- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി; ആയിരംവട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി'; തരംതാഴ്ത്തിയത് തന്നോട് ചോദിക്കാതെ'; പി.പി. ദിവ്യ നേതാക്കളെ അതൃപ്തിയറിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിഷേധിച്ച് ഫേസ്ബുക്ക് കുറിപ്പ്
'എന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയാറായില്ല'; അതൃപ്തി അറിയിച്ച് പി പി ദിവ്യ
കണ്ണൂര്‍: തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ സിപിഎം നേതാക്കളെ അതൃപ്തി അറിയിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിഷേധിച്ച് ഫേസ്ബുക്ക് കുറിപ്പുമായി പി.പി. ദിവ്യ. തന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ല.
അത്തരമൊരു പ്രതികരണം നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഉത്തരവാദിയല്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കണ്ണൂര്‍ എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവ്യയെ സി.പി.എം. തരംതാഴ്ത്തിയിരുന്നു.
'എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാന്‍ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെത്തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നു', ദിവ്യ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.
അതേ സമയം ജില്ലാ കമ്മിറ്റി അംഗമായ തന്നെ തരംതാഴ്ത്തിയത് തന്റെ ഭാഗം കേള്‍ക്കാതെയാണ് എന്നതാണ് അതൃപ്തിക്കിടയാക്കിയതെന്നാണ് ദിവ്യയുമായി ബന്ധപ്പെട്ട നേതാക്കള്‍ വിശദീകരിക്കുന്നത്. വെള്ളിയാഴ്ച വീട്ടിലെത്തിയശേഷം ദിവ്യ നേതാക്കളെ ഫോണില്‍ വിളിച്ച് തന്റെ അതൃപ്തി അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പി.പി. ദിവ്യയെ പാര്‍ട്ടി ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടി കഴിഞ്ഞദിവസമാണ് ഉണ്ടായത്.
താന്‍ ജില്ലാ കമ്മിറ്റി അംഗമാണെന്നും നടപടിയെടുക്കുമ്പോള്‍ അത് അംഗത്തോടെങ്കിലും ചോദിക്കണമായിരുന്നു എന്നുമാണ് ദിവ്യയുടെ നിലപാട്. ജയിലില്‍ കിടക്കുന്ന സമയമാണെങ്കില്‍ പോലും ജയിലിലെത്തി അറിയിക്കാം. അല്ലെങ്കില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ഇത് സംബന്ധിച്ച വിശദീകരണം ചോദിക്കാം. അതൊന്നും ചെയ്യാതെ പാര്‍ട്ടി ഏകപക്ഷീയ നിലപാടെടുത്തതാണ് ദിവ്യയുടെ അതൃപ്തിയ്ക്ക് കാരണം എന്നാണ് സൂചന.
കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായത്. ദിവ്യയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തിയിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രതിചേര്‍ത്തതിനു പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അവരെ നീക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ഇതിനെതിരേ വലിയ സമ്മര്‍ദം സിപിഎം ജില്ലാ നേതൃത്വത്തിനുമേല്‍ ഉണ്ടായതോടെയാണ് പാര്‍ട്ടി നടപടി ഉണ്ടായത്. ദിവ്യയ്ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.
അതിനിടെ, പാര്‍ട്ടി തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്ന് ദിവ്യ പറഞ്ഞതായി ഒരു ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാന ആക്ഷേപങ്ങള്‍ വന്നപ്പോള്‍ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്കും മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ലെന്നും 20 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടി തന്നെ വഞ്ചിച്ചെന്നും ദിവ്യ പറഞ്ഞതായാണ് ചാനല്‍ വാര്‍ത്തയില്‍ പറയുന്നത്. ഗോഡ് ഫാദര്‍ ഇല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ നിലനില്‍പ്പില്ലെന്നും ഇനി നേതാവാകാനില്ലെന്നും പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നും ദിവ്യ വ്യക്തമാക്കിയതായും വാര്‍ത്തയില്‍ പറയുന്നു.
അതേസമയം, ഇപ്പോഴുള്ള തഹസില്‍ദാര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ അഭ്യര്‍ത്ഥന നല്‍കി . റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നല്‍കിയത്. നിലവില്‍ കോന്നി തഹസില്‍ദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ് അപേക്ഷ.
പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു