തിരുവനന്തപുരം: സര്‍ക്കാരിനായി ക്രിയേറ്റിവുകള്‍ (പ്രചാരണോപാധികളും പരസ്യങ്ങളും) നിര്‍മിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് (പിആര്‍ഡി) തയാറാക്കിയ പാനലിലും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശക സംഘത്തിലെ ഉന്നതന്റെ മകന്റെ കമ്പനി ഉള്‍പ്പെട്ട വിവാദത്തില്‍ പാര്‍ട്ടി അന്വേഷണത്തിന് സാധ്യത. ഇക്കാര്യം പാര്‍ട്ടി മുമ്പിലും എത്തി കഴിഞ്ഞു. അഴിമതിയുടെ സാധ്യതകള്‍ അടക്കം പരിശോധിക്കും.

ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമങ്ങള്‍ക്കായി ക്രിയേറ്റിവുകള്‍ നിര്‍മിക്കാനുള്ള പാനലാണിത്. ഔട്‌ഡോര്‍ പബ്ലിസിറ്റിക്കുള്ള പാനലിലും ഈ കമ്പനിയുണ്ട്. അച്ചടി സ്ഥാപനമായി റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പേരില്‍ അഡ്വര്‍ടൈസേഴ്‌സ് എന്നുകൂടി ചേര്‍ത്താണു പാനലില്‍ ഉള്‍പ്പെടുത്തിയത്. ഇതെല്ലാം സ്വജനപക്ഷപാതത്തിന് തെളിവായി വിലയിരുത്തുന്നുണ്ട്. നവകേരള സദസിന്റെ ലൈവ് സ്ട്രീമിങിന് അടക്കം ടെന്‍ഡര്‍ ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ ഫണ്ട് ഉന്നതരുടെ ബന്ധുക്കള്‍ തട്ടിയെടുക്കുകായണ് എന്നാണ് വിലയിരുത്തല്‍.

പിആര്‍ഡിയുമായി ബന്ധപ്പെട്ട് സംശയനിഴലിലായ കരാറുകളുടെ ബില്ലിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നു വിവരം. അമിത തുകകള്‍ സംബന്ധിച്ച വിവരങ്ങള്‍ വകുപ്പിന്റെ ഉന്നതങ്ങളില്‍നിന്നു മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിട്ടുമുണ്ട്. പ്രധാന സര്‍ക്കാര്‍ പരിപാടികളുടെ ലൈവ് സ്ട്രീമിങ്ങും മറ്റും നടത്തിയതിനു വളരെ ഉയര്‍ന്ന തുകയുടെ ബില്ലുകളാണു സ്വകാര്യ ഏജന്‍സികള്‍ നല്‍കിയത്. ഇതെല്ലാം മുഖ്യമന്ത്രി പരിശോധിക്കും.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശക സംഘത്തിലെ ഉന്നതന്റെ മകന്റെ കമ്പനിയെ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയതു പിആര്‍ഡിയിലെ ക്രമക്കേടുകളുടെ പേരില്‍ ആരോപണം നേരിടുന്ന ഡപ്യൂട്ടി ഡയറക്ടറും മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ഡി ഉദ്യോഗസ്ഥനുമാണെന്നാണു വിവരം. എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കരുത്തൊന്നും ഉദ്യോഗസ്ഥര്‍ക്കില്ല. അവസാനം ഉദ്യോഗസ്ഥര്‍ മാത്രമായി ബലിയാടാകുകയും ചെയ്യും. ഇതാണ് പി ആര്‍ ഡിയില്‍ സംഭവിക്കുന്നത്.

പിആര്‍ഡിയിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ ഭാര്യ പങ്കാളിയായ സ്ഥാപനവും 2 വിഭാഗങ്ങളിലായി ഇതേ പാനലിലുണ്ട്. ഈ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്താന്‍ മാനദണ്ഡങ്ങളില്‍ മാറ്റവും വരുത്തിയത്രേ. അങ്ങനെ ആകെ വിവാദത്തിലാണ് പി ആര്‍ഡി. പാനലിലുള്ള സ്ഥാപനങ്ങളില്‍ ഏതിനെയാണ് ഓരോ ജോലിയും ഏല്‍പിക്കേണ്ടതെന്നു നിശ്ചയിക്കാന്‍ പിആര്‍ഡി സമിതിയെ നിയോഗിച്ചിട്ടുണ്ട്. പക്ഷേ സമ്മര്‍ദ്ദത്തില്‍ എല്ലാം വേണ്ടപ്പെട്ടവര്‍ സ്വന്തമാക്കും.

പിആര്‍ഡിയില്‍ സര്‍വസജ്ജമായ ഓഡിയോ, വിഷ്വല്‍, പ്രോഗ്രാം പ്രൊഡക്ഷന്‍ വിഭാഗവും എഡിറ്റ് സ്യൂട്ടുമൊക്കെ ഉള്ളപ്പോഴാണ് ജോലികള്‍ പുറത്തു ചെയ്യിക്കുന്നത്. ഇതു കാരണം കോടികളുടെ നഷ്ടം ഖജനാവിനുണ്ടാകുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു പ്രധാനിയുടെ മകനും ചില പിആര്‍ഡി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കുമൊക്കെ ബന്ധമുള്ള സ്ഥാപനങ്ങളാണ് ദൃശ്യ, അച്ചടി കരാറുകള്‍ നേടിയത്.

ലൈവ് സ്ട്രീമിങ് പിആര്‍ഡി നേരിട്ടു ചെയ്താല്‍ ഇതിന്റെ പകുതി പോലും ചെലവില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനള്ള സാങ്കേതികതയും പി ആര്‍ ഡിക്കുണ്ട്.