കോഴിക്കോട്: പത്തു വര്‍ഷത്തെ പിണറായി ഭരണത്തില്‍ ദുരിതം അനുഭവിച്ച് പ്രീ-പ്രൈമറി അധ്യാപകരും. 2012 വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഓണറേറിയമായി 13,000 ലഭിക്കുമ്പോള്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച വേതന വര്‍ധന ഈ സര്‍ക്കാര്‍ അധികാരമൊഴിയാന്‍ തുടങ്ങുമ്പോഴും നടപ്പിലായിട്ടില്ല.

സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലായി അരലക്ഷത്തോളം പ്രീ-പ്രൈമറി അധ്യാപകരാണുള്ളത്. ഇവര്‍ ചൂഷണത്തിന് വിധേയരാകുന്നത് എയ്ഡഡ് മേഖലയിലാണ്. 4000-6000 രൂപ വരെയാണ് സാധാരണ അധ്യാപകര്‍ക്ക് ലഭക്കുന്നത്. ഏറ്റവുമധികം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് 10,000 രൂപ വരെ ലഭിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2012 ല്‍ അബ്ദുറബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോഴാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പ്രി-പ്രൈമറി അധ്യാപകര്‍ക്ക് ഓണറേറിയം അനുവദിച്ചത്. നിലവില്‍ 13,000 രൂപയാണ് ഓണറേറിയം ലഭിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ ചെറിയ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2012 ന് മുന്‍പുള്ള അധ്യാപകര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ഓണറേറിയം കിട്ടുന്നത്.

അതിന് ശേഷം വന്നവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിടിഎ പിരിവെടുത്താണ് വേതനം നല്‍കുന്നത്. ഇത് കുട്ടികളുടെ എണ്ണവും പിടിഎയുടെ സാമ്പത്തിക ഭദ്രതയും അനുസരിച്ച് 6000 രൂപ വരെയാണ്. കുട്ടികള്‍ തീര്‍ത്തും കുറവുള്ള സ്‌കൂളുകളില്‍ അതിന് അനുസരിച്ച് അധ്യാപകര്‍ക്ക് വേതനവും കുറയും. അധ്യാപകരുടെ ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. സര്‍ക്കാര്‍ ഓണറേറിയം കൈപ്പറ്റുന്നവര്‍ക്ക് ശമ്പള സ്‌കെയില്‍ നടപ്പാക്കണമെന്നതാണ് ആവശ്യം. ഓണറേറിയം കൈപ്പറ്റുന്നത് രണ്ടായിരത്തോളം അധ്യാപകരാണ്. എയ്ഡഡ് സ്‌കൂളില്‍ പഠിപ്പിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഓണറേറിയം ലഭിക്കില്ല. ഇവര്‍ക്ക് മാനേജ്മെന്റാണ് ശമ്പളം നല്‍കുന്നത്. എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു ലാഭക്കച്ചവടമാണ്.

ഉദാഹരണത്തിന് 300 കുട്ടികള്‍ പഠിക്കുന്ന ഒരു എയ്ഡഡ് പ്രീ-പ്രൈമറി സ്‌കൂളില്‍ ഫീസ് ഇനത്തില്‍ 20 ലക്ഷം രൂപയാണ് പ്രതിവര്‍ഷം മാനേജ്മെന്റിന് ലഭിക്കുന്നത്. ഇവര്‍ക്ക് അധ്യാപകരുടെ ശമ്പളം അടക്കം ചെലവ് വെറും അഞ്ചു ലക്ഷമാണ്. എട്ട് അധ്യാപകരാണ് സ്‌കൂളില്‍ ഉണ്ടാവുക. ഇവരില്‍ രണ്ടു പേര്‍ക്ക് 10,000 രൂപ കൊടുത്താലായി. ശേഷിച്ചവര്‍ക്ക് വെറും 5000 രൂപയാകും നല്‍കുക. വലിയ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്ന അധ്യാപകര്‍ക്ക് പ്രതികരിക്കാനും ഭയമാണ്. സംഘടന രൂപീകരിച്ച് ശമ്പള വര്‍ധനവ് എന്ന ആവശ്യം ഉന്നയിച്ചാല്‍ ഉടന്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടും.

പ്ലസ്ടു കഴിഞ്ഞ് രണ്ടു വര്‍ഷത്തെ പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പാസാകണം എന്നതാണ് അധ്യാപക യോഗ്യത. മുന്‍പ് ഇത് ഒരു കൊല്ലമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സര്‍ക്കാര്‍ തന്നെ തുടര്‍ പരിശീലനവും നല്‍കുന്നു. എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ കളിത്തോഴി എന്ന പുസ്തകമാണ് പഠിപ്പിക്കുന്നത്. എന്നാല്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനമോ സിലബസോ ഇല്ല. ആകെയുള്ള സ്‌കുളുകളുടെ എണ്ണം നോക്കുമ്പോള്‍ ഏറെയും സ്വകാര്യ മേഖലയില്‍ ആയതിനാല്‍ തുടര്‍ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനം കുട്ടികള്‍ക്ക് കിട്ടാതെ പോകുന്നു. അതാത് സ്‌കൂളുകള്‍ തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കമ്മിഷന്‍ കിട്ടുന്ന പ്രസിദ്ധീകരണ ശാലയുടെ പുസ്തകമാണ് പഠനത്തിന് തെരഞ്ഞെടുക്കുന്നത്. ഈയിനത്തിലും മാനേജ്മെന്റിന് സാമ്പത്തിക നേട്ടമുണ്ടാകുന്നതായി അധ്യാപകര്‍ പറയുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വേതനവര്‍ധനവ് ആവശ്യപ്പെട്ട് അധ്യാപകര്‍ സമരം നടത്തിയിരുന്നു. അന്ന് വേതന വര്‍ധനവ് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍, അത് ഈ സര്‍ക്കാരിന്റെ കാലത്തും നടപ്പായിട്ടില്ല. ഇതോടെ സമരം ശക്തമാക്കാനാണ് നീക്കം. നഴ്സുമാരുടെ സമരത്തിന്റെ മാതൃകയില്‍ സംഘടിക്കാനാണ് അധ്യാപകര്‍ ഒരുങ്ങുന്നത്.