- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ല; ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായി; പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചുപോയി'; ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി
എഡിഎം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചു
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ മൊഴിയില്‍ പറയുന്നു. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളില്‍ വിശദീകരിക്കുന്നു. എഡിഎം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ പൊലീസിനോട് വ്യക്തമാക്കി.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം തളളി പി.പി ദിവ്യ നേരത്തെ രംഗത്ത് വന്നിരുന്നു . കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ പറഞ്ഞു. സംസാരം സദുദ്ദേശപരമായിരുന്നുവെന്നും അവര്‍ പറയുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പി.പി ദിവ്യ അപേക്ഷ നല്‍കിയിട്ടുണ്ട്.
മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരം ആണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചതെന്നും ദിവ്യ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ വിവരപ്രകാരം കണ്ണൂര്‍ ജില്ലാകളക്ടറും സംശയത്തിന്റെ നിഴലിലാണ്. ക്ഷണിക്കാതെ പോയതോ മറ്റ് ഉദ്ദേശങ്ങളോടെ പോയതോ അല്ല എന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പരിപാടിയുമായി ബന്ധമില്ലാത്ത ഒരാളെ എന്തിന് ക്ഷണിച്ചു എന്ന കാര്യത്തില്‍ കളക്ടറും വിശദീകരണം നല്‍കേണ്ടി വരും.
യാത്രയയപ്പ് നല്‍കിയ ദിവസം രാവിലെ കളക്ടറേറ്റില്‍ നടന്ന പരിപാടിയിലാണ് ജില്ലാ കളക്ടര്‍ യാത്രയയപ്പ് വിവരം ദിവ്യയോട് പറഞ്ഞത്. അഴിമതിയുടെ കാര്യം കളക്ടറുമായി സംസാരിച്ചിരുന്നോ എന്ന കാര്യവും കളക്ടര്‍ ഇതോടെ വ്യക്തമാക്കേണ്ടി വരും. എന്നാല്‍ 'ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത്' എന്നായിരുന്നു പ്രസംഗത്തിലെ വാക്കുകള്‍. ഇതിന് വിപരീതമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം. ആത്മഹത്യയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും ഗുരുതരമായ രോഗാവസ്ഥയുള്ള പിതാവ് ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണം എന്നും പി.പി ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
നവീന്‍ ബാബുവിനെതിരെയും ജാമ്യാപേക്ഷയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടെന്നും ഗംഗാധരന്‍ എന്ന വ്യക്തിയും പരാതി പറഞ്ഞിരുന്നു എന്നും ദിവ്യ ആവര്‍ത്തിക്കുന്നു. ഫയല്‍ നീക്കം വേഗത്തിലാക്കണം എന്ന കാര്യമേ ഈ സംസാരം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ദിവ്യ പറഞ്ഞു. പ്രസംഗത്തിന്റെ മുഴുവന്‍ കോപ്പിയും ഹാജരാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.