- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി സിപിഐ ഇടപെട്ടത് പി പി ദിവ്യയെ പ്രകോപിപ്പിച്ചു; നവീന്‍ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിന്നില്‍ ദിവ്യയുടെ പക; പ്രശാന്തിന്റെ ആവശ്യപ്രകാരം നവീന്‍ ബാബുവിനെ വിളിച്ചെന്ന് സ്ഥിരീകരിച്ച് സിപിഐ ജില്ലാ സെക്രട്ടറി
എഡിഎം സ്ഥലം സന്ദര്‍ശിച്ചതായി അറിഞ്ഞെന്നും സി പി സന്തോഷ് കുമാര്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പി പി ദിവ്യയെ പ്രകോപിപ്പിച്ചത് ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് വിഷയത്തില്‍ സിപിഐ നടത്തിയ ഇടപെടലെന്ന് സൂചന. പെട്രോള്‍ പമ്പ് വിഷയത്തില്‍ പ്രശാന്തിന്റെ ആവശ്യപ്രകാരം എഡിഎം നവീന്‍ ബാബുവിനെ വിളിച്ചിരുന്നുവെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സിപി സന്തോഷ് കുമാര്‍ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം എഡിഎം സ്ഥലം സന്ദര്‍ശിച്ചതായി അറിഞ്ഞെന്നും സന്തോഷ് പറഞ്ഞു. വിവാദ യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ തുറന്നടിച്ചത് സിപിഐയുടെ ഇടപെടലാണെന്നാണ് വിലയിരുത്തല്‍.
പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി സിപിഐ സഹായിച്ചെന്ന് ദിവ്യയോട് പറഞ്ഞിരുന്നതായി അപേക്ഷകന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. വിജിലന്‍സിനും ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്കും നല്‍കിയ മൊഴികളിലാണ് സിപിഐ സഹായത്തെപ്പറ്റി പരാമര്‍ശമുള്ളത്. ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് വിഷയത്തില്‍ എഡിഎം കെ.നവീന്‍ ബാബുവിനെ താന്‍ വിളിച്ചിരുന്നുവെന്നു പി.പി.ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ചെങ്ങളായിയിലെ പെട്രോള്‍ ബങ്കിന് എന്‍ഒസിയുമായി ബന്ധപ്പെട്ട് പ്രശാന്തന്‍ പരാതി പറഞ്ഞതനുസരിച്ചു ഞാന്‍ എഡിഎമ്മിനെ വിളിച്ചു, പരിശോധിച്ചു കാര്യങ്ങള്‍ ശരിയാക്കാന്‍ പറഞ്ഞു. പരിശോധിച്ചുവെന്നും വളവും തിരിവുമുണ്ടെന്നും എഡിഎം പറഞ്ഞു. ഇതിനുശേഷം പ്രശാന്തന്‍ പലതവണ എന്നെ കാണാനെത്തി. എഡിഎമ്മിനെ നേരിട്ടുകാണാന്‍ പറഞ്ഞു തിരിച്ചയച്ചു. കഴിഞ്ഞ 9ന് എന്‍ഒസി ലഭിച്ചതായും പണം ചെലവായതായും പ്രശാന്തന്‍ പറഞ്ഞു. അഴിമതിക്കെതിരെ നിലപാട് എടുക്കുന്ന ആള്‍ എന്ന നിലയില്‍ സദുദ്ദേശ്യപരമായാണ് യാത്രയയപ്പു ചടങ്ങില്‍ കാര്യങ്ങള്‍ പറഞ്ഞത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്.
അതേ സമയം എ.ഡി.എം. നവീന്‍ ബാബുവിന് എതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ജീവനക്കാര്‍ പറയുന്നു. യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ അതിക്രമിച്ച് കടന്നതാണെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ പോലീസിന് നല്‍കിയ മൊഴി. പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ടുമാത്രമാണ് തടയാതിരുന്നതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതും ദിവ്യയ്ക്ക് പ്രതിസന്ധിയായി മാറും. യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ എത്തിയത് ക്ഷണമില്ലാതെയാണെന്ന് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പി. ജിനേഷ് പറഞ്ഞു.
അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നാണ് പ്രതികരണം. ദിവ്യ നടത്താന്‍ പോകുന്ന പ്രസംഗത്തെക്കുറിച്ച് കളക്ടര്‍ക്ക് അറിയുമായിരുന്നുവെന്ന് സംശയിക്കുന്നതായി ചില ജീവനക്കാര്‍ വകുപ്പുതല അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്ക് കൊടുത്ത മൊഴിയും നിര്‍ണ്ണായകമാണ്.
എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കി. സംഭവത്തില്‍ വകുപ്പ് തലത്തില്‍ വിശദമായ അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണര്‍ക്കാണ് കളക്ടര്‍ മൊഴി നല്‍കിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടറുടെ മൊഴിയിലുണ്ട്. ഇക്കാര്യം സ്റ്റാഫ് കൗണ്‍സിലും സ്ഥിരീകരിച്ചു. മുന്‍കൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്നാണ് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളും എ ഗീതയോട് പറഞ്ഞത്
എ ഗീത റിപ്പോര്‍ട്ട് നല്‍കിയാല്‍ കളക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ കളക്ടര്‍ പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. രാത്രിയിലാണ് കൂടിക്കാഴ്ച നടന്നത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങള്‍, പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതില്‍ ഫയല്‍ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതില്‍ പ്രശാന്തിന്റെ മൊഴിയുമെടുത്തു. കേസില്‍ പ്രതിയായ പി.പി.ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കുന്നുണ്ട്. അതേസമയം പ്രതിഷേധം കനക്കുന്നതിടെ ജില്ലാ കളക്ടര്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി.