കൊച്ചി: തന്നെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് പരിഗണിക്കണമെന്ന ഹര്‍ജി തള്ളിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ അപ്പീലുമായി വന്ന മാധ്യപ്രവര്‍ത്തകന്‍ ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയായിരുന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിനെ ഹൈക്കോടതി കണ്ടം വഴി ഓടിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ വിധിക്കെതിരേയാണ് അബ്ദുള്‍ റഷീദ് അപ്പീല്‍ പോയത്. അപ്പീല്‍ പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവര്‍ രൂക്ഷമായ വിമര്‍ശനത്തോടെ സിംഗിള്‍ ബഞ്ച് വിധി ശരിവച്ചു.

പോലീസ് മെഡല്‍ പിടിച്ചു വാങ്ങേണ്ട ഒന്നല്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. ഹര്‍ജിക്കാരന്‍ ചിലപ്പോള്‍ മെഡലിന് യോഗ്യനായിരിക്കാം. പക്ഷേ, അദ്ദേഹത്തേക്കാള്‍ മികച്ച മറ്റു ചിലര്‍ നിലവില്‍ സര്‍വീസില്‍ ഉണ്ടാകം. മെഡല്‍ എന്നത് ഒരു അംഗീകാരമാണ്. ഒരാള്‍ക്കും സര്‍ക്കാരില്‍ നിന്ന് അത് പിടിച്ചു വാങ്ങാനോ ഉത്തരവിട്ടു വാങ്ങാനോ കഴിയില്ല. ഒരാളുടെ പ്രവര്‍ത്തന മികവ് അംഗീകരിച്ച് സര്‍ക്കാര്‍ നല്‍കുന്നതാണ് ഈ അംഗീകാരം. അതൊരിക്കലും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വാങ്ങേണ്ട ഒന്നല്ല എന്നും കോടതി നീരിക്ഷിച്ചു.

തനിക്കെതിരേ മൂന്നു ക്രിമിനല്‍ റിവിഷന്‍ പെറ്റിഷന്‍ നിലനില്‍ക്കുന്നുണ്ടെന്നും തനിക്ക് പോലീസ് മെഡല്‍ ലഭിക്കുന്നതിന് ഈ ഹര്‍ജികള്‍ തടസമാകരുതെന്നുമായിരുന്നു അബ്ദുള്‍ റഷീദിന്റെ ആവശ്യം. രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ എല്ലാ സ്വാതന്ത്ര്യദിനത്തിലും പോലീസ് സേനയില്‍ മികവ് കാട്ടിയവര്‍ക്ക് നല്‍കി വരുന്നതാണ്. അതിന് സര്‍വീസിലുള്ള ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. ഹര്‍ജിക്കാരന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ്. അയാളെ ഇപ്പോഴോ ഭാവിയിലോ പോലീസ് മെഡലിന് പരിഗണിക്കാന്‍ കഴിയില്ല. മാത്രവുമല്ല പോലീസ് മെഡലിന് ശിപാര്‍ശ ചെയ്യുന്നതിന് ഒരു കമ്മറ്റിയുണ്ട്. അവരുടെ ശിപാര്‍ശ പ്രകാരം മാത്രമേ മെഡല്‍ ലഭിക്കൂ. അതില്‍ ഇടപെട്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ല എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതിയായിരുന്നു അബ്ദുള്‍ റഷീദിനെ വിചാരണ കൂടാതെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതിനെതിരേ മൂന്നു റിവിഷന്‍ പെറ്റീഷനുകളാണ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നത്. 2011 ല്‍ കൊല്ലത്ത് രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിര്‍ത്തിയ കേസിലും റഷീദിനെതിരേ കേസുണ്ടായിരുന്നു. ഈ കേസിലും റഷീദിനെ വിചാരണ നടത്താതെ കുറ്റ വിമുക്തനാക്കിയിരുന്നു. ഇതിനെതിരേയും ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റിഷന്‍ നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അബ്ദുള്‍ റഷീദിനെ ഐപിഎസിന് പരിഗണിച്ചത് എന്നാണ് ഞെട്ടിക്കുന്ന വസ്തുത. സര്‍ക്കാര്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നിട്ടും ഇദ്ദേഹത്തിന് ഐപിഎസ് ലഭിക്കുകയും സര്‍വീസില്‍ തുടരുകയും ചെയ്തു. ഇതിനെതിരേ ഹൈക്കോടതിയില്‍ നിന്ന് ഒരു ഉത്തരവ് സമ്പാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുപിഎസ്സി സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ റഷീദിനെ സഹായിക്കുന്ന തരത്തില്‍ കേസുകള്‍ മറച്ചു വച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതോടെ ഇദ്ദേഹത്തിന് ഐപിഎസ് ലഭിക്കുകയും ചെയ്തു. വനിതാ ബറ്റാലിയനില്‍ ആയിരുന്നു നിയമനം. സാധാരണ ഐപിഎസ് ഉദ്യോഗസ്ഥകള്‍ മാത്രം ഇരുന്ന കസേരയിലാണ് റഷീദിനെ നിയമിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നിയമനം നടന്നത്. ഇതേ മാതൃകയിലാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിനായി കോടതിയെ സമീപിച്ചത്.

ആദ്യ ഹര്‍ജി സര്‍ക്കാരിന്റെ ഭാഗം കേട്ട ശേഷമാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് വി.ജി. അരുണ്‍ കൂടുതല്‍ നീരിക്ഷണമൊന്നും നടത്താതെ തള്ളിയത്. കേരള സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിപി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് അബ്ദുള്‍ റഷീദ് ഹര്‍ജി നല്‍കിയത്. ഇക്കൊല്ലത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് തന്നെയും പരിഗണിക്കണം എന്നതായിരുന്നു ആവശ്യം.

പോലീസ് മെഡലിന് ശിപാര്‍ശ ചെയ്യേണ്ട സംസ്ഥാന തല സ്‌ക്രീനിങ് കമ്മറ്റി മേയ് എട്ടിന് ചേര്‍ന്നുവെന്നും അതില്‍ അബ്ദുള്‍ റഷീദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. അബ്ദുള്‍ റഷീദിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തല സ്‌ക്രീനിങ് കമ്മറ്റിയുടെ ശിപാര്‍ശ ഒന്നു കൂടി സൂക്ഷ്മ പരിശോധന നടത്തുകയും ശരി വയ്ക്കുകയും ചെയ്തുവെന്നും ഗവ. പ്ലീഡര്‍ കോടതി മുന്‍പാകെ ബോധിപ്പിച്ചു. സര്‍ക്കാരിന്റെ തീരുമാനം ഇതായിരിക്കേ ഹര്‍ജി അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്‌ക്രീനിങ് കമ്മറ്റിയുടെ തീരുമാനത്തിന്റെ പകര്‍പ്പ് ഹര്‍ജിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കുന്ന മുറയ്ക്ക് തീരുമാനങ്ങളുടെ പകര്‍പ്പ് സര്‍ക്കാര്‍ നല്‍കണമെന്നും നിര്‍ദേശിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. ഇതിനെതിരേയുള്ള അപ്പീലിലാണ് ഡിവിഷന്‍ ബഞ്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.