പാലക്കാട്: കുളപ്പുള്ളിയില്‍ സിമന്റ് ഗോഡൗണ്‍ അടച്ചുപൂട്ടിച്ച ഷൊര്‍ണ്ണൂരിലെ സിഐടിയു ഇടപെടല്‍ ചര്‍ച്ചകളിലേക്ക്. കേരളം നോക്കുകൂലിയുടെ പിടിയിലാണെന്ന കേന്ദ്ര ധനമന്ത്രി നിര്‍മാലാ സീതാരാമന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന മറ്റൊരു സംഭവം. സിഐടിയുവിന് നോക്കുകൂലി കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ ചെറുകിടക്കാര്‍ക്ക് രക്ഷയില്ല.

വമ്പന്മാരെ തൊട്ടാല്‍ സിപിഎം നേതൃത്വം നേരിട്ട് ഇടപെടും. പരിഹാരം ചിലപ്പോഴെങ്കിലും സാധ്യമാകും. എന്നാല്‍ പിണറായി വിജയനെ നേരിട്ട് പരിചയമില്ലാത്ത ചെറുകിടക്കാരുടെ കാര്യം കഷ്ടമാണ്. സിമന്റ് ഇറക്കാന്‍ അനുവദിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്നും ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്നും കടയുടമ ജയപ്രകാശ് പറയുന്നു. അതേസമയം കടപ്പൂട്ടിയാലും സാരമില്ല സമരം തുടരുമെന്നാണ് സിഐടിയുവിന്റെ നിലപാട്. കുളപ്പുള്ളിയില്‍ അങ്ങനെ ചുമട്ടുതൊഴിലാളി വിപ്ലവം വിജയിക്കുമ്പോള്‍ പൂട്ടുന്നത് സാധാരണക്കാരന്റെ കച്ചവട സ്വപ്‌നമാണ്.

കഴിഞ്ഞ 20 വര്‍ഷമായി ജയപ്രകാശ് സിമന്റ് കച്ചവടം നടത്തുകയാണ്. സിമന്റ് ഇറക്കാന്‍ യന്ത്രം സ്ഥാപിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. യന്ത്രം സ്ഥാപിച്ചാലും ചുമട്ടുതൊഴിലാളികള്‍ക്ക് ജോലി വേണമെന്നായി ഇടത് തൊഴിലാളി സംഘടന. പിന്നാലെ ജയപ്രകാശിനെ ഭീഷണിപ്പെടുത്തി. കടയുടെ മുന്നില്‍ ഷെഡ് കെട്ടി സമരവും തുടങ്ങി. ലോഡ് ഇറക്കാന്‍ സാധിക്കാതായതോടെ ജയപ്രകാശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ അധികം നാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മനസ്സിലായതോടെ ജയപ്രകാശ് ഒടുവില്‍ കടയും ഗോഡൗണ്‍ അടച്ചു പൂട്ടുകയായിരുന്നു. മുറി വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് ബോര്‍ഡും ബന്ധപ്പെടേണ്ട നമ്പറും ഇവിടെ ഒട്ടിച്ച് വച്ചിട്ടുണ്ട്.

കയറ്റിറക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ച് തൊഴിലാളികളെ വെക്കണമെന്നാണാണ് ഇപ്പോഴും സിഐടിയുവിന്റെ വാശി. യന്ത്രം ഓപ്പറേറ്ററെ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ജയപ്രകാശ് നേടിയിട്ടുണ്ട്. എന്നിട്ടും സിഐടിയുവിന്റെ ധാര്‍ഷ്ട്യത്തില്‍ ഒരു സംരംഭം കൂടി അടച്ചു പുട്ടി. കുളപ്പുള്ളിയില്‍ 'പ്രകാശ് സ്റ്റീല്‍സ്' സ്ഥാപനത്തിന് മുന്നില്‍ സിഐടിയു യൂണിയന്റെ കുടില്‍കെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം അടക്കം ഉയര്‍ന്നിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കുളപ്പുള്ളി യൂണിറ്റിലെ നൂറിലധികം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചാണ് പ്രതിഷേധിച്ചത്. വ്യാപാരികളെ ജീവിക്കാന്‍ കഴിയാത്ത രീതിയില്‍ ചുമട്ടുതൊഴിലാളികള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് അവര്‍ ആരോപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം എന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. സ്ഥാപനഉടമ ജയപ്രകാശിന് ഐക്യദാര്‍ഡ്യവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

സിഐടിയു തൊഴിലാളികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ഥാപന ഉടമയായ ജയപ്രകാശിനെയും ചുമട്ടു തൊഴിലാളികളെയും ചര്‍ച്ചയ്ക്ക് വിളിച്ച് ലേബര്‍ ഓഫിസര്‍ ഇടപെടല്‍ നടത്തി. പക്ഷേ ഈ ചര്‍ച്ചയൊന്നും ഫലം കണ്ടില്ലെന്നതാണ് വസ്തുത. യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ തൊഴിലാളികളുടെ സഹായം വേണമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സിഐടിയു പുറത്തുവിട്ടിരുന്നു. ഇത് ട്രയല്‍ റണ്‍ ദിവസത്തെ ദൃശ്യമാണെന്നാണ് കടയുടമയുടെ വാദം. രണ്ട് പേരെ വെച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തൊഴിലുടമയും പുറത്തുവിട്ടു.

മൂന്ന് മാസം മുന്‍പാണ് പ്രകാശ് സ്റ്റീല്‍സ് ഉടമ ജയപ്രകാശ് സ്ഥാപനത്തില്‍, ലോറിയില്‍ നിന്നും സിമന്റ് ചാക്കുകള്‍ ഇറക്കുന്നതിന് കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തിങ്കളാഴ്ച ലേബര്‍ ഓഫീസര്‍ ചര്‍ച്ച വിളിച്ചെങ്കിലും സമവായമായില്ല.