- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയ്ക്ക് പിന്നാലെ യുക്രെയിന് സന്ദര്‍ശിക്കാന്‍ നരേന്ദ്ര മോദി; പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കീവിലെത്തും? സെലന്‍സ്കിയുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയിന് സന്ദര്‍ശിച്ചേക്കും. യുക്രെയിന് ദേശീയ ദിനത്തോടനുബന്ധിച്ച് അടുത്ത മാസം 24ന് തലസ്ഥാനമായ കീവിലേക്ക് സന്ദര്‍ശനം നടത്തുമെന്നാണ് സൂചന. മോദിയുടെ റഷ്യന്‍ സന്ദര്‍ശനം പാശ്ചാത്യ രാജ്യങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് ഈ ആലോചന.
പോളണ്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കീവിലേക്ക് പോകാനാണ് സാധ്യതയെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. യുക്രെയിന് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ നേരത്തെ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി ക്ഷണിച്ചിരുന്നു. യുക്രെയിന് ദേശീയ ദിനമായ ഓഗസ്റ്റ് 24നോ അതിനു ശേഷമോ മോദി യുക്രെയിനിലെത്താനാണ് സാധ്യത.
മോദിയുടെ റഷ്യാ സന്ദര്‍ശനം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. നാറ്റോ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് റഷ്യയിലെത്തി മോദി പുടിനെ ആലിംഗനം ചെയ്തത്, സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായെന്ന് യുക്രെയിന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി തുറന്നടിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് വന്‍ കുറ്റവാളിയെയാണ് ആലിംഗനം ചെയ്തുവെന്നും സെലന്‍സ്കി കുറ്റപ്പെടുത്തി. പിന്നാലെ റഷ്യ യുക്രെയിന് സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി തുറന്ന ചര്‍ച്ച നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കുട്ടികള്‍ ഉള്‍പ്പടെ മരിക്കുന്നത് വേദനാജനകമെന്നും സംഘര്‍ഷം തീര്‍ക്കണമെന്ന് പുടിനോട് ആവശ്യപ്പെട്ടുവെന്നും മോദി പരസ്യമായി പറഞ്ഞു.
റഷ്യന്‍- യുക്രെയിന് യുദ്ധത്തിനുശേഷം മോദി കീവിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദര്‍ശനമാണിത്. രാജ്യങ്ങളിലേക്ക് സമാധാനം കൊണ്ടുവരാനുളള ആഗോള ശ്രമങ്ങളുടെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. പുതിയ നീക്കവുമായി ബന്ധപ്പെട്ട് ഇതുവരെയായിട്ടും രണ്ട് രാജ്യങ്ങളില്‍ നിന്നും ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ മാസം 14ന് ഇറ്റലിയിലെ അപുലിയയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് മോദി സെലന്‍സ്കിയുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കാനാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അന്ന് അറിയിച്ചത്.
യുക്രെയിനിലെ സ്ഥിതിഗതികളെക്കുറിച്ചും സ്വിറ്റ്സര്‍ലാന്‍ഡ് ആതിഥേയത്വം വഹിക്കുന്ന ഉച്ചക്കോടിയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. നയതന്ത്രത്തിലൂടെയും സമാധാനപരമായും പ്രശ്നം പരിഹരിക്കാമെന്ന പ്രോത്സാഹനം ഇന്ത്യ തുടരുകയാണെന്നും മോദി അറിയിച്ചു.കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ വച്ചുനടന്ന ജി7 ഉച്ചകോടിയിലും മോദിയും സെലന്‍സ്കിയും കൂടിക്കാഴ്ച നടത്തിയിരുന്നു.