- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോര്‍ഡ് വച്ചതിന് കാര്‍ട്ടണ്‍ ഈടാക്കിയത് വന്‍തുക; കണ്ണൂരിലെ പല പഞ്ചായത്തുകളിലും കരാര്‍ എടുത്തത് പി പി ദിവ്യയുടെ 'ബിനാമി കമ്പനി'; ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്ത വൃത്തങ്ങള്‍
മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടില്‍ ദിവ്യ
കണ്ണൂര്‍: പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകളില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ പരസ്യ ബോര്‍ഡുകളിലും അഴിമതി നടന്നതായി ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോര്‍ഡ് വച്ചതില്‍ വന്‍തുകയാണ് കാര്‍ട്ടണ്‍ കമ്പനി ഈടാക്കിയത്. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോര്‍ഡ് മൂന്ന് ലക്ഷം രൂപയ്ക്കാണ് കാര്‍ട്ടണ്‍ ചെയ്ത് നല്‍കിയത്. കണ്ണൂരിലുള്ള പല പഞ്ചായത്തുകളിലും പല കരാറുകളും എടുത്തിരിക്കുന്നത് കാര്‍ട്ടണാണ്.
ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നല്‍കിയ നിര്‍മ്മാണ കരാറുകളില്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണങ്ങള്‍ ഒരൊറ്റ കമ്പനിക്കാണ് കിട്ടിയത്. മൂന്നുവര്‍ഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ആയതിന് ശേഷമാണ് കമ്പനി രൂപീകരിച്ചത്. കമ്പനി എംഡി പി പി ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്.
വിവരാവകാശ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ഒരു കമ്പനിക്ക് മാത്രം കോടികളുടെ പ്രവര്‍ത്തികളാണ് കിട്ടുന്നത്. മോഡുലാര്‍ ടോയിലറ്റ്, കെട്ടിടങ്ങള്‍ എന്നിവയാണ് നിര്‍മാണം. പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ കരാര്‍ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സില്‍ക്കാണ്. സില്‍ക്ക് ബൈ കോണ്‍ട്രാക്ടിന് ടെണ്ടര്‍ വിളിക്കും. ഈ ടെണ്ടര്‍ മൂന്ന് വര്‍ഷമായി ഒറ്റക്കമ്പനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതടക്കം പി പി ദിവ്യ അടക്കമുള്ള സിപിഎം നേതാക്കള്‍ ജില്ലയില്‍ നടത്തുന്ന ബിനാമി ഇടപാടുകളുടെ വിവരം എഡിഎം നവീന്‍ ബാബു അറിഞ്ഞിരുന്നതായാണ് വിവരം.
നവീന്‍ ബാബുവിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പകപോക്കലിന് പിന്നില്‍ ജില്ലയിലെ സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി മനസിലാക്കിയതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചതിന്റെ പകയിലാണ് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ത്തിയത് പി പി ദിവ്യ യാത്രയയപ്പ് വേദിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
പി പി ദിവ്യ അടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന ബിനാമി ബിസിനസുകളെക്കുറിച്ച് എഡിഎം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പെട്രോള്‍ പമ്പിന്റെ അനുമതി കൊടുക്കുന്നതിന്റെ ഭാഗമായി ഉടമകളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചടക്കം എഡിഎം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ചെങ്ങളായി പഞ്ചായത്തിലെ വിവാദ പെട്രോള്‍ പമ്പിനായി നടത്തിയ നീക്കങ്ങളും ദൂരൂഹത ഉയര്‍ത്തുന്നതാണ്. വളവില്‍ പെട്രോള്‍ പമ്പ് നിര്‍മ്മിക്കുന്നതിലെ തടസ്സങ്ങള്‍ എഡിഎം ചൂണ്ടിക്കാട്ടിയതും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. തൊട്ടടുത്ത് നാടുകാണി എന്നൊരു സ്ഥലത്ത് രണ്ടു പെട്രോള്‍ പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെപിസിസിഎല്‍ എന്ന കമ്പനിക്കാണ് ഇതില്‍ ഒരു പമ്പിന്റെ ഉടമസ്ഥാവകാശം. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമാണ്. കണ്ണൂരിലെ സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനമാണ്.
കണ്ണൂര്‍ ജയിലിന് സമീപമാണ് ആദ്യം പെട്രോള്‍ പമ്പ് തുടങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് കെപിസിസിഎല്‍ വളവില്‍ സ്ഥാപിച്ചത്. അങ്ങനെയൊരു വളവില്‍ പെട്രോള്‍ പമ്പ് അനുവദിക്കാന്‍ പാടുള്ളതല്ല. ഇതിന് മുമ്പുള്ള എഡിഎം ചട്ടക്രമങ്ങള്‍ പാലിക്കാതെ അനുവദിച്ചതാണ്. എം വി ഗോവിന്ദന്‍ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യുന്ന ദൃശ്യം ടി വി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സമാനമായ രീതിയില്‍ ചെങ്ങളായിയിലും പമ്പ് നിര്‍മ്മിക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതിന്റെ പേരിലുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയ ആരോപണങ്ങള്‍ ഉന്നയിച്ചതും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പി പി ദിവ്യ നടത്തിയ വിദേശയാത്രകളും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. മന്ത്രിമാര്‍ നടത്തിയ വിദേശയാത്രകളെക്കാള്‍ കൂടുതല്‍ തവണയാണ് പി പി ദിവ്യ ഇക്കാലയളവില്‍ വിദേശ യാത്രകള്‍ നടത്തിയത്. ഇതിന്റെ ചിത്രങ്ങളടക്കം പി പി ദിവ്യ തന്നെ പലപ്പോഴായി പുറത്തുവിട്ടിട്ടുണ്ട്. പി പി ദിവ്യയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയാണ് മറുനാടനുമായി ഈ വിവരം പങ്കുവച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 23 തവണ വിദേശത്ത് പോയിട്ടുണ്ട്. ഇത്രയും തവണ വിദേശ യാത്ര ചെയ്യാനുള്ള ചെലവ് വഹിക്കാനുള്ള തുക എങ്ങനെ പി പി ദിവ്യയ്ക്ക് ലഭിച്ചു എന്നതടക്കം ചോദ്യങ്ങളുയരുന്നുണ്ട്. ഇതൊക്കെ സ്വകാര്യ ചെലവുതന്നെയാണ്. എന്നാല്‍ ഇത്രയും വിദേശയാത്രകള്‍ നടത്താനുള്ള പണത്തിന്റെ ഉറവിടം എന്താണെന്ന് സംശയം ഉയരുന്നുണ്ട്.
അതേ സമയം എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ തുടരുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങള്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.
ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് വരും. വിധിയെന്തെന്ന് അറിഞ്ഞ ശേഷം കീഴടങ്ങുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് ദിവ്യയുടെ നിലപാട്. അഴിമതിക്കെതിരെ നല്ല ഉദ്ദേശത്തോടുകൂടിയാണ് യാത്രയയപ്പ് യോഗത്തിലെ പ്രസംഗമെന്നും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഒരു വാക്കുപോലുമില്ലെന്നുമാണ് ദിവ്യയുടെ ജാമ്യഹര്‍ജിയിലെ വാദം.