തിരുവനന്തപുരം: പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് സിപിഎമ്മാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി. ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ ദിവ്യയെ കൈവിടണമെന്ന് തൃശൂരിലേയും പാലക്കാട്ടേയും നേതൃത്വങ്ങളും ആവശ്യപ്പെട്ടു. പാലക്കാട്-ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ദിവ്യാക്കേസ് വന്‍ ചര്‍ച്ചയാണ്. എന്നാല്‍ ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുമെന്നും പാര്‍ട്ടി നടപടികള്‍ പാടില്ലെന്നും ചെങ്ങളായിയിലെ ഭൂ മാഫിയ നിലപാട് എടുത്തു. ഇവരെ പിന്തുണയ്ക്കുന്ന നേതാക്കളുടെ സമ്മര്‍ദ്ദം കാരണം നടപടികളൊന്നും എടുത്തതുമില്ല. മാധ്യമ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സിപിഎം പറയാതെ പറഞ്ഞു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ദിവ്യയ്ക്ക് കിട്ടിയില്ല. ഇതോടെ സിപിഎം വെട്ടിലാകുന്നു. രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ഈ വിഷയം തിരിച്ചടിക്കുമോ എന്ന ആശങ്ക തൃശൂരിലേയും പാലക്കാട്ടേയും നേതൃത്വത്തിനുണ്ട്. നടപടി വൈകുന്നതില്‍ സിപിഎം സ്വതന്ത്രനായി പാലക്കാട് മത്സരിക്കുന്ന പി സരിന്‍ നിരാശയിലുമാണ്. കോണ്‍ഗ്രസിനുള്ളിലെ ഭിന്നത ചര്‍ച്ചയാക്കി പാലക്കാട് പിടിക്കാനുള്ള ശ്രമത്തിന് വലിയ തിരിച്ചടിയാണ് ദിവ്യാ കേസ് എന്ന് പാലക്കാട്ടെ ഇടതു നേതൃത്വവും തിരിച്ചറിയുന്നു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാതെ ഒളിവിലിരുന്ന് ഹൈക്കോടതിയെ സമീപിച്ചാല്‍ അത് ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകും.

കണ്ണൂരിലെ ജയരാജന്മാര്‍ എല്ലാം ദിവ്യയ്‌ക്കെതിരെ നടപടി വേണമെന്ന പക്ഷത്താണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനും ഇപി ജയരാജനും ഇക്കാര്യത്തില്‍ ഒരുമിച്ചു. പക്ഷേ ഇവര്‍ക്ക് മുകളില്‍ പോലും ചെങ്ങളായി മാഫിയയ്ക്ക് സ്വാധീനമുണ്ട്. നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാനുള്ള വ്യാജ കത്തുണ്ടാക്കിയത് എകെജി സെന്ററില്‍ നിന്നാണെന്നും വാര്‍ത്ത എത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് നേരേയും ആരോപണം ഉയര്‍ന്നു. കണ്ണൂരിലെ രാഷ്ട്രീയത്തില്‍ പ്രതിസ്ഥാനത്ത് എത്തിയ ഈ രണ്ടു വ്യക്തികള്‍ക്കും നല്ല സ്വാധീനമുണ്ട്. ഇതിലൊരാളുടെ സഹോദരനാണ് കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍ സംഘത്തിലെ പുതിയ നേതാവ്. ചെങ്ങളായി മാഫിയയുമായി ഈ നേതാവിന് അടുത്ത ബന്ധമുണ്ട്. ഇതെല്ലാം ദിവ്യയ്‌ക്കെതിരായ നടപടികളെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടു മാത്രമാണ് ജയരാജന്മാര്‍ക്ക് പോലും നിശബ്ദമാകേണ്ടി വന്നത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഎമ്മിലെ ക്വട്ടേഷന്‍ നേതൃത്വത്തില്‍ മാറ്റങ്ങളുണ്ടായി. ഇങ്ങനെ പാര്‍ട്ടിയിലെ പ്രധാനിയായ വ്യക്തിയുടെ പിന്തുണ ദിവ്യയ്ക്കുണ്ട്. ഇത് തന്നെയാണ് നവീന്‍ ബാബുവിന്റെ മരണ ശേഷമുണ്ടാക്കിയ വ്യാജ പരാതിയുടെ അടിസ്ഥാനം. ഈ ലോബിയാണ് ദിവ്യയെ സംരക്ഷിക്കുന്നത്.

