- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയതിലക് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും കുറ്റാരോപണം; രണ്ടും കല്‍പ്പിച്ച് പ്രശാന്ത് ബ്രോയുടെ നിയമപോരാട്ടം; വക്കീല്‍ നോട്ടീസില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍; ഐഎഎസ് ചേരിപോര് കോടതി കയറും
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ അവഹേളിച്ചതിന് സസ്‌പെന്‍ഷനിലായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്ത്, ചീഫ് സെക്രട്ടറി ശാരദാ മുരളീധന് അയച്ച വക്കീല്‍ നോട്ടീസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. സര്‍ക്കാരിന്റെ തീരുമാനത്തിന് ശേഷമേ ഈ അസാധാരണ വക്കീല്‍ നോട്ടീസില്‍ ചീഫ് സെ്ക്രട്ടറി തീരുമാനം എടുക്കൂ. ആദ്യമായാണ് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കും മറ്റു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നിയമനടപടിക്ക് ഒരുങ്ങുന്നത്. ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുറപ്പിച്ച് സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് വിശദീകരിക്കുകയാണ് ഈ നടപടിയിലൂടെ.
തനിക്കെതിരേ ജയതിലകും പട്ടികജാതി-വര്‍ഗ വകുപ്പിന്റെ 'ഉന്നതി' പദ്ധതിയിലെ മുന്‍ സി.ഇ.ഒ. ഗോപാലകൃഷ്ണനും നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് ചീഫ് സെക്രട്ടറിക്കെതിരേയുള്ള പ്രശാന്തിന്റെ ആരോപണം. ജയതിലകിനെയും കെ. ഗോപാലകൃഷ്ണനെയും എതിര്‍കക്ഷികളാക്കി. ജയതിലകും ഗോപാലകൃഷ്ണനും ഗൂഢാലോചന നടത്തി വ്യാജരേഖകളുണ്ടാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് പ്രശാന്തിന്റെ പ്രധാന ആരോപണം. ആരോപണവിധേയര്‍ മാപ്പുപറയണം, ഇവര്‍ക്കെതിരേ അന്വേഷണം വേണം, എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം എന്നിവയാണ് പ്രശാന്തിന്റെ ആവശ്യങ്ങള്‍. ജയതിലകിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച 'മാതൃഭൂമി'യെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്.
മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് സസ്‌പെന്‍ഷനിലാണ് കെ. ഗോപാലകൃഷ്ണന്‍. പ്രശാന്ത് ഉന്നതിയില്‍ ചുമതലയുണ്ടായിരുന്ന കാലത്തെ ഫയലുകള്‍ കാണാതായെന്നും ഹാജറില്‍ കൃത്രിമം കാട്ടിയെന്നും ജയതിലക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പേരിലാണ് പ്രശാന്ത് ജയതിലകിനെ സാമൂഹികമാധ്യമങ്ങളില്‍ പരസ്യമായി അധിക്ഷേപിച്ചത്. കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ പരസ്യമായി മാപ്പു പറയണമെന്നും വിശദമായ അന്വേഷണം വേണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു. ഈ നോട്ടീസിനോട് അനുകൂലമായി സര്‍ക്കാര്‍ പ്രതികരിക്കില്ല. അതുകൊണ്ട് തന്നെ നിയമ പോരാട്ടം ഉറപ്പാണ്.
ജയതിലക് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും നോട്ടിസില്‍ പറയുന്നു. മറുപടി ഇല്ലാത്ത പക്ഷം നിയമപോരാട്ടമാണ് പ്രശാന്ത് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. അഭിഭാഷകനായ രാഘുല്‍ സുധീഷ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. രേഖകള്‍ ചമയ്ക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി ഗുരുതരമായ ക്രമക്കേടുകളാണ് നോട്ടിസില്‍ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കാനും സാധ്യതയില്ല.
ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകള്‍ കാണാതായതും ഹാജര്‍ ക്രമക്കേടുകളും ആരോപിച്ച് എ.ജയതിലക് തയാറാക്കിയ എക്‌സ്പാര്‍ട്ടെ അന്വേഷണ റിപ്പോര്‍ട്ട് പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നു നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കത്തുകള്‍ അടിസ്ഥാനമാക്കിയാണ് ജയതിലക് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ കത്തുകള്‍ കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാരിന്റെ ഇ-ഓഫിസ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്തിട്ടുള്ളതാണെന്നും നോട്ടിസില്‍ ആരോപിക്കുന്നു.
വാട്സാപ് ഗ്രൂപ്പ് വിവാദത്തില്‍ തെളിവ് നശിപ്പിച്ചതിനും അനാവശ്യ ഇടപെടല്‍ നടത്തിയതിനും ഗോപാലകൃഷ്ണനെതിരെ പൊലീസ് ഡയറക്ടര്‍ ജനറല്‍ നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പൊലീസില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാതി നല്‍കിയതിനു ഗോപാലകൃഷ്ണനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും നോട്ടിസില്‍ പറയുന്നു.
2024 നവംബര്‍ 14-ന് ചീഫ് സെക്രട്ടറിയെ ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് ഔപചാരികമായി അറിയിച്ചെങ്കിലും, സര്‍ക്കാര്‍ രേഖകളില്‍ കുറ്റവാളികള്‍ തുടര്‍ച്ചയായി കൃത്രിമം കാണിക്കുന്നത് അനുവദിച്ചുകൊണ്ട് നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് നോട്ടിസ് ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത് ആരോപണം ഉന്നയിച്ചതിനു പിന്നാലെ ജയതിലകിനെതിരെ മറ്റ് നിരവധി കീഴുദ്യോഗസ്ഥരും സമാനമായ ആരോപണവുമായി രംഗത്തെത്തിയതായും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.