- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുഭാന്‍ശു ശുക്ലയ്ക്ക് ബഹിരാകാശത്തേക്ക് പോകാനായില്ലെങ്കില്‍ യാത്ര നടത്തുക മലയാളി; ലെനയുടെ ഭര്‍ത്താവിന് നാസയിലും പരിശീലനം; ഗഗന്യാന് മുമ്പോട്ട്
തിരുവനന്തപുരം: ഇന്ത്യയുടെ ഗഗന്യാന് യാത്രികരില്‍ നിന്ന് ആദ്യ ബഹിരാകാശ യാത്ര നടത്താന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ലയെ തിരഞ്ഞെടുക്കുമ്പോള്‍ അത് ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന് വലിയ പ്രതീക്ഷയാകും. ഗഗന്യാന് ദൗത്യത്തിന് വേണ്ട കരുത്ത നേടാന്‍ ഈ യാത്രയിലൂടെ ശുഭാന്‍ശു ശുക്ലയ്ക്ക് കഴിയും. ബാക്കപ്പ് പൈലറ്റായി മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പാലക്കാട് തിരുവാഴിയോട് സ്വദേശി പ്രശാന്ത് ബാലകൃഷ്ണന് നായര്‍ക്കു കൂടി നാസയില്‍ പരിശീലനം നല്‍കും. നടി ലെനയുടെ ഭര്‍ത്താവാണ് പ്രശാന്ത്.
ഇന്‍ഡോ യു എസ് സഹകരണത്തിന്റെ ഭാഗമായി നാസയില്‍നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) പോകാനുള്ള ദൗത്യസംഘത്തിലാണ് ശുഭാന്‍ശു ശുക്ല (39) ഉള്‍പ്പെട്ടത്. എന്തെങ്കിലും കാരണവശാല്‍ ശുഭാന്‍ശു ശുക്ലയ്ക്കു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രശാന്ത് യാത്ര നടത്തും. പരിശീലനം നാസയുടെ ടെക്സസിലെ ജോണ്സണ് സ്പേസ് സെന്ററില്‍ ഉടന്‍ ആരംഭിക്കും. ഇവരിലൊരാള്‍ക്ക് ഈ വര്‍ഷം ഒക്ടോബറിനു മുന്‍പ് ബഹിരാകാശ യാത്ര നടത്താനാകും.
2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ യാത്രികനെ ഐഎസ്എസില്‍ എത്തിക്കുന്ന പങ്കാളിത്തത്തിനു ധാരണയായത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമദൗത്യമായ ഗഗന്യാന് അടുത്ത വര്‍ഷം ഉണ്ടാകും. ഗ്രൂപ്പ് ക്യാപ്റ്റന്മാരായ അജിത് കൃഷ്ണന്, അംഗദ് പ്രതാപ് എന്നിവരാണ് ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പേര്.
ഗഗന്യാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഫെബ്രുവരിയിലാണ്. 2021-ലാണ് റഷ്യയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പരിശീലനപരിപാടി തിരഞ്ഞെടുക്കപ്പെട്ട നാലുപേരും പൂര്‍ത്തിയാക്കിയത്. റഷ്യയുടെ റോസ്കോസ്മോസ് ബഹിരാകാശ ഏജന്‍സിയുടെ കീഴിലുള്ള ഗഗാറിന് കോസ്മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം. 2020 ഫെബ്രുവരി പത്തിനാരംഭിച്ച പരിശീലനം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും(ഐഎസ്ആര്‍ഒ) റഷ്യയുടെ വിക്ഷേപ സേവനസ്ഥാപനമായ ഗ്ലാവ്കോസ്മോസും തമ്മില്‍ 2019 ജൂണിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റഷ്യയില്‍ പരിശീലനം നല്‍കിയത്. തുടര്‍ന്ന് ഇന്ത്യയിലും പ്രത്യേക പരിശീലനം നല്കി. ഇതില്‍ രണ്ടു പേര്‍ക്കാണ് നാസയിലും പരിശീലനത്തിന് അവസരം കിട്ടുന്നത്.
2025-ല്‍ ഗഗന്യാന് ദൗത്യം സാധ്യമാക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. ഇത് വിജയമായാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ രംഗത്ത് വലിയ ചുവട് വെപ്പാണ് ഇതിലൂടെ സാധ്യമാകുന്നത്. മാത്രമല്ല ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ബഹിരാകാശ സൂപ്പര്‍ പവറായി രാജ്യം മാറും.
സോവിയറ്റ് യൂണിയന്റെ റോക്കറ്റിലേറി ആദ്യമായി 1984 ഏപ്രില്‍ 2 ന് രാകേഷ് ശര്‍മയെന്ന ഇന്ത്യക്കാരന് ആദ്യമായി ബഹിരാകാശത്തെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് ഗഗന്യാന് ദൗത്യം. ഗഗന്യാന് ദൗത്യത്തിനിടയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിന് പുറമെ നാല് ജീവശാസ്ത്ര പരീക്ഷണങ്ങളും, രണ്ട് ഫിസിക്കല്‍ പരീക്ഷണങ്ങളും ഈ പേടകത്തില്‍ വെച്ച് ഐഎസ്ആര്‍ഒ നടത്തും.