നവീന്‍ ബാബുവിന്റേതും പത്തനംതിട്ടയിലെ സിപിഎം കുടുംബമാണ്. അതുകൊണ്ടു തന്നെ തുടക്കമുതല്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമായിരുന്നു പത്തനംതിട്ട ജില്ലാ ക്മ്മറ്റി. പിപി ദിവ്യയെ പരസ്യമായി തന്നെ തള്ളി പറഞ്ഞു. സിപിഎം സംസ്ഥാന നേതൃത്വത്തേയും എതിര്‍പ്പ് അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വീട്ടിലേക്കും കൊണ്ടു വന്നു. പിപി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയും പത്തനംതിട്ടക്കാര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല കാത്തിരിക്കാമെന്ന തീരുമാനത്തിലാണ് സിപിഎം എത്തിയത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധിയില്‍ കോടതി നടത്തുന്നത് നിര്‍ണ്ണായക നിരീക്ഷണങ്ങളാണ്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി സമ്മര്‍ദ്ദം ശക്തമാക്കും. ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ദിവ്യയെ കൈവിട്ടേ മതിയാകൂവെന്ന് വീണ്ടും തൃശൂരിലേയും പാലക്കാട്ടേയും നേതൃത്വങ്ങളും ആവശ്യപ്പെടും. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. ഏതായാലും സിപിഎം ഈ ഘട്ടത്തില്‍ 'ദിവ്യ' പ്രതിസന്ധിയിലാണെന്നത് വ്യക്തം.

ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎമ്മെന്ന് ആവര്‍ത്തിക്കുമ്പോഴും, രാഷ്ട്രീയ കാരണങ്ങളാല്‍ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിരുന്നില്ല. ദിവ്യ നിലവില്‍ ഒളിവിലാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമില്ലാതെ ദിവ്യ ഒളിവില്‍ തുടരാന്‍ സാധ്യതയില്ല. പൊലീസ് നടപടി വൈകുന്നതിലും രാഷ്ട്രീയ നിര്‍ദേശം ഉറപ്പ്. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പൊലീസിന്റെ നടപടികള്‍ എന്താണെന്നാണ് നവീന്റെ കുടുംബം ഉറ്റുനോക്കുന്നത്. ജാമ്യം നിഷേധിച്ചതോടെ പൊലീസിനു ദിവ്യയെ അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്യാത്തതിനെതിരെ കുടുംബം പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. കോടതി തീരുമാനം വരട്ടെയെന്നായിരുന്നു പൊലീസ് നിലപാട്. പി.പി.ദിവ്യ കണ്ണൂരില്‍ തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദിവ്യ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് സൂചനയുണ്ട്. പക്ഷേ ആര്‍ക്കും ഒന്നും അറിയില്ല. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശം നിര്‍ണായകമാകും.

നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.പി ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അഭിഭാഷകന്‍ കെ വിശ്വന്‍ രംഗത്തുണ്ട്. വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കുമെങ്കില്‍ പിന്നെ കീഴടങ്ങേണ്ടല്ലോയെന്നും അഭിഭാഷകന്‍ പ്രതികരിച്ചു. ദിവ്യ കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ തന്നെയുണ്ടെന്നാണ് സൂചനകള്‍. ഇന്നലെ ദിവ്യ സഹകരണ ആശുപത്രിയിലെത്തി ചികില്‍സ തേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, എഡിഎമ്മിനെതിരെ പ്രശാന്ത് നേരത്തെ പരാതി ഉന്നയിച്ചതിന് തെളിവുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അവകാശപ്പെട്ടു. എഡിഎം മരിച്ച ദിവസം രാവിലെ പ്രശാന്തിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. പരാതിക്കാരന്‍ കണ്ണൂര്‍ വിജിലന്‍സ് ഓഫിസിലെത്തിയതിന്റെ ദൃശ്യങ്ങളുണ്ടെന്നും ആ ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.