- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
2022-ല്‍ ഡിടിപിസി പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടീസ് പ്രകാരം അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് മൂന്ന് വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ രേഖകള്‍ നിര്‍ബന്ധം; 10 ലക്ഷത്തില്‍ കുറയാത്ത വിറ്റുവരവും പ്രവൃത്തിപരിചയവും വേണം; 2021 ഓഗസ്റ്റില്‍ നിലവില്‍ വന്ന വൈബ്കോസിന് ഈ രേഖകളൊന്നും ഇല്ല! അഡ്വഞ്ചര്‍ സര്‍ട്ടിഫിക്കറ്റിലും 'മാജിക്'; ആക്കുളം കണ്ണാടിപ്പാലം അഴിമതി തന്നെ

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ അഡ്വഞ്ചര്‍ പാര്‍ക്ക്, കണ്ണാടിപ്പാലം കരാറുകളില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിനെ വെട്ടിലാക്കി പുതിയ തെളിവുകള്‍ പുറത്ത്. എംഎല്‍എ ചീഫ് പ്രമോട്ടറായ 'വൈബ്കോസ്' സൊസൈറ്റിക്ക് വഴിവിട്ട രീതിയില്‍ കരാര്‍ നല്‍കിയതിലൂടെ കോടികളുടെ അഴിമതി നടന്നെന്നാണ് വിജിലന്‍സിന് നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. പ്രീ-ക്വാളിഫിക്കേഷന്‍ നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ കീഴിലുള്ള ടൂറിസം വകുപ്പ് എംഎല്‍എയുടെ സൊസൈറ്റിക്ക് ചുവപ്പുപരവതാനി വിരിച്ചതെന്ന് പരാതിക്കാരിയായ അഡ്വ. വീണ നായര്‍ ആരോപിക്കുന്നു.
2022-ല്‍ ഡിടിപിസി പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടീസ് പ്രകാരം അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് 2019, 2020, 2021 വര്‍ഷങ്ങളിലെ ടാക്‌സ് റിട്ടേണ്‍ രേഖകള്‍ നിര്‍ബന്ധമായിരുന്നു. കൂടാതെ 10 ലക്ഷം രൂപയില്‍ കുറയാത്ത വിറ്റുവരവും പ്രവൃത്തിപരിചയവും വേണം. എന്നാല്‍ 2021 ഓഗസ്റ്റില്‍ മാത്രം നിലവില്‍ വന്ന വൈബ്കോസിന് ഈ രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യം പോര്‍ട്ടലില്‍ വെറും 'ട്രേഡിങ്' സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിക്ക് ഒരു പ്രവൃത്തിപരിചയവും ഉണ്ടായിരുന്നില്ല. ഈ അയോഗ്യതകള്‍ മറികടക്കാന്‍ വൈബ്കോസ് ഡിടിപിസിക്ക് നല്‍കിയ കത്താണ് ഇപ്പോള്‍ പ്രധാന തെളിവായിരിക്കുന്നത്.
വി.കെ. പ്രശാന്ത് എംഎല്‍എ ചീഫ് പ്രമോട്ടറായ സ്ഥാപനമാണെന്നും അതിനാല്‍ പദ്ധതി നടത്താന്‍ സാധിക്കുമെന്നും കാണിച്ചാണ് വൈബ്കോസ് ഡിടിപിസിക്ക് കത്ത് നല്‍കിയത്. എംഎല്‍എയുടെ രാഷ്ട്രീയ സ്വാധീനം നേരിട്ട് ഉപയോഗിച്ചാണ് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഇളവ് നേടിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ജനങ്ങള്‍ നല്‍കുന്ന ടിക്കറ്റ് വരുമാനത്തിന്റെ സിംഹഭാഗവും (75%) ഈ സ്ഥാപനത്തിലേക്കാണ് പോകുന്നത്. ഒരു പ്രവൃത്തിപരിചയവുമില്ലാത്ത സൊസൈറ്റിക്ക് കോടികളുടെ വരുമാനം ലഭിക്കുന്ന കരാര്‍ നല്‍കിയത് വലിയ അഴിമതിയാണെന്ന് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ആദ്യ കരാര്‍ ലഭിച്ചതിന് പിന്നാലെ ടൂറിസം വകുപ്പ് ഇവര്‍ക്ക് 'അഡ്വഞ്ചര്‍ ടൂറിസം സര്‍വീസ് പ്രൊവൈഡര്‍' എന്ന അംഗീകാരം നല്‍കി. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് 2023-ല്‍ കണ്ണാടിപ്പാലം കരാര്‍ നേടിയെടുത്തത്. കണ്ണാടിപ്പാലം നിര്‍മ്മാണത്തില്‍ യാതൊരു പ്രാവീണ്യവുമില്ലാത്ത സൊസൈറ്റിക്ക് 4.5 കോടി രൂപ വരെ വാര്‍ഷിക വരുമാനം ലഭിക്കാവുന്ന പദ്ധതി കൈമാറി. ഉദ്ഘാടനത്തിന് മുന്‍പേ പാലത്തിലെ ഗ്ലാസ് പൊട്ടിയത് ഈ നിര്‍മ്മാണ വീഴ്ചയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എംഎല്‍എയുടെ കത്തും ടെന്‍ഡര്‍ നടപടികളിലെ അട്ടിമറിയും സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് വിശദമായി പരിശോധിക്കുകയാണ്. വരും ദിവസങ്ങളില്‍ ടൂറിസം വകുപ്പിലെയും ഡിടിപിസിയിലെയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം കൂടുതല്‍ ഗൗരവകരമായ തലത്തിലേക്ക് നീങ്ങും.


