ്വം ഫയല്‍ വൈകിപ്പിച്ചെന്ന് ആരോപണത്തില്‍ ഒരു തെളിവും മൊഴികളും ലാനഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീന്‍ ബാബു കോഴ വാങ്ങി എന്നതിനും തെളിവ് ഇല്ല.
നവീന്ഡ ബാബു ആത്മഹത്യ പ്രേരണകുറ്റത്തിന് ദിവ്യ ഒന്നാം പ്രതിയാണ്. അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിണാവിലെ വീട്ടില്‍ ദിവ്യയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്ന് തവണ അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവ്യ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭര്‍ത്താവ് അജിത്തും പറയുന്നത്. കണ്ണൂരിലെ മലയോര കേന്ദ്രമായ പാലക്കയം റിസോര്‍ട്ടില്‍ ദിവ്യ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്വേഷണം നടത്തിയെന്നും തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.
15ന് രാവിലെയാണ് എ.ഡി.എമ്മിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണുന്നത്. അന്നും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും ദിവ്യ ഇരിണാവിലെ വീട്ടിലുണ്ടായിരുന്നു. 17ന് വൈകിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തത്. തുടര്‍ന്ന് ദിവ്യ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. റെയില്‍വേ സ്റ്റേഷന് അടുത്തു വച്ചാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പിപി ദിവ്യ രാജികത്ത് കൈമാറിയത്.